Latest Videos

സ്വര്‍ണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തം, പിണറായി രാജിവെയ്ക്കണമെന്ന് കെ മുരളീധരൻ

By Web TeamFirst Published Jul 9, 2020, 10:47 AM IST
Highlights

'ചാരക്കേസിൽ, ചാരമുഖ്യൻ  കെ.കരുണാകരൻ രാജിവെക്കണം എന്ന് സിപിഎം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വർണ്ണ മുഖ്യനായ പിണറായി രാജിവെക്കണം'

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ.  മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ മാറ്റിയതിലൂടെ ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി രാജി വെക്കണം. കേസ് സിബിഐ അന്വേഷിച്ചാൽ എല്ലാം തെളിയും. സോളാർ ഉൾപ്പെടെ ഏത് കേസ് സർക്കാർ പൊടി തട്ടിയെടുത്താലും സ്വർണ്ണക്കേസിലെ വസ്തുതകൾ പുറത്ത് വരണം. ഇല്ലെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. 

നേരത്തെ ചാരക്കേസിൽ, ചാരമുഖ്യൻ  കെ.കരുണാകരൻ രാജിവെക്കണം എന്ന് സിപിഎം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വർണ്ണ മുഖ്യനായ പിണറായി രാജിവെക്കണം. ശിവശങ്കറിനെ സ്വപ്നക്കായി സഹായിക്കുന്ന ഒരു വിംഗ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സ്വന്തം ഓഫീസ്, വകുപ്പ് എന്നിവയിൽ നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബർ സ്റ്റാമ്പാണ്? സ്വർണ്ണം എങ്ങോട്ട് കൊണ്ടു പോകുന്നു എന്ന് പോലും ഇന്‍റലിജൻസ് അറിഞ്ഞില്ല. മുഖ്യമന്ത്രിയും അറിഞ്ഞില്ല. ഇതോടെ സ്വന്തം ഓഫീസുമായി ബന്ധപ്പെട്ട ദൂഷിത വലയത്തിന്‍റെ തടവുകാരനായി. അതിനാൽ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അതിനിടെ വിമാനത്താവള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമ‍ർപ്പിച്ചു. ഇന്നലെ രാത്രി വൈകി ഈ ഫയലിങ് മുഖാന്തരം ആണ് ഹർജി നൽകിയത്. അതിനാൽത്തന്നെ ഹൈക്കോടതിയുടെ പരിഗണനാ വിഷയത്തിൽ ജാമ്യഹർജി ഉൾപ്പെടുത്തിയിട്ടില്ല. ഹൈക്കോടതി രജിസ്ട്രി ഇന്ന് ഹ‍ർജി പരിഗണിച്ചശേഷമാകും ജാമ്യം പരിഗണിക്കുന്ന ബെഞ്ചിലേക്ക് അയക്കുക. കസ്റ്റംസ് സ്വപ്നക്കായി വ്യാപകമായി തെരച്ചിൽ തുടങ്ങിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

 

click me!