ഒന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയായി 'സ്ത്രീധന നിരോധന നിയമം'; സംഭവിക്കുന്നത് ഇത്

By Web TeamFirst Published Jun 22, 2021, 1:45 PM IST
Highlights

 ഇന്ത്യന്‍ ചരിത്രത്തില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ പാസാക്കിയ മൂന്ന് ബില്ലുകളെയുള്ളൂ, അതില്‍ ഒന്നാണ് 1961ലെ സ്ത്രീധന നിരോധന നിയമം, 1984 ല്‍ ഭേദഗതി ചെയ്യുകയും ചെയ്ത ഈ നിയമത്തിന്‍റെ സംരക്ഷണം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സ്ത്രീധനം എന്ന ഏര്‍പ്പാട് സര്‍വ്വസാധാരണമാകുന്നതും, അതിന്‍റെ പേരില്‍ ദാരുണമായ മരണങ്ങള്‍ നടക്കുന്നതും.

കേരളത്തില്‍ ഒരോ സ്ത്രീധന പീഡനങ്ങളും, അത് മൂലം ഉണ്ടാകുന്ന മരണങ്ങളും ചര്‍ച്ചയാകുന്ന കാലത്ത് സജീവചര്‍ച്ചയില്‍ വരുന്ന വിഷയമാണ് 'സ്ത്രീധന നിരോധന നിയമം'. ഇന്ത്യന്‍ ചരിത്രത്തില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ പാസാക്കിയ മൂന്ന് ബില്ലുകളെയുള്ളൂ, അതില്‍ ഒന്നാണ് 1961ലെ സ്ത്രീധന നിരോധന നിയമം, 1984 ല്‍ ഭേദഗതി ചെയ്യുകയും ചെയ്ത ഈ നിയമത്തിന്‍റെ സംരക്ഷണം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സ്ത്രീധനം എന്ന ഏര്‍പ്പാട് സര്‍വ്വസാധാരണമാകുന്നതും, അതിന്‍റെ പേരില്‍ ദാരുണമായ മരണങ്ങള്‍ നടക്കുന്നതും.?, ഇപ്പോഴും പ്രഹേളികയായി തുടരുന്ന ഈ കാര്യത്തിലേക്ക് കടന്നാല്‍ സാമൂഹ്യമായും, സാന്പത്തികമായും ഏറെ കാരണങ്ങളുണ്ടെന്ന് കാണുവാന്‍ സാധിക്കും. 

എന്താണ് സ്ത്രീധനം, വാങ്ങിയാലും കൊടുത്താലും ശിക്ഷയെന്ത്?

സ്ത്രീധന നിരോധന നിയമപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധന. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ച കാര്യമാണ്. കേന്ദ്ര സർക്കാര്‍ 1961-ൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത്. 1984 ല്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വന്നിട്ടുണ്ട്. വിവാഹച്ചിലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. 

ഭാവിയിൽ വിവാഹമോചന സമയത്തും മറ്റും തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വഹകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് ആയത് സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം പറയുന്നു. സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കാരാറുകൾ നിലനില്‍ക്കുന്നതല്ലെന്ന് നിയമം വ്യക്തമാക്കുന്നു.

സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റംചുമത്തിയ വ്യക്തിക്ക് ശിക്ഷ ലഭിക്കുക ഐപിസി പ്രകാരമാണ്, ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 498 എ - സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം, 304ബി-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, വകുപ്പ് 406 സ്ത്രീധനപീഡനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്‍ക്കുന്നു. എന്നിവയാണ് ചുമത്തുന്ന വകുപ്പുകള്‍. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ, ഇതില്‍ ഏതാണ് കൂടുതല്‍, ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെനീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ലഭിക്കാം. മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്. സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ  5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷയോ അനുഭവിക്കേണ്ടിവരും.  

നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും, ഒത്തുതീര്‍പ്പുകള്‍‌ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍‌പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.

കേരളത്തിലെ 'സ്ത്രീധന കേസുകള്‍'

2019 ലെ പ്രഖ്യാപനം അനുസരിച്ച് അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തെ സ്ത്രീധന മുക്തമാക്കും എന്ന പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തിയതായി കാണാം. നടന്‍ ടൊവീനോ തോമസിനെ ബ്രാന്‍റ് അംബാസിഡറാക്കി കേരള സര്‍ക്കാര്‍ വനിത ശിശുക്ഷേമ വകുപ്പ് ക്യാംപെയിനും ആരംഭിച്ചിരുന്നു. നവംബര്‍ 26 സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ദിനമായും ആചരിക്കുന്നുണ്ട്. ഇത്തരം നടപടികള്‍ നടക്കുമ്പോഴും ഗാര്‍ഹിക പീഡന കേസുകള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നത് വര്‍ഷം 3,000 എണ്ണം എന്ന തോതിലാണ്. ഇതില്‍ സ്ത്രീധന സംബന്ധിയായ മരണങ്ങള്‍ സര്‍ക്കാര്‍ റെക്കോഡ് പ്രകാരം വര്‍ഷം 15 എന്ന രീതിയിലാണ്. 

ഇന്ത്യയില്‍ വര്‍ഷം 8,000 മരണങ്ങള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഈ മരണങ്ങളുടെയെല്ലാം യഥാര്‍ത്ഥ കാരണമാണ് സ്ത്രീധനം എന്ന് പറയാന്‍ സാധിക്കില്ല. ഐപിസി 304-എ വകുപ്പ് പ്രകാരം ഒരു പെണ്‍കുട്ടി ഭര്‍ത്ത്ഗൃഹത്തില്‍ അസ്വഭാവികമായ രീതിയില്‍ മരണപ്പെട്ടാല്‍ സ്ത്രീപീഡന മരണത്തിന് ഭര്‍ത്ത് വീട്ടുകാര്‍ക്കെതിരെ കേസ് വരും. പലപ്പോഴും ഇത്തരം കേസില്‍ സ്ത്രീധന പ്രശ്നവും കടന്ന് വന്നേക്കാം. പക്ഷെ സ്ത്രീപീഡന മരണങ്ങള്‍ ഇന്ത്യയില്‍ കുറവല്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

കേരളത്തിലെ സര്‍ക്കാര്‍ തലത്തിലെ സ്ത്രീധനത്തിനെതിരായ പ്രചാരണങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന ആന്വേഷണത്തില്‍. ഇത്തരം സ്ത്രീധന പീഡന പരാതികള്‍ പറഞ്ഞുള്ള കേസുകള്‍ ഈ ബോധവത്കരണത്തിന്‍റെ ഭാഗമായി കൂടുന്നുണ്ടെന്നും. യുവജനങ്ങള്‍ക്കിടയില്‍ സ്ത്രീധന വിരുദ്ധമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് കേരള സര്‍ക്കാര്‍ വനിത ശിശുക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു. 

സ്ത്രീധന നിരോധന നിയമം എന്ത് കൊണ്ട് സംരക്ഷണം നല്‍കുന്നില്ല

കൊടുക്കുന്നവരും വാങ്ങുന്നവരും ഒരു പോലെ പ്രതികളാകുന്ന നിയമം എന്നതിനാല്‍ തന്നെ ആരാണ് പരാതി നല്‍കുക എന്ന പ്രതിസന്ധി തന്നെയാണ് പലപ്പോഴും സ്ത്രീധന നിരോധന നിയമം ഒരു വിവാഹത്തിന്‍റെ പ്രരംഭ ഘട്ടത്തില്‍ തന്നെ പ്രയോഗിക്കപ്പെടാത്തതിന്‍റെ കാരണമായി നിയമവിദഗ്ധര്‍ പറയുന്നത്. പലപ്പോഴും സ്ത്രീധനമായി നല്‍കുന്ന തുക തങ്ങളുടെ മക്കളുടെ ഭാവിയിലേക്കുള്ള തുകയാണ് എന്നാണ് പല മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അത് ഒരു ദുരന്തത്തിലേക്ക് പോകുന്പോഴാണ് നല്‍കിയ പണത്തിന്‍റെ അല്ലെങ്കില്‍ പാരിതോഷികത്തിന്‍റെ പ്രശ്നം പലരും മനസിലാക്കുന്നത്. ഇതിനെല്ലാം അപ്പുറം സാമൂഹ്യവും, മതപരവുമായ കാര്യങ്ങളും നിലനില്‍ക്കുന്നു. പലപ്പോഴും സമൂഹത്തിലെ അന്തസ് വീട്ടിലെ വിവാഹ നടത്തിപ്പിന്‍റെ കെട്ടിലും മട്ടിലും, വധുവിന്‍റെ ആഭരണത്തിന്‍റെ അളവിലും, കല്ല്യാണ സ്ഥലത്ത് അലങ്കരിച്ച് നിര്‍ത്തിയ പുത്തന്‍കാറുമാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ട്. അതിനാല്‍ തന്നെ സ്ത്രീധനം കൊടുക്കലും വാങ്ങലും ഒരു ക്രിമിനല്‍ കുറ്റമായി സമൂഹത്തിലെ വലിയ വിഭാഗം കാണുന്നില്ല. അത്രയും കരുതാത്ത സമൂഹത്തില്‍ അതിനെതിരായ ഉപയോഗം എത്രത്തോളം വരുമെന്നതില്‍ സംശയമില്ല. 

ഒരു പെണ്‍കുട്ടിയുടെ മരണം നടന്നാല്‍ പിന്നീട് സംഭവിക്കുന്നത് മരണത്തിന്‍റെ കാരണമായോ, പ്രേരണയായോ ചേര്‍ക്കുന്ന ഐപിസി വകുപ്പുകള്‍ക്ക് ബലം പകരാനുള്ള കുറ്റങ്ങളായി സ്ത്രീധന നിരോധന നിയമം നിയമം മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്നത്തെകാലത്ത് കുടുംബ കോടതിയില്‍ അടക്കം വിവാഹമോചനവുമായി ബന്ധപ്പെട്ട് വരുന്ന പല കേസുകളിലും കാരണമായി പറയുന്നത് ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം, അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ എന്നൊക്കെയാണ്. പലതിലും സ്ത്രീധനം എന്ന കാര്യമാണ് പ്രശ്നമാകുന്നത് എന്ന് വ്യക്തമാണ്. പക്ഷെ അത് ശിക്ഷ കിട്ടുന്ന വകുപ്പ് അയതിനാലും, വേഗം വിവാഹമോചനം ആവശ്യമായതിനാലും അത് തുറന്ന് പറയില്ല, ഹൈക്കോടതി അഭിഭാഷകയായ അഡ്വ. നിസ ഫാസിൽ പറയുന്നു.

സര്‍ക്കാറിനും ഇതില്‍ ചെയ്യാന്‍ ചിലതുണ്ട്. 1961 ല്‍ പാസാക്കിയ നിയമമാണ് സ്ത്രീധന നിരോധന നിയമം 8ബി വകുപ്പ് അനുസരിച്ച് ഒരോ സംസ്ഥാനവും ഒരു 'ഡൌറി പ്രൊഹിബിഷന്‍ ഓഫീസറെ' നിയമിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ ആ രീതിയില്‍ ഒരു സംസ്ഥാനവും നീങ്ങിയിട്ടില്ല. ഇതിനെല്ലാം പുറമേ 2017 ജൂലൈയില്‍ സ്ത്രീധന പീഡന കേസിലെ അറസ്റ്റ് സംബന്ധിച്ച് ലഘൂകരണം നടത്തുന്ന  രീതിയില്‍ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2018 സെപ്തംബറില്‍ സുപ്രീംകോടതിക്ക് തന്നെ അത് തിരുത്തേണ്ടി വന്നു. ഇത്തരം നിയമപരമായ ഇടപെടലുകളും സ്ത്രീധനത്തിനെതിരെ നടത്തേണ്ടിവരുന്ന അവസ്ഥയാണ് ഇന്നുള്ളത്.

click me!