Published : Dec 28, 2023, 06:24 AM ISTUpdated : Dec 31, 2023, 07:42 AM IST

Malayalam News Highlights: കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ ഇനിയും കാറിന് പുറത്തിറങ്ങും

Summary

അയോധ്യ രാമക്ഷേത്ര ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും ​ഗവർണർ ചോദിച്ചു. ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വന്നപ്പോഴാണ് ​ഗവർണറുടെ പ്രതികരണം.

Malayalam News Highlights: കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ ഇനിയും കാറിന് പുറത്തിറങ്ങും

07:34 PM (IST) Dec 28

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം വേണം; കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

രാഷ്ട്രീയ അധഃപതനത്തിന്‍റെ പ്രതീകമായി മാറിയെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്ഥാവനക്കെതിരെ മറിയകുട്ടി രംഗത്ത്. താന്‍ ഭിക്ഷാടന സമരം നടത്താന്‍  കാരണം സിപിഎമ്മാണെന്നും പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിട്ടും സിപിഎം തിരിഞ്ഞുനോക്കിയില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്ത. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് സഹായിച്ചെങ്കില്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം  നടത്തുന്ന വര്‍ഗ്ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് ചോദിച്ച മറിയക്കുട്ടി, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

07:33 PM (IST) Dec 28

'ബാബരി പള്ളി പൊളിച്ച് അമ്പലം പണിത് ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപി, നിരസിക്കാൻ കോൺ​ഗ്രസിനാവുന്നില്ല':സിപിഐ

ബാബറി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിത് അതിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയാണ് ബിജെപിയെന്നും ആ ക്ഷണം നിരസിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ലെന്നും സിപിഐ സസംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. അത്തരം ക്ഷണം നിരസിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു. എന്നാൽ ആ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഉറങ്ങുമ്പോൾ കോൺഗ്രസ് ആയിരുന്നവർ ഉണരുമ്പോൾ ബിജെപിയാകുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ്വിശ്വം. 

07:33 PM (IST) Dec 28

പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറാവുന്നില്ല, എല്ലാ സംവിധാനങ്ങളിലും ബിജെപി കൈകടത്തുന്നു: രാഹുൽ ഗാന്ധി

രാജ്യത്തെ സ്വാതന്ത്രത്തിന് മുൻപുള്ള രാജ ഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗ്‌പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുള്ളതാണ് മഹാറാലി. പ്രധാനമന്ത്രിയെയും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.

07:32 PM (IST) Dec 28

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല, ഇനിയും പറയും, ക്രിസ്ത്യൻ മിഷണറിമാരോടും പറഞ്ഞിട്ടുണ്ട്: മന്ത്രി

ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങൾക്കെതിരെ താൻ പറഞ്ഞത് മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല. ക്രിസ്ത്യൻ മിഷനറിമാർ ഇത്തരം പ്രസ്താവന നടത്തിയപ്പോളും നിലപാട് പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പരസ്യ പ്രസ്താവന നിയന്ത്രിക്കപ്പെടേണ്ടതാണ്. ഇങ്ങനെ ന്യൂനപക്ഷങ്ങൾക്ക് പ്രവർത്തിക്കാവുന്ന ഏത് സംസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

12:08 PM (IST) Dec 28

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടർ ലോറിയിലിടിച്ചു, റിട്ട. പൊലീസുദ്യോഗസ്ഥൻ മരിച്ചു

ആലുവ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തിൽ റിട്ടയേഡ് എസ്. ഐ. മരണമടഞ്ഞു. ചെങ്ങമനാട് എസ്. ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫാണ് (65) മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

12:06 PM (IST) Dec 28

കുസാറ്റ് അപകടം അന്വേഷണ റിപ്പോർട്ട് തള്ളി കുസാറ്റ് എംപ്ലോയീസ് യൂണിയൻ

മൂന്ന് വിദ്യാർത്ഥികളുൾപ്പടെ നാല് പേരുടെ ജീവനെടുത്ത കൊച്ചി കുസാറ്റ് അപകടത്തിലെ ഉപസമിതി അന്വേഷണ റിപ്പോർട്ട് തള്ളി 
കുസാറ്റ് എംപ്ലോയീസ് യൂണിയൻ. റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്നും ചിലരെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഉപസമിതി അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും വിശദീകരണം ചോദിച്ച് നടപടി അവസാനിപ്പിക്കാൻ ശ്രമമെന്നും ആരോപണമുയരുന്നു. 

11:27 AM (IST) Dec 28

'കോൺഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകം നിലപാട്'

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. 

11:27 AM (IST) Dec 28

'കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വം'

യോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നതിൽ നിലപാട് എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.

11:26 AM (IST) Dec 28

വിജയകാന്ത് അന്തരിച്ചു, മരണം കൊവിഡ് ചികിത്സയില്‍ തുടരവെ

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിജയകാന്ത് അന്തരിച്ചു

10:31 AM (IST) Dec 28

പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

ബത്തേരിക്കടുത്ത് സിസിയിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു. പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവയാണ് വനംവകുപ്പ് വ്യക്തമാക്കി. നാട്ടിൽ ഇറങ്ങിയത് ആൺ കടുവയാണ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു.

10:31 AM (IST) Dec 28

ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം

ഭീഷണിയുണ്ടെന്ന് ഇസ്രായൽ എംബസി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. രണ്ട് മാസം മുൻപാണ് മുന്നറിയിപ്പ് നൽകിയത്. സുരക്ഷ വർധിപ്പിക്കണമെന്നും ഇസ്രായേൽ എംബസി ആവശ്യപ്പെട്ടിരുന്നു.

08:55 AM (IST) Dec 28

'രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ്', രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകം; മറിയക്കുട്ടിക്കെതിരെ സിപിഎം

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം. ഇന്നത്തെ യുഡിഎഫിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.'രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

08:54 AM (IST) Dec 28

'ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ നടപടി ഉറപ്പ്', മോദിയുടെ ഇടപെടലിൽ ബ്രിജ് ഭൂഷണ് ബിജെപി താക്കീത്

ഗുസ്തി താരങ്ങൾ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ  ബ്രിജ് ഭൂഷണ് താക്കീത് നൽകി ബിജെപി. ഗുസ്തി ഫെഡറേഷനിൽ ഇനി ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദേശീയ തലത്തിൽ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബിജെപി നടപടി കടുപ്പിക്കുന്നത്. 

06:35 AM (IST) Dec 28

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ കുറ്റപത്രം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ കോളേജ് പൊലീസിനാണ് കേസിൻ്റെ അന്വേഷണ ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹ‍‍ർഷിന സമരസമിതി ഹൈക്കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്

06:25 AM (IST) Dec 28

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ നടക്കും. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10ന് സംസ്ഥാന ഭാരവാഹി യോഗവും ഉച്ച കഴിഞ്ഞ് ഐ.ടി സെൽ ഭാരവാഹികളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. പുതിയതായി പാർട്ടിയിലെത്തുകയും ഭാരവാഹികളാക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നടൻ ദേവൻ, സംവിധായകൻ മേജർ രവി എന്നിവരും കോൺഗ്രസിൽ നിന്നും രാജി വെച്ച് എത്തിയ ദേശീയ സെക്രട്ടറി സി. രഘുനാഥ് എന്നിവരും ദേശീയ സെക്രട്ടറി അനിൽ ആന്റണിയും സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കും

06:25 AM (IST) Dec 28

സുൽത്താൻ ബത്തേരിയിൽ വീണ്ടും വന്യജിവി ആക്രമണം

സുൽത്താൻ ബത്തേരി സിസിയിൽ ഇറങ്ങി പശുക്കിടാവിനെ കൊന്നു തിന്ന കടുവയ്ക്ക് വേണ്ടി കൂടുവച്ച് കാത്തിരിക്കുന്നന്നതിനിടെ വീണ്ടും വന്യജിവി ആക്രമണം.  കർഷകനായ വാകേരി സ്വദേശി വർഗീസിൻ്റെ ആടിനു നേരെയാണ് വന്യജീവിയുടെ ആക്രമണം. കടുവയാണോ ആടിനെ പിടിച്ചത് എന്ന് പരിശോധിക്കുകയാണ് വനംവകുപ്പ്. കൂട്ടിൽ കയറിയാണ് ആടിനെ കടിച്ചു കൊന്നത്. എന്നാൽ, തിന്നാനോ, കൊണ്ടുപോകാനോ കഴിഞ്ഞിട്ടില്ല. രാത്രി പത്തുമണിയോടെ അരിവയലിൽ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസം സിസിയിൽ ഒരു പശുക്കിടാവിനെ കടുവ കൊന്ന് തിന്നിരുന്നു.

06:24 AM (IST) Dec 28

ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.പൂഞ്ചില്‍ കൂടുതല്‍ സൈനികരെയെത്തിച്ചു. തെരച്ചില്‍ ഇന്ന് ഒന്പതാം ദിവസം.
കനത്ത ജാഗ്രതയില്‍ അതിര്‍ത്തി പ്രദേശം


More Trending News