
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ വിവിധ വകുപ്പുകളിലേക്ക് പ്രവേശനം നേടുന്നത് പ്രിൻസിപ്പാളിന്റെ ഒത്താശയോടെ. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷൻ അട്ടിമറിച്ചാണ് നേതാക്കളുടെ 'വേണ്ടപ്പെട്ടവര്‍ക്ക്' കോളേജ് പ്രിൻസിപ്പാൾ പ്രവേശനം നൽകുന്നത്. ഓണ്‍ലൈന്‍ പ്രവേശന പ്രക്രിയയ്ക്ക് പുറമെ നടത്തുന്ന പ്രവേശന രീതിയാണ് സ്പോട്ട് അഡ്മിഷൻ.
ഒരിക്കൽ പ്രവേശനം നേടിക്കഴിഞ്ഞാൽ പിന്നീട് റീ അഡ്മിഷൻ ചെയ്ത് വീണ്ടും വിദ്യാർഥിയായി കോളേജിൽ തുടരുന്നതാണ് അഡ്മിഷന്റെ മറ്റൊരു രീതി. പ്രവേശനം ഉറപ്പിക്കാനായി വിദ്യാർഥികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകളും ഹാജരാക്കാറുണ്ട്. സ്പോട്ട് അഡ്മിഷൻ അറിയിപ്പ് പലപ്പോഴും നേതാക്കൾ മാത്രം അറിഞ്ഞാണ് നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. വിവരമറിഞ്ഞ് ഏതെങ്കിലും വിദ്യാർഥി എത്തിയാൽ കോളജ് ഗേറ്റിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി മടക്കി വിടും. നേരത്തെ അറിഞ്ഞാൽ വീട്ടിൽ എത്തി വിരട്ടി പിൻതിരിപ്പിക്കും. സ്പോട്ട് അഡ്മിഷനെ സംഘടനയിൽ ആളിനെ ചേർക്കാനുള്ള വഴിയായിട്ടാണ് എസ്എഫ്ഐ ഉപയോഗിക്കുന്നത്. ഇടത് അനുകൂല അധ്യാപകരുടെ സഹായം കൂടി ലഭിക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുന്നു.
പ്ലസ്ടുവിൽ 85 ശതമാനം മാർക്ക് നേടിയാലും യൂണിവേഴ്സിറ്റി കോളേജിൽ സയൻസ്, ആർട്സ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നത് തന്നെ വളരെ കഷ്ടമാണ്. അവിടെയാണ് നേതാക്കൾക്ക് പ്രിയപ്പെട്ടവരെ തിരുകി കയറ്റാനുള്ള സ്പോട്ട് അഡ്മിഷൻ എന്ന 'പാർട്ടി ക്വാട്ട' പ്രവർത്തിക്കുന്നത്. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി നസീം എട്ട് വർഷമായി യൂണിവേഴ്സ്റ്റി കോളേജിലെ വിദ്യാർഥിയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്യാൻ പരമാവധി ആറ് വർഷം വരെ എടുക്കാം. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ ചിലർ പഠനത്തിനായി എട്ടും പത്തും വർഷമാണ് ചെലവഴിക്കുന്നത്.
2005-ൽ ബിഎ പൊളിറ്റിക്കൽ സയൻസിൽ ആദ്യ പ്രവേശനം നേടിയ കോളേജിലെ മറ്റൊരു വിദ്യാർഥി 2009-ൽ എംഎ പൊളിറ്റിക്സ്, 2011-ൽ എംഎ ഫിലോസഫി, 2012-ൽ എംഎ ഫിലോസഫിയിൽ തുടർ പ്രവേശനം എന്നിങ്ങനെ കോളേജിൽ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ കോഴ്സുകളിലായി എട്ടുവർഷമാണ് യുവാവ് കോളേജിൽ വിദ്യാർഥിയായി തുടർന്നത്. ഈ പ്രവണതയാണ് കഴിഞ്ഞ ദിവസം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇടപെട്ട് അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam