'അന്നവര്‍ വിട്ടോളാന്‍ പറഞ്ഞു', ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ വിധി വാങ്ങിയ ഫഹീമ പറയുന്നു

By Prabeesh bhaskarFirst Published Sep 19, 2019, 9:09 PM IST
Highlights

മൊബൈൽ ഫോണും ഇന്‍റർനെറ്റും ഉപയോഗിക്കുന്നത് ആർക്കും വിലക്കാനാകില്ലെന്ന് ഹൈക്കോടതി വിധി ചര്‍ച്ചയാവുകയാണ്. സുപ്രധാന വിധിയിലേക്കെത്തിച്ചത് ചേളന്നൂർ എസ്എൻ കോളേജ് വിദ്യാർത്ഥിനി ഫഹീമ ഷിറിൻ ഹൈക്കോടതിയില്‍ നൽകിയ ഹർജിയാണ്.

കൊച്ചി: മൊബൈൽ ഫോണും ഇന്‍റർനെറ്റും ഉപയോഗിക്കുന്നത് ആർക്കും വിലക്കാനാകില്ലെന്ന് ഹൈക്കോടതി വിധി ചര്‍ച്ചയാവുകയാണ്. സുപ്രധാന വിധിയിലേക്കെത്തിച്ചത് ചേളന്നൂർ എസ്എൻ കോളേജ് വിദ്യാർത്ഥിനി ഫഹീമ ഷിറിൻ ഹൈക്കോടതിയില്‍ നൽകിയ ഹർജിയാണ്. തന്‍റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ അലിഖിത നിയമത്തിന് പൂട്ടിട്ടതിനൊപ്പം ഹോസ്റ്റലിന്‍റെ വാതിലുകളും ഫഹീമയ്ക്ക് മുന്നില്‍ തുറക്കുകയാണ്.

ബിഎ ഇംഗ്ലിഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഫഹീമ.  മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ചൂണ്ടികാട്ടി കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട ഫഹീമ ഹോസ്റ്റലിലെ വിലക്കിനെ കുറിച്ചും തുടര്‍ന്നുള്ള നിയമ പോരാട്ടത്തെ കുറിച്ചും പറയുന്നു...

ഫഹീമയുടെ വാക്കുകള്‍....

കോളേജില്‍ അഡ്മിഷന്‍ എടുത്തതിന് പിന്നാലെ തന്നെ ഹോസ്റ്റലിലെ ഈ നിയന്ത്രണങ്ങളും വിഷയമായിരുന്നു. ആദ്യം ഇത്തരം നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് പറ‍ഞ്ഞിരുന്നെങ്കിലും പിന്നീട് സമയക്രമം മാറ്റിയും മറ്റും മൊബൈല്‍ ഫോണിനും ലാപ്ടോപ്പിനും അടക്കം നിയന്ത്രണം കൊണ്ടുവന്നു. ഇത് ചോദ്യം ചെയ്യാന്‍ നിരവധി പേരുണ്ടായിരുന്നു. 

നിയന്ത്രണങ്ങള്‍ വേണ്ടെന്ന് ആദ്യം തീരുമാനിച്ച ഹോസ്റ്റല്‍ അധികൃതര്‍ തീരുമാനം മാറ്റിയതിന് പിന്നില്‍ വിചിത്രമായ മറ്റൊരു കാരണവും പറഞ്ഞു. ചില കുട്ടികളുടെ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചാല‍് മാത്രമേ ഹോസ്റ്റലില്‍ നിര്‍ത്തുള്ളൂ എന്ന് പറഞ്ഞുവത്രേ.. പിജി സ്റ്റുഡന്‍റ്സിനോട് ആദ്യം വാങ്ങിക്കാറില്ലായിരുന്നു. പിന്നീട് അവരോടും വാങ്ങിവയ്ക്കാന്‍ തുടങ്ങി...

ആദ്യം ഇതിനെതിരെ പ്രിന്‍സിപ്പാളിനോട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പരാതി പറയാന്‍ പോയി. എന്നാല്‍ പരാതി വാങ്ങിയില്ലെന്ന് മാത്രമല്ല, നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തവര്‍ ഹോസ്റ്റല്‍ വിട്ടോളാനും പറഞ്ഞു. പിന്നീട ഞാന്‍ പരാതിയുമായി പോയപ്പോഴും സമാനമായ മറുപടി കിട്ടി. ചില കോടതി വിധികളും നിയമവും സൂചിപ്പിച്ച് സംസാരിച്ചപ്പോള്‍ ഇങ്ങനെ നിയമം പറയുന്നവരൊന്നും ഹോസ്റ്റലില്‍ വേണ്ടെന്ന് പറഞ്ഞു പറഞ്ഞുവിട്ടു. 

പ്രിന്‍സിപ്പാള്‍ തന്നെയായിരുന്നു ഹോസ്റ്റല്‍ വാര്‍ഡനും. അതുകൊണ്ടുതന്നെ പ്രതിഷേധം അറിയിച്ച കുട്ടികളുടെ രക്ഷിതാക്കളോടെ വരാനായിരുന്നു പറഞ്ഞത്. പല കുട്ടികളും രക്ഷിതാക്കളെ വരുത്താന്‍ തയ്യാറായില്ല. എന്നാല്‍ എന്‍റെ ഉപ്പ പൂര്‍ണ പിന്തുണ നല്‍കി. ഉപ്പ തന്നെയാണ് കേസ് കൊടുക്കാന്‍ പറഞ്ഞത്.  'യുവര്‍ ലോയേസ് ഫ്രന്‍റ്' എന്ന സംഘടനയുടെ സഹായത്തോടെയാണ് ഹൈക്കോടതിയില് കേസ് നല്‍കിയത്. ലെജിത്ത് ടി കോട്ടയ്ക്കല്‍, സൂര്യ ബിനോയ്, സ്നേഹ വിജയന്‍ തുടങ്ങിയ അഭിഭാഷകരാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. 

ഇത്തരമൊരു വിധി വന്നതിലും ചര്‍ച്ചയാതിലും വളരെ സന്തോഷമുണ്ട്. ഹോസ്റ്റലിലേക്ക് തന്നെ തിരിച്ചുപോകും. അവിടെയുള്ള റൂംമേറ്റ്സും മറ്റ് അധ്യാപകരും എല്ലാം നല്ല സപ്പോര്‍ട്ടാണ്. പല കോളേജുകളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. ആവശ്യമുള്ളവര്‍ക്ക് പഠിക്കാനും മറ്റുമായി ഫോണും ലാപ്പും എല്ലാം ഉപയോഗിക്കാന്‍ കഴിയണം. രക്ഷിതാക്കളുടെ ചിന്താഗതിയാണ് ഇക്കാര്യത്തില്‍ മാറേണ്ടത്. ഈ സന്തോഷത്തിന് എന്‍റെ ഉപ്പ( ഹക്സര്‍)യോടാണ് ആദ്യാവസാനം നന്ദി പറയേണ്ടത്.

click me!