പശ്ചിമഘട്ടസംരക്ഷണം: സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി

Web Desk   | Asianet News
Published : Jul 14, 2020, 03:27 PM IST
പശ്ചിമഘട്ടസംരക്ഷണം: സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

പശ്ചിമഘട്ടത്തെയും  പ്രദേശത്ത് കുടിയേറിയ കര്‍ഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ വേണം സത്യവാങ്മൂലം സമര്‍പ്പിക്കാനെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കര്‍ഷകരേയും അവരുടെ ജീവിതോപാധിയേയും ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെ ഇതു കൈകാര്യം ചെയ്യണം.  

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടൻ തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഗോവ ഫൗണ്ടേഷനും മറ്റ് 26 പേരും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് നല്കിയിരിക്കുന്നത്.

പശ്ചിമഘട്ടത്തെയും  പ്രദേശത്ത് കുടിയേറിയ കര്‍ഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ വേണം സത്യവാങ്മൂലം സമര്‍പ്പിക്കാനെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കര്‍ഷകരേയും അവരുടെ ജീവിതോപാധിയേയും ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെ ഇതു കൈകാര്യം ചെയ്യണം.  സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് ഇതിനായി പരിഗണിക്കേണ്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാണ്.  സാറ്റലൈറ്റ് മാപ്പിംഗിലൂടെ 123 വില്ലേജുകളെ മുഴുവന്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചതു വലിയ തോതിലുള്ള പരാതികള്‍ക്കും പരിഭ്രമത്തിനും വഴിയൊരുക്കി.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി  പ്രസ്തുത സ്ഥലങ്ങള്‍ നേരിട്ടു സന്ദര്‍ശിക്കുകയും 123 വില്ലേജുകളിലെ ജനവാസ കേന്ദ്രം, കൃഷിഭൂമി, തോട്ടങ്ങള്‍ തുടങ്ങിയവയെ പരിസ്ഥിതി ലോല മേഖലയില്‍ നിന്നു മാറ്റാന്‍ വില്ലേജ് തലത്തില്‍ കമ്മിറ്റികളെ നിയോഗിച്ച് ഭൂനിര്‍ണയം നടത്തുകയും ചെയ്തു. അതാത് പഞ്ചായത്തു പ്രസിഡന്റുമാര്‍ ചെയര്‍മാന്‍മാരായി രൂപീകരിച്ച സമിതിയില്‍  ജനപ്രതിനിധികളും വില്ലേജ്, വനം, സര്‍വെ,  പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളും ഉണ്ടായിരുന്നു.  123 വില്ലേജുകളിലും കമ്മിറ്റി  രൂപീകരിച്ചു.

പശ്ചിമഘട്ടമേഖലയില്‍ 40ലധികം ജനസമ്പര്‍ക്ക സമ്മേളനങ്ങള്‍ നടത്തുകയും അതില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുകയും ചെയ്തു.  8976  പരാതികളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഈ പരാതികളുടെയും  കമ്മിറ്റിയുടെ ശിപാര്‍ശയുടെയും  അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ തീരുമാനങ്ങള്‍ എടുത്തു. പട്ടയഭൂമികളെയും കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവയെ  പൂര്‍ണമായി പരിസ്ഥിതി ലോലമേഖലയില്‍ നിന്നു മാറ്റി. 3114 ചതുരശ്ര കിലോമീറ്ററാണ് ഈ രീതിയില്‍ കുറച്ചത്. ഇത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം  ചെയ്തു. 13,108 ചതുരശ്ര കിലോമീറ്ററിനു പകരം ഇനി 9993.70 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ് സംസ്ഥാനത്ത് പരിസ്ഥിതി ലോലമേഖലയില്‍ ഉള്ളത്. വനഭൂമിയും ചതുപ്പുനിലയങ്ങളും പാറക്കെട്ടുകളും മാത്രം പരിസ്ഥിതി ലോല പ്രദേശമായി തുടരും. യുഡിഎഫ് സര്‍ക്കാര്‍ ശാസ്ത്രീയമായി പഠിച്ച് കേരളത്തിന്റെ നിലപാട് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതുകൊണ്ടാണ്  ഇതു സാധ്യമായതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് താലൂക്കും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വില്ലേജുകളും അടിസ്ഥാനമാക്കിയപ്പോള്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി സര്‍വെ നമ്പര്‍ അടിസ്ഥാനത്തില്‍ കെഡസ്ട്രല്‍ മാപ്പ് രൂപികരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ലോലമേഖല തിരിച്ചത്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ പരിസ്ഥിതിലോല മേഖല കണ്ടെത്താനും ജനങ്ങളുടെ ആശങ്ക പൂര്‍ണമായി  അകറ്റാനും സാധിച്ചു. കേരളത്തിലുള്ള പശ്ചിമഘട്ട മേഖലകളെയും അവിടെ അധിവസിക്കുന്നവരെയും സംരക്ഷിക്കാന്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയല്‍ സത്യവാങ്മൂലം നല്കണം.  ഇക്കാര്യത്തില്‍ കാലതാമസം വരുത്തരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം
കൊല്ലത്ത് തേനീച്ച കർഷകൻ സ്ഥാപിച്ച കൂടുകളിൽ വിഷദ്രാവകം തളിച്ചു; പാർട്ടി മാറിയതിലെ പ്രതികാരമെന്ന് പരാതി