ശബരിമല യുവതീപ്രവേശനം; വിശാല ബെ‍ഞ്ചിന് മുമ്പിലെ വാദങ്ങള്‍ ക്രമപ്പെടുത്താന്‍ അഭിഭാഷക യോഗം ഇന്ന് സുപ്രീംകോടതിയിൽ

By Web TeamFirst Published Jan 17, 2020, 6:18 AM IST
Highlights

വാദമെങ്ങനെ വേണമെന്ന് അഭിഭാഷക യോഗം തീരുമാനിക്കും. വിശാല ബെഞ്ചിന് മുന്നിലുള്ളത് തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങൾ.

ദില്ലി: ശബരിമല യുവതീപ്രവേശനത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനും അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറൽ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാൻ, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് യോഗത്തിന്‍റെ ചുമതല. 

തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്. ചോദ്യങ്ങൾ ക്രമപ്പെടുത്തുകയും ആവശ്യമെങ്കിൽ ഉപചോദ്യങ്ങൾ ഉൾപ്പെടുത്താമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. ഫെബ്രുവരി മൂന്നിനാണ് വിശാല ബെഞ്ച് വീണ്ടും ചേരുന്നത്.

ഫെബ്രുവരി രണ്ടാംവാരം മുതൽ കേസിൽ അന്തിമവാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് എസ്  എ ബോബ്ഡേയുടെ നേതൃത്വത്തിലാണ് ഒൻപതംഗ ഭരണഘടന ബെഞ്ച്. 2018 സെപ്റ്റംബർ 28-നായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചരിത്രവിധി.

ശബരിമല ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങൾ ഇവയാണ്: 

1. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിർത്താം?

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25 (1) വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാർമികത എന്നതോ ഭരണഘടനാപരമായ ധാർമികത എന്നതോ കൃത്യമായി ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്‍റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാൻ കഴിയുമോ? അത് തീരുമാനിക്കാൻ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത്?

5. ഭരണഘടനയിലെ 25 (2)(b) വകുപ്പ് പ്രകാരം 'ഹിന്ദു' എന്നതിന്‍റെ നിർവചനം എന്ത്?

6. ഒരു വിഭാഗത്തിന്‍റെ/മതവിഭാഗത്തിന്‍റെ 'ഒഴിച്ചുകൂടാത്ത ആചാര'മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 26-ാം അനുച്ഛേദത്തിന്‍റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്‍റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?

Also Read: ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ല, പകരം വിശാല വിഷയങ്ങൾ

click me!