ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; വാര്‍ണറും വാട്സനും നേര്‍ക്കുനേര്‍

By Web DeskFirst Published Apr 4, 2017, 11:13 PM IST
Highlights

ഹൈദരാബാദ്: ഐപിഎല്ലിന്റെ പത്താം പതിപ്പിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. ക്യാപ്റ്റന്‍ വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും ഇല്ലാതെ ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സിനെ മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സനാണ് നയിക്കുക.

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പത്താം സീസണില്‍ പല പ്രമുഖ താരങ്ങളും പരുക്കുമൂലം കളിക്കുന്നില്ല. 47 ദിവസം നീണ്ടുനില്‍ക്കുന്ന ഐ പി എല്ലില്‍ ‍ആകെ 60 മത്സരങ്ങളാണുള്ളത്.

ഉദ്ഘാടനച്ചടങ്ങുകള്‍ എട്ടിടത്ത്

കുട്ടിക്രിക്കറ്റിലെ പെരുംപൂരമായ ഐപിഎല്ലിന്റെ പ്രധാന സവിശേഷതളില്‍ ഒന്നാണ് ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളും നൃത്തവും സംഗീതവും എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാരും ഒത്തുചേരുന്ന കലാവിരുന്ന്. പത്താം സീസണിലെ ഉദ്ഘാടന ചടങ്ങിലുമുണ്ട് സവിശേഷകള്‍. മുന്‍  വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എട്ട് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.

ഓരോ ടീമുകളുടെയും ആദ്യ ഹോം മത്സരത്തിന് മുന്‍പാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ആദ്യത്തേത് ബുധനാഴ്ച ഹൈദരാബാദില്‍.ബാംഗ്ലൂര്‍-ഹൈദരാബാദ് മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് എന്നിവരെ ബിസിസിഐ ആദരിക്കും.

ബംഗളൂരു, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, പൂനെ, രാജ്കോട്ട് എന്നിവിടങ്ങളിലായിരിക്കും മറ്റ് ഉദ്ഘാടന ചടങ്ങുകള്‍. ഓരോ നഗരത്തിന്റെയും സാംസ്കാരിക പൈതൃകം ഉള്‍ക്കൊണ്ടാവും ചടങ്ങുകള്‍. എല്ലായിടത്തും ബോളിവുഡ് താരങ്ങളുടെയും ഗായകരുടെയും സാന്നിധ്യമുണ്ടാവും

click me!