Silver Line : ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തും; വിമര്‍ശനങ്ങളെ ഗൗരവമായി കാണുമെന്ന് എം വി ഗോവിന്ദന്‍

By Web TeamFirst Published Jan 16, 2022, 1:10 PM IST
Highlights

ഡിപിആര്‍ രഹസ്യരേഖയാണെന്നും പുറത്ത് വിടാനാകില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നവരാണ് ഇപ്പോള്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പറയുന്നത്.

തിരുവനന്തപുരം: കെ റെയില്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ (M V Govindan). കെ റെയിലിനെതിരായ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു. കെ റയിലിനെതിരായ തങ്ങളുടെ ആശങ്കകളെല്ലാം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഡിപിആര്‍ ഇതുവരെ മറച്ച് വച്ചത് ദൂരൂഹമാണെന്ന് മെട്രോമാന്‍ ഇ ശ്രീധരനും കുറ്റപ്പെടുത്തി.

ഡിപിആര്‍ രഹസ്യരേഖയാണെന്നും പുറത്ത് വിടാനാകില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നവരാണ് ഇപ്പോള്‍ ഡിപിആറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പറയുന്നത്. ഇന്നലെ പുറത്ത് വിട്ട ഡിപിആര്‍ അന്തിമരേഖയല്ലെന്നും, കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട ഏജന്‍സികളുടെ ആവശ്യപ്രകാരം വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് കെ റയില്‍ അധികൃതര്‍ അറിയിക്കുന്നത്. പ്രതിപക്ഷവും കെ റെയില്‍ വിരുദ്ധ സമര സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കുവക്കുന്ന ആശങ്കകള്‍ ശരിയെന്ന് തെളിയുമ്പോഴാണ് തുറന്ന ചര്‍ച്ചയും തിരുത്തും ഉണ്ടാകുമെന്ന സൂചന മന്ത്രി എം വി ഗോവിന്ദന്‍ നല്‍കുന്നത്.

തങ്ങള്‍ മാസങ്ങളായി ഉന്നയിക്കുന്ന എല്ലാ ആശങ്കകളും ഇന്നലെ ഡിപിആര്‍ പുറത്ത് വന്നതോടെ ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഡിപിആര്‍ രഹസ്യരേഖയല്ലെന്നും പല വന്‍കിടപദ്ധതികളുടെയും ഡിപിആറുകള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ടെന്നും ആധികരികമായി പറഞ്ഞത് മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു, ഇത്  ഇത്രയും നാള്‍ മറച്ച് വച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിപിആര്‍ വിശദമായി പഠിച്ച് എല്ലാ വിവരങ്ങളും ഉടന്‍ ജനങ്ങളെ അറിയിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റയിലിനെ കുറിച്ചുള്ള ഇനിയുള്ള ചര്‍ച്ച ഡിപിആര്‍ കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

click me!