നോവല്‍ എഴുതാതിരിക്കാന്‍  ഏഴു കാരണങ്ങള്‍ (എഴുതാന്‍ ഒരേയൊരെണ്ണവും)

By Vaakkulsavam Literary FestFirst Published Apr 13, 2021, 7:29 PM IST
Highlights

വിശേഷിച്ചൊരു ഗുണവുമില്ലെന്നു വരുകിലും മനുഷ്യര്‍ നോവലെഴുത്തില്‍ മുഴുകുന്നതിന്റെ കാരണമെന്തായിരിക്കാം? സമകാലിക സ്പാനിഷ് സാഹിത്യത്തിലെ വലിയ നോവലിസ്റ്റുകളിലൊരാളായ ഹാവിയാര്‍ മാറിയാസ് എഴുതിയ ലേഖനം. പ്രമുഖ എഴുത്തുകാരന്‍ ഇ സന്തോഷ് കുമാറിന്റെ വിവര്‍ത്തനം. 

ഇന്നത്തെ സാഹചര്യത്തില്‍ നോവലെഴുതാതിരിക്കുന്നതിനാണ് ഏറെ കാരണങ്ങളുള്ളത് എന്ന് മാറിയാസ് പറയുന്നു. ആളുകള്‍ ഇടതടവില്ലാതെ അനുഷ്ഠിക്കുന്ന നോവല്‍ രചന എന്ന കര്‍മ്മം എത്രമാത്രം 'പ്രയോജനശൂന്യ'മാണെന്ന് സമര്‍ത്ഥിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും മാറിയാസ് ഉപയോഗിക്കുന്നത്. അവ്വിധം എഴുത്തിനു മേലുള്ള ഒട്ടനവധി ആടയാഭരണങ്ങളെ അത് അഴിച്ചുകളയുന്നു. പക്ഷേ ഒടുവില്‍, താന്‍ കൂടി ഉള്‍പ്പെടുന്ന ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ എന്നിട്ടും എന്തുകൊണ്ട് ഈ 'നിഷ്ഫലപ്രവൃത്തിയില്‍ ' ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിനുള്ള കാരണം അദ്ദേഹം എടുത്തെഴുതുന്നു.

 

ഹാവിയാര്‍ മാറിയാസ്

 

വിവര്‍ത്തകന്റെ കുറിപ്പ്:

ധാരാളം നോവലുകള്‍ പുറത്തുവരുന്നു. നേരിട്ടു മലയാളത്തിലെഴുതപ്പെടുന്നവയും അന്യഭാഷകളില്‍ നിന്നു വിവര്‍ത്തനം ചെയ്യപ്പെടുന്നവയും അവയിലുണ്ട്. ബഹുഭൂരിപക്ഷവും ക്ഷണികസാന്നിദ്ധ്യത്തിനു ശേഷം പുസ്തകശാലകളില്‍ നിന്നും - വായനക്കാരുടെ മനസ്സുകളില്‍ നിന്നുമതേ - സ്ഥലമൊഴിഞ്ഞു പോകുന്നു. എങ്ങനെയാണ് ഇത്രയേറെ നോവലുകള്‍ സംഭവിക്കുന്നത്? സാഹിത്യബന്ധമോ പരിശീലനമോ ഇല്ലാത്ത ആളുകള്‍ക്കുപോലും പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ അത്രയും എളുപ്പമാണോ നോവല്‍ രചന? അഥവാ, നോവലെഴുത്തിനു പിന്നിലുണ്ടെന്നു നാം വിചാരിക്കുന്ന നിഗൂഢതകള്‍ വ്യാജമാണോ? വിശേഷിച്ചൊരു ഗുണവുമില്ലെന്നു വരുകിലും മനുഷ്യര്‍ നോവലെഴുത്തില്‍ മുഴുകുന്നതിന്റെ കാരണമെന്തായിരിക്കാം? 

ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നമ്മുടെ ഭാഷയിലും ചര്‍ച്ചയായിട്ടുണ്ട്. റില്‍ക്കേയുടെ 'യുവകവിക്കുള്ള കത്തുകള്‍' പരിചയപ്പെടുത്തുന്ന 'റില്‍ക്കേ ചെറുപ്പക്കാരോടു പറഞ്ഞത്'എന്ന ലേഖനത്തില്‍  (പേനയുടെ സമരമുഖങ്ങള്‍ എന്ന പുസ്തകം) കെ.പി അപ്പന്‍ എഴുതുന്നു: 'എന്തുകൊണ്ടാണ് കഴിവിന്റെയും വാസനയുടെയും കാര്യത്തില്‍ ഇടത്തരക്കാരായവര്‍ സാഹിത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന ചോദ്യം വളരെ മുമ്പുതന്നെ ബല്‍സാക്ക് ചോദിച്ചിരുന്നു. ഒരാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അയാള്‍ ഉടന്‍ തന്നെ പേനയെടുക്കുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.' രാഷ്ട്രീയമായി ഇതൊരു ശരിയായ നിലപാടല്ലെന്ന് ഉത്തരാധുനികകാലത്തെ സിദ്ധാന്തങ്ങള്‍ വിധിച്ചേക്കാം. എന്നിരുന്നാലും ദൃശ്യമാധ്യമസമൃദ്ധികളുടെയും ക്ഷണികസാഹിത്യവായനകളുടേയും കാലത്ത് ഇത്തരം ആലോചനകള്‍ പ്രസക്തമാണെന്നു തോന്നുന്നു. എഴുത്തുകാരെ അവ ആത്മപരിശോധനയിലേക്കു നയിച്ചേക്കും. 

രചനയില്‍ ഉണ്ടെന്നു നാം ധരിക്കുന്ന നിഗൂഢതയെ വിശകലനം ചെയ്യുന്നതും സാഹിത്യവായനയുടെ ഭാഗമാണ്. നോവലെഴുത്തിന്റെ പ്രക്രിയയേയും പ്രതിഭാശേഷിയെയും പരിശോധിക്കുന്ന അത്തരമൊരു ലേഖനം ഹാവിയാര്‍ മാറിയാസ് (Javier Marias) എഴുതിയിട്ടുണ്ട്. സമകാലിക സ്പാനിഷ് സാഹിത്യത്തിലെ വലിയ നോവലിസ്റ്റുകളിലൊരാളാണ് ഹാവിയാര്‍ മാറിയാസ്.  അദ്ദേഹത്തിന്റെ  heart So white, Infatuations തുടങ്ങിയ നോവലുകള്‍ പ്രശസ്തമാണ്.  

ഇന്നത്തെ സാഹചര്യത്തില്‍ നോവലെഴുതാതിരിക്കുന്നതിനാണ് ഏറെ കാരണങ്ങളുള്ളത് എന്ന് മാറിയാസ് പറയുന്നു. ആളുകള്‍ ഇടതടവില്ലാതെ അനുഷ്ഠിക്കുന്ന നോവല്‍ രചന എന്ന കര്‍മ്മം എത്രമാത്രം 'പ്രയോജനശൂന്യ'മാണെന്ന് സമര്‍ത്ഥിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും മാറിയാസ് ഉപയോഗിക്കുന്നത്. അവ്വിധം എഴുത്തിനു മേലുള്ള ഒട്ടനവധി ആടയാഭരണങ്ങളെ അത് അഴിച്ചുകളയുന്നു. പക്ഷേ ഒടുവില്‍, താന്‍ കൂടി ഉള്‍പ്പെടുന്ന ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ എന്നിട്ടും എന്തുകൊണ്ട് ഈ 'നിഷ്ഫലപ്രവൃത്തിയില്‍ ' ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിനുള്ള കാരണം അദ്ദേഹം എടുത്തെഴുതുന്നു. മറിയാസിന്റെ ലേഖനത്തിനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. പരിഭാഷയില്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ കുറച്ചു സ്വാതന്ത്ര്യങ്ങളെടുത്തിട്ടുണ്ട്.

 

ഇ സന്തോഷ് കുമാര്‍


നോവല്‍ എഴുതാതിരിക്കാനുള്ള ഏഴു കാരണങ്ങള്‍:

ഒന്ന് 

അനേകം നോവലുകള്‍ പുറത്തിറങ്ങുന്നു, ഒട്ടനവധി ആളുകള്‍ നോവല്‍ രചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. മുമ്പേ ഇറങ്ങിക്കഴിഞ്ഞ നോവലുകള്‍ക്കുള്ള ആവശ്യം ഏറിവരികയും അവ നിരന്തരം വായിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആയിരക്കണക്കിനു പുതിയ നോവലുകള്‍ പ്രസാധകരുടെ പട്ടികകളിലും ലോകമെമ്പാടുമുള്ള പുസ്തകശാലകളിലും ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. പ്രസാധകര്‍ നിരസിക്കുന്ന, അതുകൊണ്ടുതന്നെ കമ്പോളത്തില്‍ ഒരിക്കലും എത്തിച്ചേരാത്ത ആയിരക്കണക്കിനു നോവലുകള്‍ വേറെയുമുണ്ട്. പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ത്തന്നെയും അവയും നിലനില്ക്കുന്നുണ്ടല്ലോ. അങ്ങനെ നോക്കിയാല്‍, അത്ര വലിയ വിദ്യാഭ്യാസമോ ശിക്ഷണമോ ഒന്നുംതന്നെ ആവശ്യമില്ലാത്ത, സ്‌കൂളില്‍ എഴുത്തും വായനയും പഠിച്ചിട്ടുള്ള ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ഒരു സാധാരണ സംഗതി മാത്രമാണ് നോവലെഴുത്ത് എന്നു പറയാം.

 

 

രണ്ട്

 അപ്പോള്‍പ്പിന്നെ, ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കും ചെയ്യാവുന്ന ഒരു പ്രവൃത്തി എന്ന നിലയില്‍, നോവല്‍ രചനയ്ക്ക് വിശേഷിച്ചൊരു യോഗ്യതയോ നിഗൂഢതയോ ഒന്നും അവകാശപ്പെടാനില്ല. കവികളും നാടകകൃത്തുക്കളും തത്വചിന്തകരും അതു ചെയ്യുന്നുണ്ട്. അതുപോലെത്തന്നെ സാമൂഹികശാസ്ത്രജ്ഞര്‍,  ഭാഷാപണ്ഡിതര്‍, പ്രസാധകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഗായകര്‍, ടെലിവിഷന്‍ അവതാരകര്‍, ഫുട്ബാള്‍ കോച്ചുമാര്‍, എഞ്ചിനിയര്‍മാര്‍, സ്‌കൂള്‍ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സിനിമാതാരങ്ങള്‍, നിരൂപകര്‍, കുലീനകുടുംബങ്ങളിലെ അംഗങ്ങള്‍, പുരോഹിതര്‍, വീട്ടമ്മമാര്‍, മനോരോഗവിദഗ്ദ്ധര്‍, സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാര്‍, പട്ടാളക്കാര്‍, ആട്ടിടയന്‍മാര്‍; എല്ലാവരും നോവലെഴുതുന്നു. അങ്ങനെ സവിശേഷമായ യോഗ്യതയോ നിഗൂഢതയോ ഒന്നും വേണ്ടെന്നുണ്ടെങ്കില്‍പ്പോലും ആളുകളെ നോവലെഴുത്തിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഉണ്ട്: ഇനി അതു മേനി നടിക്കാനുള്ള വെറും ഒരാഭരണമാണെന്നു വരുമോ? എന്നാല്‍പ്പോലും ഇത്രയേറെ ആളുകളെ - അവരുടെ തൊഴിലോ പരിചയമോ പരിശീലനമോ ആസ്തിയോ പ്രശസ്തിയോ ഒന്നും പരിഗണിക്കാതെ - അവരുടെ കൊക്കിലൊതുങ്ങാവുന്ന ഒന്നായി ഈ കര്‍മ്മം പ്രലോഭിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും? 

 

 

മൂന്ന്

 നോവലെഴുത്ത് നിങ്ങളെ പണക്കാരനാക്കുകയില്ല. പുറത്തുവരുന്ന നൂറില്‍ ഒരു നോവല്‍ - അതുതന്നെ ശുഭാപ്തിവിശ്വാസം കൊണ്ടു പറയുന്ന ശതമാനക്കണക്കാണ് - നല്ല രീതിയില്‍ വിറ്റുപോയെന്നിരിക്കാം. അപ്പോള്‍പ്പോലും, അങ്ങനെ കിട്ടുന്ന പണം ഒരാളുടെ ജീവിതസാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നു വരില്ല. എന്തുതന്നെയായാലും മറ്റു തൊഴിലുകളില്‍ നിന്നു വിരമിക്കാന്‍ പോന്നത്രയും വരുമാനം അതില്‍ നിന്നു കിട്ടുകയില്ലെന്നുള്ളതു തീര്‍ച്ചയാണ്.  

എന്തിനേറെ പറയുന്നു, ആളുകള്‍ വായിക്കാനിടയുള്ള ഒരു നോവലെഴുതുന്നതിനായി മാസങ്ങള്‍- ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയും- എടുത്തെന്നുവരും. പണം സമ്പാദിക്കുന്നതിനായി കഷ്ടി ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള ഒരു ഏര്‍പ്പാടിനായി ഇക്കണ്ട സമയമെല്ലാം ചെലവഴിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിശേഷിച്ചും ഇന്നത്തെ കാലത്ത് ആരുടെ കൈയ്യിലും - പ്രഭുക്കന്‍മാരുടേയോ വീട്ടമ്മമാരുടേയോ കൈവശം പോലും - അത്രയേറെയൊന്നും സമയമെടുക്കാനില്ല എന്നുള്ള കാര്യം ആലോചിക്കുമ്പോള്‍. പണ്ട് മാര്‍ക്വി ദെ സാദെയും (Marques de Sade) ജെയിന്‍ ഓസ്റ്റിനും (Jane Austen) അങ്ങനെ ചെയ്തിരുന്നു. പക്ഷേ, അവരുടെ പോലുള്ള ആളുകള്‍ ഇന്നതു ചെയ്യുന്നില്ല. എഴുത്തു പോട്ടെ, വായനയില്‍ താല്പര്യമുള്ള പ്രഭുക്കള്‍ക്കും വീട്ടമ്മമാര്‍ക്കുമൊന്നും അവരുടെ എഴുത്തുകാരായ സുഹൃത്തുക്കള്‍ എഴുതുന്നതു വായിക്കാന്‍ പോലും സമയം കിട്ടുന്നില്ല. 

 

 

നാല്

 നോവലെഴുതുന്നതിലൂടെ വലിയ കീര്‍ത്തി കിട്ടും എന്നതിന് ഒരുറപ്പുമില്ല. ഇനി കിട്ടിയാല്‍പ്പോലും അതു തുച്ഛമായ പ്രശസ്തിയായിരിക്കും. അത്തരം പ്രസിദ്ധി, കൂടുതല്‍ എളുപ്പത്തിലും താരതമ്യേന കുറഞ്ഞ അദ്ധ്വാനം കൊണ്ടും മറ്റു മേഖലകളില്‍ നിങ്ങള്‍ക്കു കൈവരിക്കാവുന്നതേയുള്ളൂ. ഏവര്‍ക്കും അറിയാവുന്നതുപോലെ ശരിയായ രീതിയിലുള്ള പ്രശസ്തി കിട്ടാനിടയുള്ളത് ടെലിവിഷനിലൂടെയാണ്. അവിടെയാവട്ടെ, നോവലിസ്്റ്റുകള്‍ ഒരപൂര്‍വ്വ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഇനി നോവലിസ്റ്റുകള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍, അതവരുടെ നോവലിന്റെ മഹത്വം കൊണ്ടോ അതിനോടുള്ള ആളുകളുടെ താല്പര്യം കൊണ്ടോ അല്ല, പകരം അതില്‍ വന്നിരുന്ന് വിഡ്ഢികളായും കോമാളികളായും വേഷം കെട്ടാന്‍ അവര്‍ക്കു സാധിക്കുന്നു എന്നതു കൊണ്ടാണ് - കലയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ മറ്റനേകം മേഖലകളില്‍ നിന്നുമുള്ള വേറേയും കോമാളികളെപ്പോലെത്തന്നെ.

ടെലിവിഷന്‍ അരങ്ങില്‍ വന്നു താരമായി മാറിയ ഈ നോവലിസ്റ്റ് എഴുതിയ നോവലുകളാകട്ടെ, ആളുകള്‍ ഉടനെത്തന്നെ മറന്നുകളയാനിടയുള്ളതും മുഷിപ്പനുമായ അയാളുടെ പ്രശസ്തിക്കുള്ള ഒരു മറ മാത്രമായിരിക്കും. അയാള്‍ ഇനി എഴുതാന്‍ പോകുന്ന പുസ്തകങ്ങളുടെ ഗുണമേന്‍മയല്ല - അതൊക്കെ ആരു നോക്കാന്‍!- പകരം, നടക്കാന്‍ പോകുമ്പോള്‍ കൈയ്യില്‍ ഒരൂന്നുവടി പിടിക്കാനും കമനീയമായ ഉത്തരീയങ്ങളോ ഹവായ് കുപ്പായമോ അറപ്പുളവാക്കുന്ന കോട്ടുകളോ ധരിക്കാനും, നടപ്പുമാതൃകകളിലൊതുങ്ങാത്ത ഒരു അഭിനവദൈവവുമായി വിനിമയം നടത്തുന്നതെങ്ങനെ എന്നു വിശദീകരിക്കാനും, എത്ര എളുപ്പത്തിലും അകൃത്രിമമായും തനിക്ക് മൂര്‍വംശജരോടൊപ്പം ഇടകലര്‍ന്നു ജീവിക്കാന്‍ പറ്റുന്നു (ഇക്കാര്യം സ്‌പെയിനില്‍ നന്നായി ചെലവാകും) എന്നു വിശദീകരിക്കാനുമൊക്കെയയുള്ള കഴിവായിരിക്കും അയാളുടെ പ്രശസ്തിയുടെ മാനദണ്ഡം. 

ഇന്നത്തെ കാലത്ത് കാര്യമായി ഒന്നും ചെയ്യാതെത്തന്നെ ഒരാള്‍ക്കു പ്രശസ്തനാവാന്‍ സാധിക്കും എന്നിരിക്കേ, അതിനു വേണ്ടി മാത്രമായി കഷ്ടപ്പെട്ട് ഒരു നോവലെഴുതുക എന്നത് (തറ നിലവാരത്തിലുള്ള എഴുത്താണെങ്കില്‍ക്കൂടി അതിനു സമയമെടുക്കുമല്ലോ) അര്‍ത്ഥശൂന്യമായ ഒരേര്‍പ്പാടാണ്. വലിയ പ്രശസ്തിയുള്ള ഒരാളുമായുള്ള വിവാഹം, അല്ലെങ്കില്‍ ഒരു ബന്ധം, അതിനോടനുബന്ധമായുള്ള വിവാഹ-വിവാഹേതരസംഗതികള്‍ ഇവയൊക്കെ യശസ്സു സമ്പാദിക്കാനുള്ള കൂടുതല്‍ മികച്ച ഏര്‍പ്പാടുകളാണ്. അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വൃത്തികേടുകള്‍ ചെയ്യാം, നീണ്ട തടവുശിക്ഷയൊന്നും കിട്ടാത്ത അക്രമം കാണിക്കാം.

 

 

അഞ്ച്

നോവല്‍ നിങ്ങള്‍ക്ക് അനശ്വരത നേടിത്തരുകയില്ല; എന്തെന്നാല്‍ അനശ്വരത എന്നൊന്ന് ഇപ്പോഴില്ല. നിങ്ങള്‍ പില്‍ക്കാലത്ത് ഓര്‍മ്മിക്കപ്പെടാനുള്ള സാദ്ധ്യതയും കുറവാണ്; ഒരാള്‍ മരിച്ച് ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ആളുകള്‍ അയാളെ മറന്നുകളയുന്നു. അങ്ങനെയല്ല എന്നു വിശ്വസിക്കുന്ന നോവലിസ്റ്റ് ഭൂതകാലത്തില്‍ ജീവിക്കുന്ന ആളായിരിക്കും. ഒന്നുകില്‍ അയാള്‍ പൊങ്ങച്ചം പറയുകയായിരിക്കും, അല്ലെങ്കില്‍ തീരെ നിഷ്‌ക്കളങ്കന്‍.

ഒരു നോവല്‍ ഏറിവന്നാല്‍ കുറച്ചുകാലം നിലനില്ക്കും എന്നു വിചാരിക്കാം. നിരൂപകരും വായനക്കാരും ഒരുപോലെ അതിനെ മറക്കുന്നതുകൊണ്ടു മാത്രമല്ല, അതു പുറത്തുവന്ന് കുറച്ചു മാസങ്ങള്‍ കഴിയുന്നതോടു കൂടി പുസ്തകശാലകളിലെ തട്ടുകളില്‍ നിന്നും അവ അപ്രത്യക്ഷമായേക്കും. (പുസ്തകക്കടകള്‍ നിലനില്‍ക്കുമെന്നു സങ്കല്പിച്ചാല്‍ത്തന്നെയും). അതിനാല്‍ നമ്മുടെ പുസ്തകങ്ങള്‍ കല്‍പാന്തകാലത്തോളം നില്ക്കും എന്നു വിശ്വസിക്കുന്നത് അസംബന്ധമാകുന്നു. ജനിക്കുന്നതിനു മുമ്പേത്തന്നെ കെട്ടുപോകുന്ന, ഇനി ജന്‍മമെടുത്താല്‍ത്തന്നെ ഒരു കീടത്തിന്റെ ആയുസ്സു മാത്രമുള്ള ഒരു വസ്തു ഒരിക്കലും നശിക്കുകയില്ലെന്നു പറയുന്നതെങ്ങനെയാണ്? കാലാകാലത്തോളം നിലനില്ക്കുന്ന പ്രശസ്തി നേടുക എന്നതൊന്നും ഇനിയാര്‍ക്കും പ്രതീക്ഷിക്കാനാവില്ല.

 

 

ആറ്

 നോവലെഴുത്ത് ഒരാളുടെ അഹംബോധത്തെ തെല്ലുനേരത്തേക്കുപോലും ഉയര്‍ത്തിക്കാട്ടുന്നില്ല. ചലച്ചിത്രസംവിധായകര്‍ക്കോ ചിത്രകാരന്‍മാര്‍ക്കോ ഗായകര്‍ക്കോ സാധിക്കുന്നതുപോലെ സ്വന്തം സൃഷ്ടിയോടുള്ള സദസ്സിന്റെ പ്രതികരണം, അല്ലെങ്കില്‍ അവരുടെ കൈയ്യടികള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക എന്നുള്ളത് നോവലിസ്റ്റിന് അസാധ്യമാണ്. വായനക്കാരന്‍ തന്റെ കൃതി വായിക്കുന്നതോ അതില്‍ ആഹ്ലാദിക്കുന്നതോ പുളകം കൊള്ളുന്നതോ ഒന്നും അയാള്‍ കാണുന്നില്ല. ധാരാളം കോപ്പികള്‍ വില്‍ക്കാന്‍ ഭാഗ്യം ചെയ്തിട്ടുള്ള ആളാണെങ്കില്‍, വില്‍പനയുടെ സംഖ്യയെച്ചൊല്ലി അയാള്‍ക്ക് ആശ്വസിക്കാം. അതെത്ര വലിയ സംഖ്യയായാലും, അതു മാത്രമായി നിലനില്ക്കുന്നു; അമൂര്‍ത്തവും വികാരരഹിതവുമായ ഒരു സംഖ്യ.

അതോടൊപ്പം,  തന്നെ സമാശ്വസിപ്പിക്കുന്ന അത്തരം വില്‍പനക്കണക്കുകള്‍ മറ്റുപലര്‍ക്കും സാധ്യമാണെന്ന് അയാള്‍ അറിഞ്ഞിരിക്കണം:  ടെലിവിഷനിലെ പാചകപരിപാടികള്‍ നടത്തുന്നവര്‍, അവരുടെ പാചകക്കുറിപ്പുകളുടെ പുസ്തകങ്ങള്‍, ഒട്ടും കഥയില്ലാത്ത താരങ്ങളെക്കുറിച്ച് പരദൂഷകസ്വഭാവമുള്ള ജീവചരിത്രങ്ങളെഴുതുന്നവര്‍, മാലയും രുദ്രക്ഷവും കളസവും ധരിച്ച് ഭാവി പ്രവചിക്കാനിരിക്കുന്നവര്‍, താരറാണിമാരുടെ വിഷജീവികളായ പെണ്‍മക്കള്‍, തങ്ങളിലൊഴിച്ച് മറ്റെല്ലാവരിലും ഫാസിസം കാണുന്ന ഫാസിസത്തെക്കുറിച്ചു കോളമെഴുതുന്നവര്‍, പെരുമാറ്റത്തെക്കുറിച്ചു പാഠങ്ങള്‍ കൊടുക്കുന്ന വിഡ്ഢികള്‍, അതേപോലെത്തന്നെ പേരെടുത്ത അനേകം എഴുത്തുതൊഴിലാളികള്‍. 

ഇനി തിളക്കമുള്ള റിവ്യൂകള്‍ കിട്ടുന്നതിനെപ്പറ്റി: അതിനുള്ള സാദ്ധ്യത വളരെ കുറവാണ്. ഒരു നോവല്‍ അതിനായി പരിഗണിക്കപ്പെടുകയാണെങ്കില്‍, റിവ്യൂ ചെയ്യുന്നയാള്‍ ആദ്യത്തെ തവണ എഴുത്തുകാരനെ വെറുതെ വിട്ടേക്കും. പക്ഷേ, രണ്ടാമത് അതുണ്ടാവില്ല. അതല്ലെങ്കില്‍ നിരൂപകന്‍ തെറ്റായ കാരണങ്ങള്‍ കൊണ്ടാണ് തന്റെ നോവലിനെ ഇഷ്ടപ്പെടുന്നതെന്ന് എഴുത്തുകാരന്‍ ധരിച്ചേക്കാം. ഇനി ഇതൊന്നും സംഭവിക്കുന്നില്ലെങ്കില്‍, നോവലിന് ഉദാരവും ബുദ്ധിപൂര്‍വ്വകവുമായ ഒരു പരസ്യസ്തുതി ലഭിക്കുകയാണെങ്കില്‍ത്തന്നെ, ഏതാണ്ട് രണ്ടുപേര്‍ മാത്രമേ ആ പ്രത്യേക റിവ്യൂ വായിക്കുകയുള്ളൂ - അതു കൂടുതല്‍ നടുക്കത്തിനും മോഹഭംഗത്തിനും കാരണമാവും. 

 

 

ഏഴ്

പതിവുള്ള, മുഷിപ്പനായ എല്ലാ കാരണങ്ങളും ഞാനിവിടെ നിരത്താം: തന്റെ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ഒരു നോവലിസ്റ്റിന്റെ ഒറ്റപ്പെടല്‍, വാക്കുകളോടു മല്ലടിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍, അവയുടെ വിന്യാസം. ശൂന്യമായ താളിനെ ഓര്‍ത്തുള്ള ഭീതി, ഏകാന്തതയില്‍ വെളിവായിക്കിട്ടുന്ന ഘോരസത്യങ്ങളുമായുള്ള അയാളുടെ വേദനാകരമായ ബന്ധം, അധികാരകേന്ദ്രങ്ങളോടുള്ള നിരന്തരമായ കലഹങ്ങള്‍, സത്യവും നുണയും തിരിച്ചറിയാനാവാത്ത വണ്ണം വാസ്തവികതയുമായി അയാള്‍ക്കുള്ള അവ്യക്തമായ ഒരു പാരസ്പര്യം, ചില സമയങ്ങളില്‍ സ്വതന്ത്രരായി തങ്ങളുടെ സ്രഷ്ടാവില്‍ നിന്നുതന്നെ കുതറിയോടാന്‍ കഴിവുള്ള (അങ്ങനെ സംഭവിക്കണമെങ്കില്‍ എഴുത്തുകാരന്‍ ഏറെക്കുറെ ഒരു ഭീരുവായിരിക്കണം) തന്റെ കഥാപാത്രങ്ങളുമായുള്ള കഠിനമായ പോരാട്ടങ്ങള്‍, വലിയ അളവില്‍ അയാള്‍ അകത്താക്കുന്ന മദ്യം, സാമാന്യവും സവിശേഷവുമായി ഒരു കലാകാരന്‍ നയിക്കേണ്ടുന്ന അരാജകജീവിതം. ഇങ്ങനെയുള്ള അസംഖ്യം ചെറുസംഗതികള്‍ പാവങ്ങളും ബുദ്ധിശൂന്യരുമായ കുറെ ആളുകളെ നെടുനാളത്തേക്കു പ്രലോഭിപ്പിക്കുകയും, താരതമ്യേന ലഘുവും ആഹ്ലാദകരവുമായ കഥ പറച്ചില്‍ എന്ന സംഗതിയില്‍ വലിയ ആവേശങ്ങളും വേദനകളും കാല്പനികസ്വപ്നങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. 

ഇതെല്ലാം നോവല്‍ എഴുതാനുള്ള ഒരേയൊരു കാരണത്തിലേക്ക് എന്നെ നയിക്കുന്നു. അത് മുമ്പേപ്പറഞ്ഞ ഏഴു സംഗതികളുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ കാര്യമൊന്നുമല്ലെന്നു തോന്നാം.  മാത്രവുമല്ല, അത് അവയില്‍ പലതിനോടും ഒത്തുപോകാതിരിക്കുകയും ചെയ്യാം.

 

 

ആദ്യമായും അവസാനമായും ആ കാരണം ഇതാണ്:

നോവലെഴുത്ത് എഴുത്തുകാരനെ ഏറെ സമയവും ഒരു ഭാവനാലോകത്തു സമയം ചെലവഴിക്കാന്‍ അനുവദിക്കുന്നു. അതാണ് വാസ്തവത്തില്‍ അയാള്‍ക്കു വസിക്കാന്‍ കൊള്ളാവുന്ന അല്ലെങ്കില്‍ സഹിക്കാനാവുന്ന ഒരേയൊരു ഇടം. സംഭവിക്കാമായിരുന്ന, പക്ഷേ സംഭവിച്ചിട്ടില്ലാത്ത;  അതുകൊണ്ടുതന്നെ ഇപ്പോഴും സാദ്ധ്യമായ, ഏതുസമയത്തും നടക്കാനിടയുള്ള, ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു എന്ന മട്ടില്‍ തള്ളിക്കളഞ്ഞിട്ടില്ലാത്ത, അതുമല്ലെങ്കില്‍ ഒരിക്കലും നടക്കുകയില്ലെന്ന് ഏവര്‍ക്കും അറിയാവുന്ന ഒരു സാങ്കല്‍പികഭൂമികയില്‍ അയാള്‍ക്കു ജിവിക്കാനാവും എന്നുള്ളതാണ് അതിന്റെയര്‍ത്ഥം. വാസ്തവിക നോവലിസ്റ്റ് എന്നു വിളിക്കപ്പെടുന്നയാള്‍ എഴുതുമ്പോള്‍ യഥാര്‍ത്ഥലോകത്ത് സ്വയം പ്രതിഷ്ഠിക്കുന്നു. താനൊരു ചരിത്രകാരനാണോ, പത്രലേഖകനാണോ അതോ ഡോക്യുമെന്ററി നിര്‍മ്മാതാവാണോ എന്ന് ആലോചിച്ച് അയാള്‍ കുഴങ്ങുന്നു. 

അതേ സമയം ഒരു യഥാര്‍ത്ഥനോവലിസ്റ്റ് യാഥാര്‍ത്ഥ്യത്തെയല്ല ചിത്രീകരിക്കുക; അയഥാര്‍ത്ഥത്തെയായിരിക്കും. എന്നുവച്ചാല്‍ ഒട്ടും സംഭവ്യമല്ലാത്തതോ ഭ്രമാത്മകമോ ആയ ഒന്ന് എന്ന അര്‍ത്ഥത്തിലല്ല. സംഭവിക്കാമായിരുന്ന ഒന്ന്, പക്ഷേ സംഭവിക്കാതിരുന്നത്; വസ്തുതകളില്‍ നിന്നും സംഭവങ്ങളില്‍ നിന്നും സന്ദര്‍ഭങ്ങളില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായത്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതില്‍ നിന്നും കണിശമായും എതിരായ ഒന്ന്. എന്താണോ വെറുതെ 'സാധ്യമായിട്ടുള്ളത്', അതു സാധ്യതയായിത്തന്നെ തുടര്‍ന്നുപോവുന്നു, ഏതുകാലത്തും സ്ഥലത്തുമുള്ള ഒരു നിതാന്തസാദ്ധ്യതയായി നിലനില്ക്കുന്നു. അക്കാരണം കൊണ്ടാണ് നമ്മളിപ്പോഴും ഡോണ്‍ ക്വിക്‌സോട്ടും മദാം ബോവറിയും വായിക്കുന്നത്.  നടക്കാന്‍ സാദ്ധ്യതയില്ലാത്തതോ അല്ലെങ്കില്‍ കാലം കഴിഞ്ഞതോ ആയ ചിലതായി പരിഗണിക്കാതെ അവയിലിപ്പോഴും കുറച്ചിട നമുക്കു ജീവിക്കാന്‍ കഴിയുന്നത്.

നമുക്കറിയാവുന്ന, അല്ലെങ്കില്‍ നാം കണക്കാക്കുന്ന 1600-ലെ സ്‌പെയിന്‍ സെര്‍വാന്റിസിന്റെ സ്‌പെയിനാണ്. സാങ്കല്‍പിക പുസ്തകങ്ങളെക്കുറിച്ചെഴുതപ്പെട്ട, ഒരു സാങ്കല്‍പികപുസ്തകത്തിലെ സ്‌പെയിന്‍. യഥാര്‍ത്ഥത്തിലുണ്ടായിരുന്നതോ സത്യമായതോ ആയ ഒരു  ലോകത്തില്‍ നിന്നല്ല, പകരം ഇത്തരം പുസ്തകങ്ങളില്‍ നിന്നുമാണ് കാലംതെറ്റി ജീവിക്കുന്ന ഒരു പ്രഭു ഉടലെടുക്കുന്നത്. 1600-കളിലെ സ്‌പെയിന്‍ എന്നു നാം വിളിക്കുന്ന ഒരിടം വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നു എന്ന് വിശ്വസിക്കുക മാത്രമേ നമുക്കു ചെയ്യാനുള്ളൂ.  നമുക്കായി നിലനില്ക്കുന്ന 1900-ലെ ഫ്രാന്‍സ് പ്രൂസ്ത് (Marcel Proust) തന്റെ രചനയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ഒരു ദേശമായിരുന്നു എന്നതുപോലെ. 

ചെന്നുപൊറുക്കാന്‍ കൊള്ളാവുന്ന ഒരേയൊരു ഇടം ഭാവനയുടെ ദേശമാണെന്ന് അല്‍പം മുമ്പ് ഞാന്‍ പറഞ്ഞു. ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന ഒരാള്‍ക്ക് വൈവിധ്യവും ആശ്വാസവും അതു സമ്മാനിക്കുന്നു. മറ്റൊന്നുകൂടിയുണ്ട്: സാങ്കല്‍പികമായൊരു വര്‍ത്തമാനകാലത്തെ പ്രദാനം ചെയ്യുന്നതുകൂടാതെ അത് സാധ്യമായൊരു ഭാവിയെക്കൂടി വാഗ്ദാനം ചെയ്യുന്നു.  വൈയക്തികമായൊരു അനശ്വരതയുമായി അതിനു ബന്ധമൊന്നുമില്ലെങ്കിലും ഒരു നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരെ ചെറുതായ ഒരു കാര്യമുണ്ട്: ഇപ്പോള്‍ എഴുതുന്നത് അയാള്‍ ഒരിക്കലും കാണാനിടയില്ലാത്ത ഒരു ഭാവിക്കു രൂപം കൊടുക്കുകയോ ഭാവിയെ നിര്‍മ്മിക്കുകയോ ചെയ്‌തേക്കും എന്ന സാദ്ധ്യത. 

 

Courtesy: The Independent 

click me!