ഇനി എഫ്ഐആറിന് 'സ്റ്റേഷൻ പരിധിയില്ല', ഏത് പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്യാം

Web Desk   | Asianet News
Published : Jan 27, 2020, 05:54 PM ISTUpdated : Jan 27, 2020, 09:38 PM IST
ഇനി എഫ്ഐആറിന് 'സ്റ്റേഷൻ പരിധിയില്ല', ഏത് പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്യാം

Synopsis

പലപ്പോഴും അതത് പൊലീസ് സ്റ്റേഷനിൽത്തന്നെ എഫ്ഐ‌ആർ റജിസ്റ്റർ ചെയ്യണമെന്ന ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതും കേസിലെ നടപടിക്രമങ്ങളും വൈകാറുണ്ട്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവരും ദുരിതത്തിലാകാറുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതാണ് ഡിജിപിയുടെ പുതിയ നിർദേശം.

തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആർ) രജിസ്റ്റര്‍ ചെയ്യാം. എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താൽ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാൻ തീരുമാനിച്ചതായി ഡിജിപിയുടെ ഓഫീസ് വാർത്താക്കുറിപ്പിറക്കി. 

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാൽ അതേ പൊലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ഇത് പലപ്പോഴും യാത്ര ചെയ്യുന്നവർക്ക് അടക്കം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്. 

ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായ വെറ്ററിനറി ഡോക്ടറെ തീകൊളുത്തിക്കൊന്ന സംഭവത്തിലും, യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി എത്തിയ ബന്ധുക്കളോട് സ്റ്റേഷൻ പരിധിയെക്കുറിച്ചുള്ള തർക്കം പറഞ്ഞ് നടപടിയെടുക്കാതിരിക്കുകയാണ് പൊലീസ് ചെയ്തത് എന്നത് വലിയ വിവാദമായിരുന്നു. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സ്ഥലത്ത് നിർത്തി അതാത് പൊലീസ് സ്റ്റേഷനിൽ പോകണമെന്നതും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇനി മുതൽ അത് വേണ്ടി വരില്ല. 

ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. പിന്നീട് ഇത് അതാത് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്താൽ മതിയാകും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ ‍ഡിജിപി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാൽ പൊലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തര്‍ പ്രദേശ് സര്‍ക്കാർ v/s ലളിതകുമാരി എന്ന കേസിൽ തമ്മില്‍ നടന്ന കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല