സ്മിത്ത് ടോസിടാന്‍ ഒരു ക്യാപ്റ്റന്‍; കളി ധോണിയും രോഹിത്തും തമ്മില്‍

By Web DeskFirst Published May 21, 2017, 11:54 AM IST
Highlights

ഹൈദരാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിന് കെട്ടുകെട്ടിച്ച് ഫൈനലില്‍ കടന്നതോടെ ഐപിഎല്‍ ഫൈനല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനിയും തമ്മിലുള്ള പോരാട്ടമായി ആരാധകര്‍ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്.  ധോനി അംഗമായ പൂനെ റൈസിംഗ് സ്റ്റാര്‍സിനെ നയിക്കുന്നത് സ്മിത്താണെങ്കിലും ട്വന്റി20 റെക്കോഡ് വെച്ച് നോക്കുന്ന ആരാധകര്‍ ഈ സ്മിത്ത് ആരാണെന്ന് പോലും ചോദിക്കുന്നു. 

ഇത്തവണ രണ്ടു പ്രാവശ്യവും രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിനെ സ്മിത്തിന്റെ ആര്‍പിഎസ് തോല്‍പ്പിച്ചിരുന്നു. പുതിയ ചാമ്പ്യനെ തേടുന്ന ഐപിഎല്ലിന്റെ ചരിത്രം പത്താം വര്‍ഷത്തില്‍ എത്തിനില്‍ക്കേ ധോനിയും രോഹിതും ഇതുവരെ ആറ് ട്വന്റി20 കിരീടങ്ങളിലാണ് പങ്കാളിയായിട്ടുള്ളത്. ഇവരെ ഒഴിച്ച് നോക്കിയാല്‍ ഈ നേട്ടമുള്ളത് ഗുജറാത്ത് ലയണ്‍സ് നായകനും ധോനിയുടെ സിഎസ്‌കെയിലെ പഴയ താരം രവിചന്ദ്ര അശ്വിനുമാണ്. ഫൈനല്‍ ധോനി ജയിച്ചാലും രോഹിത് ജയിച്ചാലും അത് ഏഴാം കിരീടനേട്ടമാകും.

ഐപിഎല്ലും ചാമ്പ്യന്‍സ് ലീഗും രണ്ടു തവണ വീതം ജയിച്ചിട്ടുള്ള ധോനി ലോകകപ്പിലും ഏഷ്യാകപ്പിലും നായകനായിരുന്നു. മൂന്ന് തവണ ഐപിഎല്ലും ഒരു ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുള്ള രോഹിത് ലോകകപ്പിലും ഏഷ്യാകപ്പിലും കിരീട പങ്കാളിയായിരുന്നു. ഇതിനൊപ്പം മറ്റ് ചില കൗതുകങ്ങള്‍ കൂടിയുണ്ട്. 

വെള്ളിയാഴ്ച കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിനെ ഫൈനലിലേക്ക് നയിച്ചപ്പോള്‍ 3000 റണ്‍സ് നേട്ടമാണ് രോഹിത് മറികടന്നത്. ഇക്കാര്യത്തില്‍ റെയ്‌നയാണ് രോഹിതിന്റെ മുന്‍ഗാമി. എല്ലാ സീസണിലും 300 റണ്‍സ് വീതം സ്‌കോര്‍ ചെയ്യാന്‍ റെയ്‌നയ്ക്ക് സാധിച്ചു. രണ്ടുപേരും ഉജ്വലമായി കളിച്ച് വിമര്‍ശകരുടെ നാവടക്കിയിരിക്കെ ഞായറാഴ്ചത്തെ ഫൈനല്‍ ആര് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ നോട്ടം. അതിനിടയില്‍ ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവ് സ്മിത്തിന് എന്തു കാര്യം?

click me!