സ്പ്രിംക്ലറിന് ഉപാധി വച്ച് ഹൈക്കോടതി: ബിസിനസിന് ഡാറ്റ ഉപയോഗിക്കരുത്, സര്‍ക്കാര്‍ നടപടിയിൽ അതൃപ്തി

By Web TeamFirst Published Apr 24, 2020, 3:05 PM IST
Highlights

'ഇന്ന് ഒരു കൊച്ചുകൊച്ചിന്‍റെ ജീവനാണ് നഷ്ടമായത്. പരസ്പരം കുറ്റം പറയാനുള്ള സമയമല്ലിത്', എന്ന് ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതി. സ്പ്രിംക്ളറുമായുള്ള കരാർ നീട്ടാൻ ആവശ്യമെന്ന് തോന്നിയാൽ നീട്ടാനാണ് തീരുമാനമെന്ന് സർക്കാർ കോടതിയിൽ. 

കൊച്ചി:  സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി. പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്ന്‌ കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം ഫയലിൽ സ്വീകരിച്ച കോടതി കേസുകൾ 3 ആഴ്‍ച്ച കഴിഞ്ഞു പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ഉപാധികളോടെ സ്പ്രിംക്ലറിന് വിവര ശേഖരണം തുടരാമെന്നും കോടതി പറഞ്ഞു. ഇനി മുതൽ വ്യക്തികളുടെ വിവരം ശേഖരണം  രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവു. കരാർ കാലാവധി കഴിഞ്ഞാൽ മുഴുവൻ ഡേറ്റയും സ്പ്രിംക്ലര്‍ തിരിച്ചു നൽകണം. 

സര്‍ക്കാര്‍ നടപടികളിലും കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടിയിലും കരാറിലും അതൃപ്തിയുണ്ടെന്ന് കോടതി പറഞ്ഞു. എന്തു കൊണ്ട് സ്പ്രിംക്ലര്‍ എന്നും, എങ്ങനെ സ്പ്രിംക്ലറിലേക്ക് എത്തിയതെന്നും കോടതി ചോദിച്ചു. 

ബിഗ് ഡാറ്റാ വിവരശേഖരണം സംബന്ധിച്ച് നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നത് പോലെ കേരളത്തെ കോടതിയിലും കേന്ദ്രസർക്കാർ എതിർത്തു. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വിവരശേഖരണത്തിന് കേന്ദ്ര ഏജൻസി സജ്ജമാണെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, കേന്ദ്രത്തെ കേരളം സഹായം തേടി സമീപിച്ചിരുന്നോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു  മറുപടി. കേന്ദ്രം സഹായിക്കാൻ തയ്യാറാണെന്ന് പറയുമ്പോൾ എന്തുകൊണ്ട് സംസ്ഥാനസർക്കാർ അതിന് ശ്രമിക്കുന്നില്ല എന്ന് കോടതി ചോദിച്ചു. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും, ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെയും ഹർജികളും, ഒരു സ്വകാര്യവ്യക്തി കരാറിനെ എതിർത്തും നൽകിയ ഹർജികളാണ് നിലവിൽ ഹൈക്കോടതി പരിഗണിക്കുന്നത്. മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷകയായ എൻ എസ് നപ്പിന്നൈയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

എന്തുകൊണ്ട് സ്പ്രിംക്ളറിനെത്തന്നെ കരാറിനായി തെര‍ഞ്ഞെടുത്തു എന്നും, മറ്റൊരു ഏജൻസിയെയോ, കമ്പനികളെയോ പരിഗണിച്ചില്ല എന്നുമായിരുന്നു രാവിലെ ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹ‍ർജി പരിഗണിച്ചത് 

അതേസമയം, സ്പ്രിംക്ളറുമായുള്ള കരാർ സെപ്റ്റംബർ വരെയാണെന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാദത്തിൽ കേരളം കോടതിയെ അറിയിച്ചു. സൗജന്യസേവനമാണ് സർക്കാരിന് നിലവിൽ ലഭിക്കുന്നത്. അഞ്ച് മാസത്തേക്കാണ് നിലവിൽ ഈ സേവനം സ്വീകരിക്കുന്നത്. എന്നാൽ ഇത് ആവശ്യമെങ്കിൽ നീട്ടും. സെപ്റ്റംബർ കഴിഞ്ഞാലും സ്പ്രിംക്ളറിന്‍റെ സേവനം ആവശ്യമാണെന്ന് മനസ്സിലാവുകയാണെങ്കിൽ അത് തുടരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എങ്കിൽ അത് ഇപ്പോഴേ ചെയ്തുകൂടേ എന്ന് കോടതി ചോദിച്ചു. അഞ്ച് മാസം കഴിഞ്ഞാൽ കമ്പനി സൗജന്യസേവനം തുടരുമോ അതോ പണം നൽകിയാണോ സേവനം തുടരുകയെന്നും കോടതി ആരാഞ്ഞു. 

Read more at: എന്തുകൊണ്ട് സ്പ്രിംക്ലര്‍ തന്നെ? ഡാറ്റാ കൈമാറ്റ കരാറിൽ സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

സ്വകാര്യതയ്ക്ക് സംരക്ഷണമുണ്ട്

വ്യക്തികളുടെ പേരും വിലാസവും കമ്പനിക്ക് നൽകുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഒരാളുടെ വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തൂസൂക്ഷിക്കുന്നുണ്ട്. ഫോൺ നമ്പർ ആണ് ഒരാളുടെ യുണീക്ക് ഐഡിയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. അതെങ്ങനെ ഒരാളുടെ ഫോൺ നമ്പർ കൊടുക്കാനാകും എന്ന് കോടതിയുടെ ചോദ്യം. അതും മാസ്ക് ചെയ്യാൻ സാധിക്കുമെന്നും, ആ വിവരങ്ങൾ കമ്പനിയുടെ പക്കലെത്തുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

കോടതിയിൽ രാവിലെ നടന്നത്

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റ കൈമാറ്റം ചെയ്യാൻ ഉണ്ടാക്കിയ കരാറിൽ സര്‍ക്കാര്‍ കാര്യങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. അടിയന്തര സാഹചര്യം എന്നാൽ പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാൻ സ്പ്രിംക്ലര്‍ മാത്രമേ ഉള്ളോ എന്നായിരുന്നു  കോടതിയുടെ മറുചോദ്യം. ഐടി സെക്രട്ടറി സ്വകാര്യ ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞത് ശ്രദ്ധേയമായി.

കോടതി ഉന്നയിച്ച ചോദ്യങ്ങൾ 

  • എന്തുകൊണ്ട് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തു?
  • അമേരിക്കൻ കമ്പനിയാണ് ഡാറ്റ ശേഖരിക്കുന്നതെന്ന വിവരം ജനങ്ങളോട് മറച്ച് വച്ചോ ? 
  • വിവര ചോർച്ച ഉണ്ടായോ ഇല്ലയോ എന്ന്‌ പറയാൻ ആകുമോ ?
  • ഡാറ്റ ചോർച്ച ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പ് പറയും ? 
  • ഏപ്രിൽ 4 വരെ ഡാറ്റ ചോർന്നില്ല എന്ന്‌ പറയാനാകുമോ?
  • മൂന്നാമതൊരു കക്ഷിയെ ഇതിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതെന്ത്? പല കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യാതിരുന്നതെന്ത്? 
  • ഐടി വകുപ്പ് നിയമ വകുപ്പിന്‍റെ അനുമതി തേടാത്തത് എന്തുകൊണ്ട് ? 
  • അഞ്ച് ലക്ഷം പേരുടെ ഡാറ്റ ബിഗ് ഡാറ്റ ആകുന്നതെങ്ങനെ ? 
  • ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ സംവിധാനങ്ങളില്ലേ ? 
  • സ്പ്രംക്ലറിനെ കരാര്‍ ഏൽപ്പിക്കാൻ എന്തിനായിരുന്നു തിടുക്കം ? 
  • അസാധാരണ സാഹചര്യങ്ങൾ പ്രശ്നം ഉണ്ടാക്കാനുള്ളതാണോ ?
  •  ഇന്ത്യൻ ടെക്നോളജി എന്ത് കൊണ്ട് ഉപയോഗിച്ചില്ല ?

കരാറിനെ കുറിച്ചല്ല വ്യക്തി വിവരം ചോരുന്നതിൽ ആണ് ആശങ്ക എന്നും വിവരശേഖരണത്തിന്റെ രഹസ്യ സ്വഭാവത്തിനാണ് പ്രധാന്യമെന്നും കോടതി പറഞ്ഞു. മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഷാഷകയാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാൻ കോടതിയിലെത്തിയത്. ലോ സെക്രട്ടറി ഉത്തരവ് അനുസരിച്ചാണ് ഹാജരാകുന്നതിന് അഭിഭാഷക എന്‍.എസ്. നാപ്പിനൈ കോടതിയിൽ പറഞ്ഞു. 

Read more at: സ്പ്രിംക്ലർ കേസ് വാദിക്കാൻ കേരള ഗവൺമെന്റ് മുംബൈയിൽ നിന്നിറക്കിയ സൈബർ ലോ വക്കീൽ ആരാണ്?

കോടതിയിൽ സര്‍ക്കാര്‍ വാദങ്ങൾ

  • സ്വകാര്യത വിഷയത്തിൽ കോടതിയുടെ അധികാര പരിധി പ്രശ്നം അല്ല 
  • ഡാറ്റ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ് 
  • ആമസോൺ ക്‌ളൗഡ്‌ സെർവറിൽ ആണ് ഡാറ്റ ശേഖരിക്കുന്നത്
  • ഡാറ്റാ ചോർച്ച ഉണ്ടായാൽ ഇന്ത്യയിൽ കേസ് കൊടുക്കാം 
  • സ്പ്രിംക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായിരുന്നു 
  • അടിയന്തര സാഹചര്യം ആണ് ഇത്തരം ഒരു നടപടിയിലേക്ക് പോകാൻ കാരണം
  • 2018 ഐടി കോൺക്ലേവിൽ സ്പ്രിംക്ലര്‍ ഉണ്ടായിരുന്നു 
  • സ്പ്രിംക്ലര്‍ തെരഞ്ഞെടുപ്പ്  ഐടി കോൺക്ലേവിലെ പരിചയം വച്ച് 
  • ഐടി സെക്രട്ടറി ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ല 
  • സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തത് വിശ്വാസ്യത പരിഗണിച്ച് 

കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന്  ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. ആശാ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ  കരാർ പോലും ഇല്ലായിരുന്നു  എന്നും രമേശ്‌ ചെന്നിത്തലക്ക് വേണ്ടി അഭിഭാഷൻ കോടതിയിൽ പറഞ്ഞു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാൻ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്‍റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.  

തത്സമയസംപ്രേഷണം:

click me!