ലൈംഗിക സംശയങ്ങളുമായി ഓൺലൈന്‍ ‌ഡോക്ടര്‍മാരെ സമീപിക്കുന്നവരില്‍ ഏറെയും ബെംഗളൂരുവില്‍ നിന്ന്; പഠനം

By Web TeamFirst Published Feb 29, 2020, 9:29 PM IST
Highlights

ബെംഗളൂരുവിൽ നിന്ന് ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്നവരിലധികവും ഐടി രംഗത്ത് നിന്നുള്ളവരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമിത ജോലിഭാരവും സമ്മർദ്ദവും ജോലിയിലെ ഷിഫ്റ്റ് സമ്പ്രദായവുമെല്ലാം ഇതിന് പ്രധാന കാരണങ്ങളായി പറയുന്നു. 

ബെംഗളൂരു: ലൈംഗിക സംബന്ധമായ സംശയങ്ങൾക്ക് ഓൺലൈൻ വഴി പരിഹാരം കാണുന്നതിനായി ഡോക്ടറെ സമീപിക്കുന്നവരിൽ അധികവും ബെംഗളൂരു സ്വദേശികളെന്ന് പഠന റിപ്പോർട്ട്. പ്രതിമാസം 70,000 ത്തിലധികം പേർ ഓൺലൈൻ വഴി ഡോക്ടർമാരെ സമീപിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്ര മെഡിക്കൽ വെബ്  സൈറ്റായ പ്രാക്ടോ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ജോലി സമ്മർദ്ദവും സമയക്കുറവും നഗരത്തിലെ ഗതാഗത കുരുക്കുമെല്ലാം ഇതിനു പിന്നിലെ കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നു. പലർക്കും പതിവായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയാതെ വരുന്നു. ചില ദമ്പതികൾ കൃത്രിമ  ഗർഭധാരണത്തിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിച്ചപ്പോൾ മറ്റു ചിലർ പോൺ വീഡിയോകൾക്ക് അടിമപ്പെട്ട് വികലമായ ലൈംഗിക പ്രതീക്ഷകൾ വച്ചു പുലർത്തുന്നവരായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇത് പതിയെ വന്ധ്യത, വിഷാദ രോഗം എന്നിവയിലേയ്ക്ക് നയിക്കുകയും ചെയ്യും. ഡോക്ടറുമായി നേരിട്ട് ആശയവിനിമയം നടത്താൻ വിമുഖത കാണിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വിവാഹ ജീവിതത്തിൽ ലൈംഗിക ബന്ധത്തിന് ഇനിയും വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ് രാജ്യത്ത് ഭൂരിഭാഗമെന്നും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ സമർത്ഥിക്കുന്നു.

ബെംഗളൂരുവിൽ നിന്ന് ഓൺലൈൻ കൺസൽട്ടേഷൻ നടത്തുന്നവരിലധികവും ഐടി രംഗത്ത് നിന്നുള്ളവരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമിത ജോലിഭാരവും സമ്മർദ്ദവും ജോലിയിലെ ഷിഫ്റ്റ് സമ്പ്രദായവുമെല്ലാം ഇതിന് പ്രധാന കാരണങ്ങളായി പറയുന്നു. ബെംഗളൂരു കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം ദില്ലിക്കാണ്. പ്രതിമാസം 34,000 പേരാണ് ലൈംഗിക സംബന്ധമായ സംശയങ്ങളുമായി ഓൺലൈൻ വഴി ഡോക്ടർമാരെ സമീപിക്കുന്നത്. മൂന്നാം സ്ഥാനത്ത്  ഹൈദരാബാദും (25000 പേർ), നാലാം സ്ഥാനത്ത് ചെന്നൈയും മുംബൈയുമാണ്. 22,000ത്തോളം പേർ മാസം തോറും ഓൺലൈൻ വഴി സംശയ നിവാരണത്തിനായി ഡോക്ടർമാരെ സമീപിക്കുന്നുണ്ട്.

click me!