മാടമ്പ് കുഞ്ഞുക്കുട്ടന് വിട; സംസ്ക്കാരം പൂര്‍ണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു

By Web TeamFirst Published May 11, 2021, 5:00 PM IST
Highlights

 മാടമ്പ് അരങ്ങൊഴിയുന്നതൊടെ, എല്ലാ അർത്ഥത്തിലും ബഹുമുഖപ്രതിഭയെന്ന ഒരു തിടമ്പുകൂടിയാണ് മാഞ്ഞുപോകുന്നത്.

തൃശ്ശൂര്‍: അന്തരിച്ച സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍റെ സംസ്ക്കാരം പൂര്‍ണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. മാടമ്പ് അരങ്ങൊഴിയുന്നതൊടെ, എല്ലാ അർത്ഥത്തിലും ബഹുമുഖപ്രതിഭയെന്ന ഒരു തിടമ്പുകൂടിയാണ് മാഞ്ഞുപോകുന്നത്. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിിയല്‍ ചികിത്സയിലായിരുന്ന മാടമ്പിന്‍റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് വഷളായത്. അ‍ർബുദരോഗത്തിനും‍ ചികിത്സയിലായിരുന്നു അദ്ദേഹം.

1941 ജൂണ്‍ 23 ന് തൃശ്ശൂര്‍ കിരാലൂരിലാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജനനം. സംസ്കൃതത്തിനൊപ്പം പൂമുളളി മനയിൽ നിന്ന് ആന ചികിത്സയിൽ വൈദഗ്ധ്യം നേടി. ആനകളുടെ ലക്ഷണ ശാസ്ത്രത്തിൽ മാടമ്പിന്റെ മികവ് ആനപ്രേമികൾക്ക സുപരിചിതം. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലിനോക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്നിവയുൾപ്പെടെ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 

മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരം നേടിയ കരുണം, ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റ കഥപറഞ്ഞ ദേശാടനം എന്നിവ മാടമ്പ് ശൈലിയുടെ ഉദാഹരണങ്ങൾ മാത്രം. എഴുത്തിനൊപ്പം അഭിനയത്തിലും തന്റതന്നെ വഴി മാടമ്പ് കണ്ടെത്തിയിരുന്നു. കെ ആർ മോഹനന്റെ അശ്വധമയിൽ നായകനായി തിളങ്ങി. ഭ്രഷ്ട്, പരിണയം, കരുണം, മകൾക്ക്, തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങളിലെത്തി. അതിനിടെ രാഷ്ട്രീയത്തിലേക്കും വേഷപ്പകർച്ച മാടമ്പ് നടത്തി. ഇടത് പുരോഗമന സഹയാത്രികനായിരുന്ന മാടമ്പ് പിന്നീട് ബിജെപി സ്ഥാനാർത്ഥിയായി. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് തോറ്റു. രാഷ്ട്രീയ ചുവടുമാറ്റവും ഏറെ ചർച്ചയായിരുന്നു. 

click me!