കേരള ചരിത്രത്തോട് ഒപ്പം ചേര്‍ത്ത് വയ്ക്കാവുന്ന പേരാണ് കെആര്‍ ഗൗരിയമ്മ എന്ന് വി മുരളീധരൻ

By Web TeamFirst Published May 11, 2021, 11:41 AM IST
Highlights

"കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരുഷ മേൽകോയ്മയുടേയും ജാതി വൈരത്തിന്‍റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താൻ തയ്യാറായിരുന്നില്ല ഗൗരിയമ്മ. പാർട്ടി പുറത്താക്കി നീതികേടു കാണിച്ചപ്പോഴും  അവർ പതറിയില്ല." - വി മുരളീധരൻ

ദില്ലി: കേരള രാഷ്ട്രീയത്തിലെ ധീര വനിതയാണ് കെ ആർ ഗൗരിയമ്മ എന്ന് അനുസ്മരിച്ച് വി മുരളീധരൻ. കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് കെആര്‍ ഗൗരിയമ്മയുടേത്. ചെറുപ്പത്തിൽ തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്നവും കൊണ്ട്  അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്തു. സ്ത്രീകൾ പൊതുപ്രവർത്തന മേഖലയിൽ സജീവമല്ലാതിരുന്ന കാലത്ത് രാഷ്ട്രീയത്തിൽ സ്വന്തം  ഇടം സൃഷ്ടിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞെന്നും വി മുരളീധരൻ അനുസ്മരിച്ചു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരുഷ മേൽകോയ്മയുടേയും ജാതി വൈരത്തിന്‍റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താൻ തയ്യാറായിരുന്നില്ല ഗൗരിയമ്മ. പാർട്ടി പുറത്താക്കി നീതികേടു കാണിച്ചപ്പോഴും  അവർ പതറിയില്ല. ഗൗരിയമ്മയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണ് ഭൂപരിഷ്കരണ നിയമം. കമ്മ്യൂണിസ്റ്റ് നേതാവായിരിക്കുമ്പോഴും അടിയുറച്ച കൃഷ്ണ ഭക്തയായിരുന്നു ഗൗരിയമ്മ. തലമുറകളുടെ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു.

click me!