ഷാർലറ്റ് ബ്രോണ്ടിയുടെ കവിതകളുടെ കയ്യെഴുത്തുപ്രതി, വിറ്റത് 9.59 കോടി രൂപയ്ക്ക്...

By Web TeamFirst Published Apr 27, 2022, 3:14 PM IST
Highlights

ചെറിയ കൈയക്ഷരത്തിലാണ് കവിത എഴുതിയിട്ടുള്ളത്. ഒരു അച്ചടിയന്ത്രത്തിന്റെ ഫോണ്ട് പോലെ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അത്.  "ഭൂതക്കണ്ണാടി ഇല്ലാതെ ഒറ്റനോട്ടത്തിൽ വായിക്കുക അസാധ്യമാണ്" ന്യൂയോർക്ക് ടൈംസിന്റെ ജെന്നിഫർ ഷൂസ്ലർ എഴുതി. 

ഒരു ഇം​ഗ്ലീഷ് നോവലിസ്റ്റും, കവിയുമാണ് ഷാർലറ്റ് ബ്രോണ്ടി(Charlotte Bronte). 13 -ാമത്തെ വയസിൽ അവർ എഴുതിയ എന്നാൽ പ്രസിദ്ധീകരിക്കാത്ത പത്ത് കവിതകളുടെ ഒരു ചെറിയ കയ്യെഴുത്തുപ്രതി ന്യൂയോർക്കിൽ വിറ്റുപോയത് 9.59 കോടി(9.59 crore) രൂപയ്ക്ക്. ന്യൂയോർക് ആന്റിക്വേറിയൻ പുസ്തകമേളയിലാണ് പുസ്തകം വിറ്റുപോയത്. 'എ ബുക്ക് ഓഫ് റൈംസ് ബൈ ഷാർലറ്റ് ബ്രോണ്ടി, സോൾഡ് ബൈ നോബഡി, പ്രിന്റഡ് ബൈ ഹെർസെൽഫ്'( 'A Book of Rhymes by Charlotte Bronte, Sold by Nobody and Printed by Herself') എന്നാണ് ഇതിന്റെ പേര്. ഈ ചെറിയ പുസ്തകം യുകെ ചാരിറ്റിയായ ഫ്രണ്ട്സ് ഓഫ് നാഷണൽ ലൈബ്രറീസാണ് വാങ്ങിയത്. ലൈബ്രറി അത് ബ്രോണ്ടി പാഴ്‌സണേജ് മ്യൂസിയത്തിന് സംഭാവന ചെയ്യുന്നതായിരിക്കും. ബ്രോണ്ടി സൊസൈറ്റി പരിപാലിക്കുന്ന ബ്രോണ്ടി പാഴ്‌സണേജ് മ്യൂസിയം യഥാർത്ഥത്തിൽ എഴുത്തുകാരിയുടെ വീട് തന്നെയാണ്.  

15 പേജുകളുള്ള കൈയെഴുത്തുപ്രതി 1829 -ലേതാണെന്ന് കരുതപ്പെടുന്നു. ചീട്ടിനെക്കാളും ചെറുതാണ് അതിന്റെ ഏടുകൾ. ഇതിന്റെ വലുപ്പം വെറും 10 സെന്റീമീറ്റർ ബൈ 6 സെന്റീമീറ്ററാണ്. മൂന്ന് മാസത്തെ കാലയളവിലാണ് കവിതകൾ എഴുതിയതെന്ന് കരുതപ്പെടുന്നു. ആളുകളുടെ സ്വകാര്യ ശേഖരത്തിലുള്ള രണ്ട് ഡസനിലധികം പ്രശസ്തമായ ചെറിയ പുസ്തകങ്ങളിൽ അവസാനത്തേതാണിത്.  ഓൺ സീയിങ് ദി റുയിൻസ് ഓഫ് ദി ടവർ ഓഫ് ബാബേൽ, സോങ്‌സ് ഓഫ് ആൻ എക്സയ്ൽ, മെഡിറ്റേഷൻസ് വൈൽ ജേർണിയിങ് ഇൻ എ കാനേഡിയൻ ഫോറസ്ററ് എന്നിവയാണ് അതിലെ ചില കവിതകൾ. 

1916 -ൽ ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ഈ പുസ്തകം $520 -ന് വിറ്റുപോയിരുന്നു. അതിനുശേഷം അത് പൊതുജനമധ്യത്തിൽ നിന്ന് അപ്രത്യക്ഷമായി. അടുത്തിടെ ഒരു പുസ്തകത്തിൽ കൊരുത്തുവച്ച ഒരു കവറിൽ നിന്ന് ഇത് വീണ്ടും കണ്ടെത്തി. "ഇത് ശരിക്കും അസാധാരണമാണ്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് ഇതുവരെ ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല" ബ്രോണ്ടി പാഴ്സണേജ് മ്യൂസിയത്തിന്റെ പ്രിൻസിപ്പൽ ക്യൂറേറ്റർ ആൻ ഡിൻസ്‌ഡേൽ പറഞ്ഞു.

ചെറിയ കൈയക്ഷരത്തിലാണ് കവിത എഴുതിയിട്ടുള്ളത്. ഒരു അച്ചടിയന്ത്രത്തിന്റെ ഫോണ്ട് പോലെ തോന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അത്.  "ഭൂതക്കണ്ണാടി ഇല്ലാതെ ഒറ്റനോട്ടത്തിൽ വായിക്കുക അസാധ്യമാണ്" ന്യൂയോർക്ക് ടൈംസിന്റെ ജെന്നിഫർ ഷൂസ്ലർ എഴുതി. ഫ്രണ്ട്സ് ഓഫ് നാഷണൽ ലൈബ്രറീസിന് പുസ്തകം സ്വന്തമാക്കാൻ രണ്ടാഴ്ചത്തെ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനകത്ത് അവർ ഇത്രയും തുക സ്വരൂപിക്കാൻ വളരെ പാടുപെട്ടു. 

"ഷാർലറ്റ് ബ്രോണ്ടിയുടെ ചെറിയ പുസ്തകം കാത്ത് സൂക്ഷിക്കുന്നത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു കാര്യമാണ്. ഇത് എഴുതിയ ബ്രോണ്ടി പാഴ്‌സണേജിലേക്ക് തന്നെ അത് തിരികെ എത്തേണ്ടത് സാഹിത്യം പഠിക്കുന്ന എല്ലാവർക്കും പ്രധാനമാണ്" ലൈബ്രറീസിലെ ജോർഡി ഗ്രെഗ് പറഞ്ഞു. ബ്രോണ്ടി പാഴ്സണേജ് മ്യൂസിയത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ബ്രോണ്ടി കയ്യെഴുത്തുപ്രതികളുടെ ശേഖരമുള്ളത്. അവിടത്തെ പുസ്തകശേഖരണത്തിൽ ഇതിനകം ഒമ്പത് ചെറിയ പുസ്‌തകങ്ങളുണ്ട്, കൂടാതെ ഹോൺസ്‌ഫീൽഡ് ലൈബ്രറിയിൽ നിന്ന് ഏഴെണ്ണം കൂടി ഉടൻ ശേഖരത്തിലേക്ക് ചേർക്കും.

click me!