'സമയം വേണം', കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശന പ്രക്രിയ വലയ്ക്കുന്നു; പരാതിയില്‍ ഒടുവില്‍ പരിഹാരം

By Web TeamFirst Published Jul 12, 2019, 6:10 PM IST
Highlights

കേരളാ യുണിവേഴ്സിറ്റിയിലെ ഡിഗ്രി പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി ലിസ്റ്റ് ബുധനാഴ്ച രാത്രിയാണ് പുറത്തുവന്നത്. വെള്ളിയാഴ്ചക്കകം കുട്ടികള്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം എന്ന അറിയിപ്പുമുണ്ടായിരുന്നു

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശന പ്രക്രിയയിലെ സമയക്കുറവിനെതിരെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. ഒന്നാം ഘട്ട അഡ്മിഷന്‍ സമയത്തും പ്രവേശനം നേടാന്‍ കുട്ടികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സപ്ലിമെന്‍ററി ലിസ്റ്റിന് പിന്നാലെയും സമയക്കുറവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

കേരളാ യുണിവേഴ്സിറ്റിയിലെ ഡിഗ്രി പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി ലിസ്റ്റ് ബുധനാഴ്ച രാത്രിയാണ് പുറത്തുവന്നത്. വെള്ളിയാഴ്ചക്കകം കുട്ടികള്‍ അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം എന്ന അറിയിപ്പോടെയായിരുന്നു അത്. ഒരു കോളേജില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഹയര്‍ ഓപ്ഷന്‍ മാര്‍ക്ക് ചെയ്ത ക്രമമനുസരിച്ച് പുതിയ കോളേജില്‍ പ്രവേശനം ലഭിക്കുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നതെന്ന് അധ്യാപകന്‍ വ്യക്തമാക്കി.

ഉദാഹരണമായി ചേര്‍ത്തലയിലെ ഒരു കോളേജില്‍ അഡ്മിഷന്‍ നേടിയ കുട്ടിക്ക് ഹയര്‍ ഓപ്ഷനായി നെടുമങ്ങാട് കോളേജില്‍ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രശ്നം എത്രത്തോളം സങ്കീര്‍ണമാണെന്ന് വ്യക്തമാകും. കുട്ടി ചേര്‍ത്തല കോളേജില്‍ നിന്ന് ടി സി അടക്കം വാങ്ങിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നെടുമങ്ങാട് കോളേജിലെത്തി പ്രവേശനം നേടേണ്ടതുണ്ട്. അഡ്മിഷന്‍ പ്രക്രിയ നടക്കുന്ന ചേര്‍ത്തല കോളേജില്‍ നിന്ന് ടി സി വാങ്ങി കുട്ടി നെടുമങ്ങാട് കോളേജില്‍ എത്തുകയെന്നത് വലിയ വെല്ലുവിളിയാകും. മറ്റ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നം അതിലും സങ്കീര്‍ണമാണ്. രണ്ട് ദിവസം കൊണ്ട് ഒരു യൂണിവേഴ്സിറ്റിയില്‍ നിന്ന് മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേരള യൂണിവേഴ്സിറ്റില്‍ നിന്ന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അടക്കം വാങ്ങി വേണം പ്രവേശനത്തിന് ഹാജരാകേണ്ടി വരിക.

കേവലം രണ്ട് ദിവസംകൊണ്ട് ഒരു കോളേജില്‍ നിന്ന് ടി സി വാങ്ങി മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുക്കേണ്ടിവരുന്ന കുട്ടികളെല്ലാം ഇത്തരം പ്രശ്നം നേരിടുകയാണ്. സമയക്രമം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഭാവി തന്നെ അവതാളത്തിലാകും എന്ന ഭയത്തിലാണ് ഇവര്‍. അധ്യാപകരും സമാന പ്രശ്നം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ആവശ്യത്തിന് സമയം ലഭിക്കാത്തതിനാല്‍ നിരവധി കുട്ടികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയക്ക് പുറത്താകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ പ്രക്രിയയിലെ സമയക്കുറവെന്ന പ്രശ്നം കാരണം നിരവധി കോളേജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും അവര്‍ ചൂണ്ടികാട്ടി.

പ്ലസ്ടു കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികളില്‍ എല്ലാവരും ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ കാര്യത്തില്‍ മുന്നിലാണെന്ന് പറയാനാകില്ല. ഇത്തരക്കാര്‍ പലപ്പോഴും അക്ഷയ സെന്‍ററുകളെയാണ് ആശ്രയിക്കുക. ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് പോലും പലര്‍ക്കും അറിയണമെന്നില്ല. അത്തരം കുട്ടികളാകട്ടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ അഡ്മിഷന്‍ നേടേണ്ടിവരുമ്പോള്‍ വലിയ വെല്ലുവിളിയാകും നേരിടുക. അങ്ങനെയുള്ളവര്‍ക്ക് സമയം കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ ഒരു വര്‍ഷം നഷ്ടമാകുമെന്നതാണ് പ്രശ്നം.

യൂണിവേഴ്സിറ്റിയില്‍ നേരിട്ടും അല്ലാതെയും പരാതികള്‍ അറിയിച്ചിട്ടും ഫലമൊന്നുമുണ്ടാകില്ലെന്ന പരാതിയും വിദ്യാര്‍ഥികളും  അധ്യാപകരും മുന്നോട്ട് വയ്ക്കുന്നുണ്ട്. യൂണിവേഴ്സിറ്റി അഡ്മിഷന്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന മറുപടിയും സമാനമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അഡ്മിഷന്‍ സെല്ലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച വരെ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം കോളേജുകളെ അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

click me!