PT Thomas funeral: പി ടി തോമസിന്റെ സംസ്കാരം: മുഴുവൻ ചെലവും വഹിച്ചത് കോൺഗ്രസ്, ആരോപണങ്ങള്‍ തള്ളി വി ഡി സതീശന്‍

By Web TeamFirst Published Jan 16, 2022, 2:13 PM IST
Highlights

പി ടി തോമസിന്‍റെ പൊതുദർശനത്തിന്‍റെ പേരിലും തൃക്കാക്കര നഗരസഭയിൽ അഴിമതി നടന്നെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

കൊച്ചി: പി ടി തോമസിന്റെ (PT Thomas) സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും പിടിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനുമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി ടി തോമസിന്‍റെ പൊതുദർശനത്തിന്‍റെ പേരിലും തൃക്കാക്കര നഗരസഭയിൽ അഴിമതി നടന്നെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. മൃതദേഹത്തിൽ പൂക്കൾ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ വ്യക്തമാക്കിയ പി ടിക്കായി കോൺഗ്രസ് ഭരണസമിതി ഒരുലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് പൂക്കൾക്കായി മാത്രം ചിലവാക്കിയത്. പൊതുദർശന ദിവസം ചിലവഴിച്ച തുകയിൽ പരിശോധന വേണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നടന്ന പൊതുദർശനത്തിനായി നഗരസഭ വൻതുക ധൂർത്തടിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്. പൂക്കളിറുത്ത് തന്‍റെ മൃതദേഹത്തിൽ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ പറഞ്ഞ് വെച്ച പിടിക്കായി 1,27,000 രൂപയുടെ പൂക്കൾ ഹാളിൽ നഗരസഭ എത്തിച്ചു. അലങ്കാരമൊട്ടും കുറച്ചില്ല.1,17,000 രൂപ പൂക്കച്ചവടക്കാർക്ക് അന്നേദിവസം തന്നെ നൽകി. ഭക്ഷണത്തിനും 35,000 രൂപ ചിലവാക്കി. കാർപെറ്റും മൈക്ക് സെറ്റും പലവക ചിലവിലുമായി 4 ലക്ഷത്തിലധികം രൂപ മുടക്കിയതിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രത്യേക പദ്ധതിയായി അനുമതി വാങ്ങാതെ പണം ചിലവഴിച്ചത് അഴിമതി എന്നാണ് ആരോപണം.

click me!