ട്രഷറി വകുപ്പിൽ വീണ്ടും തിരിമറി; അക്കൗണ്ടിൽ ഉള്ളതിനേക്കാൾ തുക പിൻവലിച്ചു

By Web TeamFirst Published Dec 4, 2020, 8:15 AM IST
Highlights

ഒരു മാസത്തിനിടയിൽ നടത്തിയ പരിശോധനയിലാണ് അധികതുക പിൻവലിച്ച കാര്യം ട്രഷറി വകുപ്പ് അറിയുന്നത്. ഇത് പോലെയായിരുന്നു വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പ്. 

തിരുവനന്തപുരം: ലക്ഷങ്ങളുടെ സാമ്പത്തികത്തട്ടിപ്പ് നടന്നതിന് പിന്നാലെ ട്രഷറി വകുപ്പിൽ വീണ്ടും തിരിമറി അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ നിന്ന് ഇടപാടുകാരൻ പിൻവലിച്ചു. അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പലിശ കൂട്ടുന്നതിലെ സാങ്കേതിക പ്രശ്നമാണുണ്ടായതെന്നുമാണ് ട്രഷറി ഡയറക്ടറേറ്റിന്റെ വിശദീകരണം.

തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ കഴിഞ്ഞ മാസം അഞ്ചിന് നടന്ന ഇടപാടാണിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 594846 രൂപയുള്ള അക്കൗണ്ടിൽ നിന്ന് 5,99,000 രൂപയാണ് പിൻവലിച്ചത്. അധികമായി പിൻവലിച്ചത് 4154 രൂപ. ഓവർഡ്രാഫ്റ്റ് സൗകര്യമില്ലാത്ത അക്കൗണ്ടിൽ നിന്നാണ് അധികം തുക പിൻവലിച്ചത്. ഒരു മാസത്തിനിടയിൽ നടത്തിയ പരിശോധനയിലാണ് അധികതുക പിൻവലിച്ച കാര്യം ട്രഷറി വകുപ്പ് അറിയുന്നത്. ഇത് പോലെയായിരുന്നു വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പ്. പണമൊന്നിമില്ലായിരുന്ന അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ പിൻവലിച്ചത്. 

ഒരു ജീവനക്കാരനെ പിരിച്ച് വിട്ടെങ്കിലും സോഫ്റ്റ്‍വെയറിലെ സാങ്കേതിക പിഴവായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നുമാണ് അന്ന് ട്രഷറി ഡയറക്ടറേറ്റ് വിശദീകരിച്ചത്. എന്നാൽ ഈ പ്രശ്നം പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് ട്രഷറി ഡയറക്ടറേറ്റിന്റെ നിലപാട്. പലിശ കൂട്ടുന്നതിലെ പിഴവാണ് ഉണ്ടായതെന്നാണ് വകുപ്പ് പറയുന്നത്.  ഈ പിഴവ് പരിഹരിക്കാൻ എൻഐസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രഷറി വകുപ്പ് വിശദീകരിക്കുന്നു. പിഴവിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ധനവകുപ്പ് ഇതിന് തയ്യാറല്ല. 

click me!