കേരള സർവ്വകലാശാലയിൽ അധ്യാപകരുടെ കൂട്ട തട്ടിപ്പ്; 20 അധ്യാപകരുടെ ബിരുദത്തിൽ ദുരൂഹത

By Web TeamFirst Published Nov 3, 2020, 8:03 AM IST
Highlights
  • യൂണിവേഴ്സിറ്റ് കോളേജ് ഓഫ് എൻജിനീയറിംഗിലെ 20 അധ്യാപകരുടെ ബിരുദത്തിൽ ദുരൂഹത
  • ഒരേസമയം അധ്യാപനവും റെഗുലർ എംടെക്ക് പഠനവും നടത്തിയതിന്‍റെ രേഖകൾ പുറത്ത്
  • തമിഴ്നാട്ടിൽ റെഗുലർ കോഴ്സ് നടത്തവെ ശമ്പളവും കൈപ്പറ്റി, പരീക്ഷ എഴുതിയ ദിവസങ്ങളിലും ഹാജർ ബുക്കിൽ ഒപ്പിട്ടു

തിരുവനന്തപുരം: കേരള  സർവ്വകലാശാലക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകരുടെ കൂട്ടത്തട്ടിപ്പ്. ഒരേ കലയളവിൽ അധ്യാപനം നടത്തി ശമ്പളം കൈപ്പറ്റുകയും തമിഴ്നാട്ടിലെ കോളേജുകളിൽ നിന്നും എം ടെക് പഠനവും നടത്തിയാണ് സർവ്വകലാശാലയെ കബളിപ്പിച്ചത്. തമിഴ്നാട്ടിൽ പരീക്ഷ എഴുതിയ ദിവസങ്ങളിലും അധ്യാപകർ കൊളെജിലെത്തി ഒപ്പിട്ടത് കണ്ടെത്തിയിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ല..ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

കേരള സർവ്വകലാശാലയുട നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റി കൊളേജ് ഓഫ് എൻജിനീയറിംഗ്. റെഗുലർ എംടെക്കും ബിടെക്കുമാണ് അധ്യാപന യോഗ്യത. ഇവിടത്തെ പകുതിയോളം അധ്യാപകരും അമാനുഷിക കഴിവുള്ളവരാണോ എന്ന ചോദ്യമാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ഉയരുന്നത്.

കോളേജിലുള്ളത് കരാർ വ്യവസ്ഥയിൽ നാൽപത്തിയഞ്ച് അധ്യാപക‍ർ. ബിടെക് അടിസ്ഥാന യോഗ്യതയായിരുന്നപ്പോൾ പ്രവേശിച്ചവരാണ് ഭൂരിഭാഗവും. കരാർ അധ്യാപകർക്ക്  എം.ടെക്ക് നിർബന്ധമാക്കിയതോടെ 21പേർ തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കൊളെജിൽ പ്രവേശനം നേടി. ഒരേ സമയം പഠിപ്പിക്കുകയും  പഠിക്കുകയും പരീക്ഷയെഴുതുകയും ചെയതതിന്‍റെ തെളിവാണ് ഈ വിവരാവകാശ രേഖകൾ. 

ഒരു ഉദാഹരണം ഇങ്ങനെ. അണ്ണാസർവ്വകലാശാലയുടെ കമ്പ്യൂട്ടർ സയൻസ് ആന്‍റ് എൻജിനീയറിംഗ് പരീക്ഷാ ടൈംടേബിളാണിത്.  2014 നവംബർ 26നും ഡിസംബർ 3നും അഞ്ചിനും പരീക്ഷകൾ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ പരീക്ഷ എഴുതിയ ഈ അധ്യാപിക ഈ ദിവസങ്ങളിൽ  കാര്യവട്ടത്തെ കോളേജിലും  ഹാജരായി ഒപ്പിട്ടു. ഐടി ഡിപ്പാർട്ട്മെന്‍റിലെ ഏഴ് അധ്യാപകർ കമ്പ്യൂട്ടർ സയൻസിലെ എട്ട് അധ്യാപകർ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷനിലെ നാല് പേർ സിവിൽ പഠിപ്പിക്കുന്ന ഒരധ്യാപിക അങ്ങനെ 20പേരുടെ പഠനത്തിലും പഠിപ്പിക്കലിലും പരാതികളുയർന്നു. 

ഈ 20 അധ്യാപകരും ശമ്പളം കൈപ്പെറ്റിയതിന്‍റെ രേഖകൾ പരിശോധിച്ചാലും റെഗുലർ എംടെക്ക് പഠനം സാധ്യമല്ല. സർവ്വകലാശാല നടത്തിയ പരിശോധനയിൽ മൂന്ന് അധ്യാപകർ ഒരെ ദിവസം പരീക്ഷ എഴുതിയതും കൊളേജിൽ ഒപ്പിട്ടതും വിചിത്രമായ കാരണങ്ങൾ നിരത്തി സമ്മതിച്ചു. തുടർന്ന് ആദ്യം പരാതി ഉയർന്ന എട്ട് അധ്യാപകർക്കെതിരെ നടപടിയെടുത്തു. എന്നാൽ 2017ൽ സ്റ്റേ വാങ്ങി.തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും മൂന്ന് വർഷമായി സ്റ്റേ നീക്കി നിയമനടപടി തുടരാൻ സർവ്വകലാശാലയും തയ്യാറായില്ല

ക്രമക്കേട് നടത്തിയെന്ന് സർവ്വകലാശാല തന്നെ കണ്ടെത്തിയ അധ്യാപകർ പഠിപ്പിക്കുമ്പോൾ യോഗ്യരായ അധ്യാപകരുടെ അവസരവും അടഞ്ഞു. അവധി ദിനങ്ങളിൽ പഠനം നടത്തിയെന്നാണ് അധ്യാപകരുടെ വാദം എന്നാൽ കിട്ടിയത് റഗുലർ പഠനത്തിലെ സർട്ടിഫിക്കറ്റും. വിവാദ നിഴലിലെ കരാർ അധ്യാപർക്ക് സർവ്വകലാശാല ഇതുവരെ നൽകിയ ശമ്പളം മൂന്ന് കോടിയിലേറെ.

click me!