അനുവിന്‍റെ ആത്മഹത്യ; സംസ്ഥാനമാകെ യുവജന സംഘടനകളുടെ പ്രതിഷേധം, സർക്കാർ പരിശോധിക്കണമെന്ന് പ്രതിപക്ഷം

By Web TeamFirst Published Aug 30, 2020, 1:33 PM IST
Highlights

കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പിഎസ്‍സി നിയമനം ലഭിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിൽ സംസ്ഥാനമാകെ വ്യാപക പ്രതിഷേധം. അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സർക്കാറിനും പിഎസ്‍സിക്കുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള പിഎസ്‍സി റാങ്ക് ലിസ്റ്റ് കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നീട്ടിയാൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അസാധാരണമായ സാഹചര്യത്തിൽ അസാധാരണ നടപടിയായി അത് വിലയിരുത്താവുന്നതാണെന്നും ചെന്നിത്തല അനുവിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനവ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധം നടത്തി. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധം നടത്തി. ഡിസിസി ഓഫീസിൽ നിന്ന് സ്റ്റേഡിയം ബസ്‍സ്റ്റാന്‍റിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പിഎസ്‍സി ചെയർമാന്‍റെയും കോലം കത്തിച്ചു. യുവമോർച്ച പ്രവർത്തകർ സുൽത്താൻ പേട്ട ജംഗ്ഷൻ റോഡ് ഉപരോധിച്ചു. 20 മിനുട്ട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നിക്കി. 

അനുവിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട സ്ഥലം എംഎൽഎ യും സിപിഎം നേതാവുമായ സി കെ ഹരീന്ദ്രൻ മാധ്യമങ്ങൾക്കു മുമ്പിൽ പിഎസ്‍സിയെ ന്യായീകരിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

നിയമനങ്ങളിലെ കാലതാമസവും റാങ്ക് പട്ടികകളെ നോക്കു കുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങളുമെല്ലാം അടുത്തിടെ പണി കിട്ടിയവർ എന്ന വാർത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ ചർച്ചയായിട്ടും ആശങ്ക തീർക്കുന്നതിന് പതരം മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗാർത്ഥികളെ വിലക്കുമെന്ന് ഭീഷണിവരെ മുഴക്കി പിഎസ്‍സി. കമ്മീഷന്‍റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കാരക്കോണത്ത് ഉദ്യോഗാർഥിയുടെ ആത്മഹത്യ. പിഎസ്‍സി നടപടികളെ മുഖ്യമന്ത്രി തന്നെ പരസ്യമായി പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ഒഴിവുകൾ ഇല്ലാതിരുന്നത് കൊണ്ടാണ് അനുവിന് നിയമനം കിട്ടാതെ പോയതെന്നാണ് പിഎസ്‍സി വിശീദകരണം. 2019ൽ നിലവിൽ വന്ന 3205 അംഗ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കേവലം 416 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി 6 മാസമെങ്കിലും നീട്ടണമെന്ന ആവശ്യം പിഎസ്‍സി അംഗീകരിക്കാതിരുന്നതുമാണ് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി.

 

click me!