വഞ്ചിക്കപ്പെടരുത്; സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന ഈ അപകടത്തെ അറിയാതെ പോകരുത്

By Priya VargheseFirst Published Apr 2, 2019, 5:09 PM IST
Highlights

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനം തെളിയ്ക്കുന്നത് ഇതാണ്- വ്യാജ അക്കൗണ്ടുകളില്‍ നിന്നുവന്ന റിക്വസ്റ്റുകള്‍ 18% ആളുകള്‍ സ്വീകരിക്കുകയും അതില്‍ 15% പേര്‍ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുകയും ചെയ്തു. 52% ആളുകള്‍ റിക്വസ്റ്റ് നീക്കം ചെയ്യാതെ ഭാവിയില്‍ പരിഗണിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.30% ആളുകള്‍ മാത്രമാണ് സൗഹൃദം വേണ്ട എന്ന് തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്മാര്‍ട്ഫോണ്‍ വഴി കൈകാര്യം ചെയ്യുന്നവരാണ് നമ്മളിൽ അധികം പേരും. ഒരു പുതിയ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ ഉടന്‍ തന്നെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. എത്ര തിരക്കിലാണെങ്കിലും ഇതു നമ്മുടെ ശ്രദ്ധയില്‍പ്പെടും. അറിയാവുന്ന ആളാണോ, അല്ലെങ്കില്‍ ആ വ്യക്തിയുടെ സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നമ്മുടെ സുഹൃത്തുകള്‍ ഉണ്ടോ എന്നാവും ആദ്യം തന്നെ നോക്കുക. 

അതു സ്വീകരിക്കണമോ വേണ്ടയോ എന്ന് വളരെ പെട്ടെന്നുതന്നെ തീരുമാനിക്കുകയാണ് മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാല്‍ നമുക്കു കിട്ടുന്ന റിക്വസ്റ്റുകളില്‍ പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് വരുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. ഒരേ വ്യക്തിയുടെ പേരില്‍ ഒന്നിലധികം റിക്വസ്റ്റുകള്‍ വരുമ്പോള്‍, അല്ലെങ്കില്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങള്‍ അവരില്‍ നിന്നും വരുമ്പോള്‍ ചിലപ്പോള്‍ നമുക്കത് തിരിച്ചറിയാനായേക്കാം.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനം തെളിയ്ക്കുന്നത് ഇതാണ്- വ്യാജ അക്കൗണ്ടുകളില്‍ നിന്നുവന്ന റിക്വസ്റ്റുകള്‍ 18% ആളുകള്‍ സ്വീകരിക്കുകയും അതില്‍ 15% പേര്‍ അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുകയും ചെയ്തു. 52% ആളുകള്‍ റിക്വസ്റ്റ് നീക്കം ചെയ്യാതെ ഭാവിയില്‍ പരിഗണിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.

30% ആളുകള്‍ മാത്രമാണ് സൗഹൃദം വേണ്ട എന്ന് തീരുമാനിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമ ഇതുമായി ബന്ധപ്പെട്ട ഒരു പ്രമേയമാണ് ചര്‍ച്ച ചെയ്തത്. (തമിഴ്നാട്ടില്‍നിന്നും സമാനമായ സംഭവങ്ങളുടെ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്). സ്നേഹം കിട്ടാതെ ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച ഒരു പെണ്‍കുട്ടിയെ വ്യാജ
അക്കൗണ്ടിലൂടെ പ്രണയം നടിച്ചു പണം തട്ടാന്‍ ശ്രമിക്കുന്ന വില്ലന്‍.

വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രം വിദഗ്ദ്ധമായി അയാളെ പിടികൂടുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണം എന്നുള്ള സന്ദേശമാണ് അതു നല്‍കുന്നത്.വ്യാജ അക്കൗണ്ടുകളുടെ മറ്റൊരു പ്രധാന കര്‍മ്മ മേഖല സിനിമാ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍ മുതലായ പ്രമുഖവ്യക്തികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് അസഭ്യവര്‍ഷം നടത്തലാണ്.

ഇത്തരം അക്കൗണ്ടുകളില്‍ പലതും ഇതിനുവേണ്ടി മാത്രം ഉപയോഗിക്കുന്നവയുമാണ്. വ്യക്തി വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയില്ല എങ്കില്‍ ആരോടും എന്തും പറയാം, ഒരിക്കലും പിടിക്കപ്പെടില്ല എന്നുള്ള ധൈര്യമാണ് മറഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന ഇത്തരം വ്യാജ സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ക്ക്. 

യഥാര്‍ത്ഥ ഐഡി ഉപയോഗിക്കുന്ന വ്യക്തികളെക്കാളും പതിന്മടങ്ങ്‌ ശക്തി ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കുണ്ടാകും. സ്വന്തം ഐഡന്‍ഡിറ്റി വെളുപ്പെടുത്തി അഭിപ്രായങ്ങള്‍ ശക്തമായി പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ, കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെ എടുത്തുചാടി പ്രതികരിക്കുന്ന രീതി, ആരെയും അംഗീകരിക്കാനുള്ള മനസ്സില്ലായ്മ, മറ്റൊരാളെ അപമാനിച്ചു ക്രൂരമായ ആനന്തം കണ്ടെത്തുക എന്നിവയാണ് ഇത്തരക്കാരുടെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതകള്‍.

 തെങ്കാശിപ്പട്ടണം സിനിമയില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം തലയില്‍ കുടം കമഴ്ത്തി, “എനിക്ക് നിങ്ങളുടെ മുഖത്തു നോക്കാതെ ചില കാര്യങ്ങള്‍ പറയാനുണ്ട്” എന്ന് പറയുന്ന പോലെയാണ് ചുരുക്കത്തില്‍ ഇവരുടെ അവസ്ഥ. ഇത്തരക്കാരുടെ യഥാര്‍ത്ഥ പ്രൊഫൈലുകളില്‍ ഇവര്‍ മാന്യതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുകയും ചെയ്യും.

അതേസമയം മനസ്സില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന എല്ലാ കൊള്ളരുതായ്മകളും വ്യാജ അക്കൗണ്ടുകളിലൂടെ ഒളിയമ്പുകളായി ഇടതടവില്ലാതെ പുറത്തേക്ക് പ്രവഹിക്കും. 2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.5 ബില്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കംചെയ്തു എന്നാണ് ഫേസ്ബുക്ക്‌ അവകാശപ്പെടുന്നത്.

ജീവിതത്തില്‍ പുലര്‍ത്തുന്ന ഉത്തരവാദിത്വം ഓണ്‍ലൈനിലും പുലര്‍ത്തണമെന്നാണ് ഈ നടപടിയിലൂടെ ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആന്‍ഡ് കെയര്‍ ടീം വക്താവായ ശബ്‌നം ഷെയ്ക്ക് പറഞ്ഞത്. വരുംകാലങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ മുഖംമൂടി അണിഞ്ഞവര്‍ക്ക് പൂട്ടുവീഴുന്ന തരത്തില്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാകും എന്നു പ്രതീക്ഷിക്കാം.

എഴുതിയത്:

പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പ്രതീക്ഷ, പുഷ്പഗിരി മെഡിക്കല്‍ കോളേജ്
Email: priyavarghese.cp@gmail.com

click me!