ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയിട്ട് 12ദിവസം; ജീവിതമാർ​ഗം വഴിമുട്ടി ബോട്ടുടമ

By Web TeamFirst Published Mar 2, 2021, 2:39 PM IST
Highlights

ഇക്കഴിഞ്ഞ 18 ന്പൂവാർ പൊഴിക്കരയിലേക്ക് ഇടിച്ച് കയറിയ മത്സ്യബന്ധന ബോട്ട് ഇതുവരെ കടലിലിറക്കാൻ സാധിച്ചിട്ടില്ലെന്ന് ഇഗ്നേഷ്യസ് ലയോള പറയുന്നു. ഈ സംഭവത്തിൽ സർക്കാരിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

തിരുവനന്തപുരം: 20 വർഷം ഗൾഫിൽ ജോലി ചെയ്തു ഉണ്ടാക്കിയ പണവും ബാങ്ക് വായ്പയും കൊണ്ട് വാങ്ങിയ ബോട്ടിന്റെ ദുരവസ്ഥ കണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്  കൊല്ലം ശക്തികുളങ്ങര കൈത്തോപ്പിൽ ഇഗ്നേഷ്യസ് ലയോള. പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ ട്രോളർ ബോട്ട് ദിശ തെറ്റി കരയിലേക്ക് ഇടിച്ചു കയറിയത്. ഇക്കഴിഞ്ഞ 18 ന്പൂവാർ പൊഴിക്കരയിലേക്ക് ഇടിച്ച് കയറിയ മത്സ്യബന്ധന ബോട്ട് 
ഇതുവരെ കടലിലിറക്കാൻ സാധിച്ചിട്ടില്ലെന്ന് ഇഗ്നേഷ്യസ് ലയോള പറയുന്നു. ഈ സംഭവത്തിൽ സർക്കാരിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ബോട്ട്  കരയിലിരിക്കാൻ തുടങ്ങിയിട്ട് 12 ദിവസം പിന്നിട്ടു. ദിവസം കൂടുംതോറും ശക്തമായ തിരയടിയിൽ ബോട്ടിന്റെ ഒരു വശം പൂർണമായും തകർന്ന അവസ്ഥയാണ്. ഇതിനാൽ ബോട്ട് കടലിറക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണ് ഇ​ഗ്നേഷ്യസ്. ബോട്ട് കടലിൽ ഇറക്കാൻ ഖലാസിമാരുടെ സഹായം തേടിയെങ്കിലും ഒന്നും ഫലം കാണാത്ത അവസ്ഥയാണ്‌. കടലിൽ ഇറക്കിയാലും അറ്റകുറ്റപണികൾ നടത്താൻ കഴിയുമോ എന്ന കാര്യത്തിലും സംശയമാണ്. 

കടലിൽ ഇറക്കാൻ സാധിച്ചില്ലെങ്കിൽ ഒന്നരക്കോടി രൂപ മുടക്കി നിർമ്മിച്ച ബോട്ട് തുച്ഛമായ തുകയ്ക്ക് പൊളിച്ചു വിൽക്കുക മാത്രമേ വഴിയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.  ഇൻഷ്വറൻസ് പരിരക്ഷയോ മറ്റ് സഹായങ്ങളോ ഇല്ലാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടം ബോട്ടുടമ സഹിക്കേണ്ടി വരും. ബോട്ടിനെ കഴിഞ്ഞ ദിവസമാണ് ഖലാസികൾ കഠിന പ്രയത്നത്തിലൂടെ നിവർത്തി നിർത്തിയത്. ഒരാഴ്ച്ചത്തെ തിരയടിയിലും മറ്റുമായി ബോട്ടിൻ്റെ ഒരു വശം തകർന്നിട്ടുണ്ട്. തകരാറ് പരിഹരിക്കാനായി സാങ്കേതിക വൈദധ്യമുള്ളവരെ എത്തിച്ചെങ്കിലും പരിഹാരമുണ്ടായില്ല. 

ബോട്ട് പൊളിച്ച് പണിയാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്ന് മനസ്സിലായതോടെയാണ് ബോട്ട് ഉപേക്ഷിക്കാൻ ഉടമ തീരുമാനിച്ചത്.കഴിഞ്ഞ ദിവസമാണ് ഖലാസികളുടെയും ഹിറ്റാച്ചികളുടെയും സഹായത്തോടെ ബോട്ടിനെ നിവർത്തിയത്. തിരയിൽ തകർന്ന ബോട്ടിനെ കൈമാറ്റം ചെയ്യണമെങ്കിൽ വീണ്ടും കരയിലേക്ക് വലിച്ച് കയറ്റണം. ഇതിനും ഖലാസികളുടെ സഹായം വേണ്ടിവരും. മണലിൽ ഉറച്ച ബോട്ടിനെ നിവർത്തിയെടുക്കാൻ മാത്രമായി വിവിധ വിഭാഗങ്ങളിലായി 75-ഓളം ആളുകൾ രാപ്പകൽ പണിയെടുത്തു. കൂടാതെ യന്ത്രസാമഗ്രികളുടെ സഹായം ഉൾപ്പെടെ പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവായതായും ഇഗ്നേഷ്യസ് പറയുന്നു. 

ഇത്രയും ദിവസം തീരത്തു കിടന്നെങ്കിലും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ തിരിഞ്ഞ് നോക്കിയില്ലെന്നു ആക്ഷേപമുയർന്നിട്ടുണ്ട്. ബോട്ടിലെ തൊഴിലാളികളിൽ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ് ചികിത്സയിലായിരുന്നവരും ആശുപത്രി വിട്ടു. ജീവിത മാർഗ്ഗം കൂടി നഷ്ടപ്പെട്ടതോടെ ട്രോളറിന് വേണ്ടി എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇഗ്ന്യേഷസ് ലയോള.

click me!