ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ; മുഖ്യമന്ത്രി ഒന്നാം പ്രതി, പിഎസ്‌സി ചെയർമാൻ രണ്ടാം പ്രതി: ഷാഫി പറമ്പിൽ

By Web TeamFirst Published Aug 30, 2020, 11:55 AM IST
Highlights

സംഭവത്തിൽ നാളെ പിഎസ്‌സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തും. യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയേക്കാൾ ശമ്പളം, യോഗ്യതയുള്ളവർക്ക് ഒരു മുളം കയർ എന്നതാണോ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നദ്ദേഹം ചോദിച്ചു

പാലക്കാട്: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പിഎസ്‌സി ചെയർമാൻ രണ്ടാം പ്രതിയാണെന്നും അദ്ദേഹം വിമർശിച്ചു. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും, പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

സംഭവത്തിൽ നാളെ പിഎസ്‌സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പട്ടിണി സമരം നടത്തും. യോഗ്യതയില്ലാത്തവർക്ക് മുഖ്യമന്ത്രിയേക്കാൾ ശമ്പളം, യോഗ്യതയുള്ളവർക്ക് ഒരു മുളം കയർ എന്നതാണോ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നദ്ദേഹം ചോദിച്ചു. വ്യാജരേഖ സമർപ്പിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ ചെയർമാനെ സർക്കാർ അടിയന്തരമായി പുറത്താക്കണം. എന്ത് യോഗ്യതയാണ് ആ പദവിയിലിരിക്കാൻ മനോജ് കുമാറിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന് യോഗ്യത ഉണ്ടായിട്ടും ജോലി നൽകിയില്ല. എന്നാൽ ബാലാവകാശ കമ്മീഷനിൽ ഒരു യോഗ്യതയും ഇല്ലാത്ത  വ്യക്തിക്ക് നിയമനം നൽകി. ബാർ കൗൺസിലിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് കെവി മനോജ് കുമാർ. ബാലവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തുള്ള ഇദ്ദേഹത്തിന് അഭിഭാഷകനായി തുടരാൻ പോലും അർഹതയില്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

click me!