Silver Line DPR: 'തട്ടിക്കൂട്ട്, അശാസ്ത്രീയം, അപൂര്‍ണ്ണം'; 3,700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

By Web TeamFirst Published Jan 15, 2022, 6:43 PM IST
Highlights

പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നത്? 530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. 

കൊല്ലം: സിൽവർ ലൈൻ (Silver Line) പദ്ധതിയുടെ ഡിപിആർ (DPR) സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition Leader V. D. Satheesan). ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സതീശൻ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നത്? 530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. 

കെ റെയിലിന്റെ 55 ശതമാനം, 292 കിലോമീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. ഡിപിആറില്‍ പറയുന്നതിന് വിരുദ്ധമായാണ് ഇന്നലെ കെ റെയില്‍ എംഡി സംസാരിച്ചത്.  മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കല്ലും മണ്ണും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഇതൊക്കെ ഡിപിആറില്‍ ഉള്‍പ്പെടുത്തേണ്ടേ? ഇതൊന്നും ഇല്ലെങ്കില്‍ എന്തു ഡിപിആര്‍ ആണിതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.  

കെ റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനില്‍ പ്രതീക്ഷിക്കുന്നത് 36,000 യാത്രക്കാരെയാണ്. കെ റെയിലില്‍ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഈ ചോദ്യം തന്നെയാണ് റെയില്‍വെ ബോര്‍ഡും പ്രതിപക്ഷവും ചോദിച്ചത്. തട്ടിക്കൂട്ട് ഡിപിആര്‍ ആണെന്ന് തയാറാക്കിയവര്‍ പറഞ്ഞു. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ ലോണ്‍ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖയാണെന്നാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ പറഞ്ഞത്. അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയപ്പോഴാണ് ഡിപിആര്‍ പുറത്തുവന്നത്. ഇപ്പോള്‍ രഹസ്യ സ്വഭാവം എവിടെ പോയി? ഡിപിആര്‍ പുറത്തു കാണിച്ചാല്‍ പദ്ധതിയെ കുറിച്ച് കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും. അതുകൊണ്ടാണ് ഇതുവരെ രഹസ്യമാക്കി വച്ചത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഈ ഡിപിആറില്‍ മറുപടിയില്ല. അതിനാലാണ് മുഖ്യമന്ത്രിയും മറുപടി പറയാത്തത്. ഇപ്പോഴെങ്കിലും ഡിപിആര്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്. മൂവായിരത്തി എഴുനൂറ് പേജുകളുള്ള ഡിപിആര്‍ യുഡിഎഫ് സമിതി പഠിക്കും. സാമ്പത്തിക, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും സതീശൻ പറഞ്ഞു. 

click me!