'അന്തിമറിപ്പോർട്ട് കിട്ടി', സ്ഥിരീകരിച്ച് ധനമന്ത്രി, വികസനം തടയാൻ നീക്കമെന്ന് ആരോപണം

By Web TeamFirst Published Nov 17, 2020, 12:14 PM IST
Highlights

കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്

തിരുവനന്തപുരം: സിഎജി റിപ്പോ‍ർട്ട് പ്രസിദ്ധപ്പെടുത്തിയതിൽ ചട്ടലംഘനം തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സ‍ർക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സിഎജി റിപ്പോർട്ട് എന്നും ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയിൽ വ്യക്തമാക്കി. 

കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നം സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്നം. സിഎജി റിപ്പോർട്ട് പുറത്തുവിട്ടതിൽചട്ടലംഘനം ഉണ്ടെങ്കിൽ അതു പരിശോധിക്കാം ആ ചട്ടലം​ഘനം നേരിടാൻ താൻ തയ്യാറാണ്. ഇവിടെ വിഷയം കേരളത്തിൻ്റെ വികസനം അട്ടിമറിക്കപ്പെടുന്നുവെന്നതാണ്. പുതിയ റിപ്പോർട്ടിലെ സിഎജിയുടെ നിഗമനങ്ങളോട് യുഡിഎഫ് യോജിക്കുന്നുണ്ടോ എന്നാണ് താൻ ചോദിക്കുന്നതെന്നും അതിനിതു വരെ മറുപടി വന്നിട്ടില്ലെന്നും ഐസക് പറഞ്ഞു.

കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പയല്ല. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ്. ഈ ബാധ്യത സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയല്ല. സിഎജി ഓഡിറ്റ് നടക്കുമ്പോൾ കിഫ്ബി എടുത്ത ആകെ വായ്പ മൂവായിരം കോടി രൂപയാണ്. അതിനേക്കാളേറെ തുക സംസ്ഥാന വിഹിതമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

തോമസ് ഐസകിൻ്റെ വാക്കുകൾ - 

സിഎജി റിപ്പോ‍ർട്ട് അന്തിമമാവട്ടെ അല്ലെങ്കിൽ കരടാവട്ടെ അതല്ല ഇവിടെ വിഷയം. എന്താണ് സിഎജിയുടെ കണ്ടെത്തൽ? അതെങ്ങനെ കേരളത്തെ ബാധിക്കും? ഇതാണ് വിഷയം. ഇന്ന് കേരളത്തിലങ്ങോളം ഇങ്ങോളം നി‍ർമ്മാണം ആരംഭിച്ച രണ്ടായിരത്തോളം സ്കൂളുകൾ, അവിടെ വിന്യസിക്കുന്ന ഐടി ഉപകരണങ്ങൾ, താലൂക്കാശുപത്രികളുടെ പുന‍ർനിർമ്മാണം. ആയിരക്കണക്കിന് കിലോമീറ്റ‍ർ നീളം വരുന്ന റോ‍ഡുകൾ, കെ ഫോൺ പദ്ധതി, കേരളത്തിലെ വൈദ്യുതിക്ഷാമം എന്നേക്കുമായി പരിഹിക്കാൻ സാധിക്കുന്ന ട്രാൻസ്​ഗ്രിഡ്, വ്യവസായ പാ‍ർക്കുകൾ.. ഇങ്ങനെ ഏവ‍ർക്കും വേണ്ട കേരളം മുഴുവനായി നടപ്പാക്കേണ്ട പദ്ധതികളെ അട്ടിമറിക്കാനുള്ള വഴിയാണ് സിഎജി ഒരുക്കുന്നത്. 

ഈ ​ഗുരുതര വിഷയത്തിൽ യുഡിഎഫിൻ്റെ നിലപാട് എന്താണ് എന്നാണ് നാല് ദിവസമായി ഞാൻ ചോദിക്കുന്നത്. എന്നാൽ അന്നേരം സിഎജി റിപ്പോ‍ർട്ട് അന്തിമമാണോ അതോ കരടാണോ എന്നാണ് ച‍ർച്ച ചെയ്യുന്നത്. എന്താണ് സിഎജി എടുത്ത നിലപാട്. ഒന്ന് കിഫ്ബിയുടെ വായ്പകൾ ഓഫ് ബജറ്റാണ്. അതായത് ബജറ്റിൽ വരാത്ത രീതിയിലാണ് കിഫ്ബി വായ്പ എടുക്കുന്നത്. ഇത് രാജ്യത്തെ പല സ‍ർക്കാരുകളും ചെയ്യുന്നുണ്ട്. 

രണ്ടാമത്തെ ആരോപണം ഈ വായ്പ ബാധ്യത സ‍ർക്കാരിന് പ്രത്യക്ഷത്തിൽ വരുന്നതാണ്. അതായത് സ‍ർക്കാർ വായ്പ എടുക്കുന്നതിന് തുല്യമാണിത്. കേന്ദ്രസ‍ർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾ വായ്പ എടുക്കരുതെന്ന് ഭരണഘടന നി‍ർദേശത്തിൻ്റെ ലംഘനമാണ് എന്നാണ് അടുത്ത വാദം. വിദേശവായപ് കേന്ദ്രസ‍ർക്കാരിൻ്റെ അധികാരത്തിൽ വരുന്നതാണെന്നും അതു കിഫ്ബി ലംഘിക്കുന്നുവെന്നും ആണ് അടുത്ത ആരോപണം. 

ഇതിനുള്ള എൻ്റെ മറുപടി ഇതാണ്. ബജറ്റിൽ ഞാൻ പ്രഖ്യാപിച്ച പദ്ധതികളാണ് കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നത്. മോട്ടോ‍ർ വാഹന നികുതിയും പെട്രോൾ സെസും കിഫ്ബി ഫണ്ടിലേക്കാണെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം കിഫ്ബി എടുക്കുന്ന വായ്പകളെല്ലാം സ‍ർക്കാർ തിരിച്ചടയ്ക്കണം എന്നതാണ്. കിഫ്ബിയ്ക്ക് തനതു വരുമാനം ഇല്ലാത്തതിനാൽ ഈ ബാധ്യത സ‍ർക്കാരിൻ്റെ തലയിൽ വരും എന്നാണ് ആരോപണം. ഇപ്പോ പ്രത്യക്ഷ ബാധ്യതയില്ല. 

നാളെ സർക്കാരിൽ നിന്നുള്ള വരുമാനത്തിനും അപ്പുറം പദ്ധതികൾക്ക് കിഫ്ബി ഫണ്ടിം​ഗ് നടത്തിയാൽ അതൊരു പ്രതിസന്ധിയാവും എന്നാണ് അടുത്ത ആരോപണം. ആനുവറ്റി എന്ന സാമ്പത്തിക മോഡലാണ് ഇത്. യുഡിഎഫ് സ‍ർക്കാരിൻ്റെ കാലത്ത് തിരുവനന്തപുരം ന​ഗരത്തിലെ റോ‍ഡുകൾ നവീകരിച്ചത് ഈ മോഡൽ അനുസരിച്ചാണ്. പദ്ധതികളുടെ കരാറുകാരന് 15 വ‍ർഷം കഴിഞ്ഞാണ് തുക കിട്ടുക. ആ കാലഘട്ടത്തിലേക്കുള്ള പലിശയും പദ്ധതിയുടെ മെയിൻ്റൻസിനും കണക്കാക്കി ഒരു തുക കരാറുകാരൻ ചാ‍ർജ് ചെയ്യുന്നു. ഇതാണ് ഈ മോഡൽ. ബജറ്റിൽ എല്ലാ വ‍ർഷവും ഇതിനായി തുക സ‍ർക്കാർ വകയിരുത്തും. 

യുഡിഎഫ് സ‍ർക്കാരിൻ്റെ കാലത്ത് ഈ പദ്ധതി നടപ്പാക്കിയപ്പോൾ ഇത്തരം ബാധ്യതകൾ ഇല്ലായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കിഫ്ബിയുമായി വന്നപ്പോൾ അനാവശ്യ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. അസറ്റ് ലെയബളിറ്റി മാനേജ്മെൻ്റ് സിസ്റ്റം പ്രകാരമാണ് കിഫ്ബി വായ്പ എടുക്കുന്നത്. അടുത്ത 15-20 വ‍ർഷം എന്തു വരുമാനമാണ് സർക്കാരിന് കിട്ടുക. നിലവിൽ കിഫ്ബി നടപ്പാക്കുന്ന പദ്ധതികളിൽ 25 ശതമാനം വരുമാനം ഉണ്ടാവുന്ന പദ്ധതികളാണ്. 

വിശദമായ റിപ്പോ‍ർട്ടുകൾ തയ്യാറാക്കി പരിശോധിച്ച ശേഷമാണ് കിഫ്ബി ഒരോ പദ്ധതിയും അം​ഗീകരിക്കുന്നത്. വായ്പ എടുത്ത തുകയുടെ തിരിച്ചടവ് എത്ര വരും എന്ന് കിഫ്ബി കൃത്യമായി പരിശോധിക്കും. സിഎജി ചെയ്യേണ്ടത് ഈ മോഡലിൽ വല്ല തെറ്റുമുണ്ടോ എന്നു പറയുകയാണ് വേണ്ടത്. ഭാവി ബാധ്യതകൾ കിഫ്ബിയിൽ റിഫ്ലക്ട് ചെയ്യുന്നില്ല എന്നാണ് സിഎജി പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഈ ആരോപണം അവ‍ർ ഉന്നയിക്കുന്നത്. ഇതൊരു കോ‍ർപ്പറേറ്റ് ബോഡിയാണ്. നിയമം ഉണ്ടാക്കിയപ്പോൾ തന്നെ അക്കാര്യം പറയുന്നുണ്ട്. 

ഇവിടെ സംസ്ഥാന സർക്കാരല്ല കിഫ്ബി ഈ കോർപ്പറേറ്റ് ബോ‍ഡിയാണ് വായ്പ എടുക്കുന്നത്. കോ‍ർപ്പറേറ്റ് ബോഡിക്ക് വായ്പ എടുക്കാമോ എന്ന് ആ‍ർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിദേശവായ്പയ്ക്ക് കേന്ദ്രാനുമതി എന്ന വാദം അവിടെ നിൽക്കട്ടെ. ഇനി ഇതൊക്കെ പോട്ടെ ഇത്തരം ആശങ്കയോ സംശയമോ സിഎജിക്ക് ഉണ്ടെങ്കിൽ എന്തു കൊണ്ട് അതിൽ വ്യക്തത വരുത്തിയില്ല. 

കരട് റിപ്പോ‍ർട്ട് അയച്ചപ്പോൾ ഇല്ലാത്ത കാര്യം എങ്ങനെയാണ് ഇപ്പോൾ വരുന്നത്. എത്ര വലിയ ​ഗൂഢാലോചനയാണ് കേരളത്തിനെതിരെ നടക്കുന്നത്. എജിയും കേരള സർക്കാരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാം. എന്നാൽ അദ്ദേഹം പോലും പറയാത്ത കാര്യങ്ങളാണ് ഡൽഹിയിൽ നിന്നും എഴുതി പിടിപ്പിച്ചു വിട്ടത്. 

ഹൈക്കോടതിയിൽ നിന്നാണ് ചില വിവരം എനിക്ക് കിട്ടിയത്. കാണുന്ന ചെറിയ കളിയല്ല ഇത്. കേരള സംസ്ഥാനത്തെ വെട്ടിലാക്കാനും തക‍ർക്കാനുമുള്ള വമ്പൻ ​ഗൂഢാലോചനയാണ് ഇത്. ഇതുവരെ ചർച്ച ചെയ്യാത്ത ഒരു കാര്യം എക്സിറ്റ് മീറ്റിം​ഗിൽ പറയാത്ത ഒരു കാര്യം ഏകപക്ഷീയമായി എഴുതി ചേർക്കുകയാണ് ഇവിടെ ചെയ്തത്. കഴിഞ്ഞ 4,5 ദിവസമായി ഇതിനുള്ള മറുപടി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ ഒരു പ്രൊസീജയറിൻ്റെ പ്രശ്നമല്ല. കേരളത്തിൻ്റെ വികസനത്തിൻ്റെ തന്ത്രത്തിൻ്റെ ഭാ​ഗമാണ്. പല തർക്കങ്ങളും ഉണ്ടാവും 99-ൽ തുടങ്ങിയതാണ് ഇത്. യുഡിഎഫും എൽഡിഎഫും ഭരിച്ചിട്ടുണ്ട്. 

എല്ലാ വികസനവും തടയാനുള്ള ശ്രമമാണ്. സിഎജി ഒരു കാര്യവും ചർച്ച ചെയ്യുന്നില്ല. സിഎജിയുടെ കരട് റിപ്പോ‍ർട്ടിൽ പരാമർശിക്കാത്ത കാര്യമാണ് അന്തിമ റിപ്പോർട്ടിൽ വന്നത്.  കേന്ദ്ര നിർദ്ദേശം പ്രകാരം ചില കൂട്ടിച്ചേർക്കലുകൾ അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്. എല്ലാ കീഴ് വഴക്കങ്ങളും മറികടന്ന് ആണ് ഓഡിറ്റ് നടത്തിയത്. സംസ്ഥാന സ‍ർക്കാരുമായി ചർച്ച ചെയ്ത കാര്യമാണ് അന്തിമ റിപ്പോ‍ർട്ടിൽ വരുന്നത്. അതാണ് കീഴ്വഴക്കം. അത് കൊണ്ടാണ് അന്തിമ റിപോർട്ട് ആണെന്ന നിഗമനത്തിൽ എത്തിയത്. കിഫ്ബിയിലെ അവിശ്വാസം ഒരു ഘട്ടത്തിലും സിഎജി സ‍ർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടില്ല. 

നിയമസഭയിൽ എത്തും മുൻപ് സിഎജിയുടെ അന്തിമറിപ്പോർട്ട് പുറത്തു വിട്ടത് ചട്ടലം​ഘനമാണെങ്കിൽ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല. ഇവിടെ കാതലായ പ്രശ്നം കേരളത്തിൻ്റെ വികസനമാണ്. കരട് ആണെന്ന് കരുതി മറുപടി തയ്യാറാക്കി വരിക ആയിരുന്നു. 

ടെൻഡർ വഴിയാണ് വേണു​ഗോപാൽ ഓഡിറ്ററായി വന്നത്. അന്തർദേശീയ നിലവാരം ഉറപ്പാക്കി ആണ് ഓ‍ഡിറ്ററെ കൊണ്ടു വന്നത്. വിദഗ്ധർ നോക്കിയാണ് വേണുഗോപാലിൻ്റെ സ്ഥാപനത്തെ ഏൽപ്പിച്ചത്. വായ്പകളുടെ പലിശ മാറിക്കൊണ്ടിരിക്കും. 13 ശതമാനത്തിനാണ് വായ്പ എടുത്തത്. മസാല ബോണ്ട് കൊണ്ടുവന്നത് വെല്ലുവിളി ആയിരുന്നു. ഡയറക്ടർ ബോർഡിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. എല്ലാവരും ഒരു അഭിപ്രായത്തിൽ എത്തണം എന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ വിശ്വാസ നേടേണ്ടത് ആവശ്യമായിരുന്നു.

click me!