Latest Videos

'സുധാകരൻ കൊലപാതകികളെ ന്യായീകരിക്കുന്നു, കോൺഗ്രസ് പങ്ക് വ്യക്തം', തിരിച്ചടിച്ച് എംഎം മണി

By Web TeamFirst Published Jan 16, 2022, 5:29 PM IST
Highlights

വരും കാലങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി

തൊടുപുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേത് (Sudhakaran) കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി (MM Mani) എംഎൽഎ. ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ വിദ്യാർത്ഥി എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ (Dheeraj) കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുകയാണ്. എന്നിരുന്നാലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്. വരും കാലങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു. 

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലി അടക്കമുള്ള പ്രതികളെ തള്ളിപ്പറയില്ലെന്നാണ്  കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്നും പ്രതികൾക്ക് നിയമസഹായം നൽകുമെന്നുമാണ് സുധാകരൻ അറിയിച്ചത്. നേരത്തെ ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വമെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. പ്രതികളെ സുധാകരൻ സംരക്ഷിക്കുന്നുവെന്ന വിമർശനം ഉയരുമ്പോഴാണ് നിയമസഹായം കൂടി നൽകുമെന്ന പരസ്യ പ്രഖ്യാപനം നടത്തിയത്. 

അതിനിടെ  കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

click me!