22 വര്‍ഷങ്ങൾക്ക് ശേഷം തേയിലയ്ക്ക് വിലകൂടി; വയനാട്ടിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം

Web Desk   | Asianet News
Published : Sep 23, 2020, 08:29 AM IST
22 വര്‍ഷങ്ങൾക്ക് ശേഷം തേയിലയ്ക്ക് വിലകൂടി; വയനാട്ടിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം

Synopsis

ജൂലായ് മാസത്തില്‍ കിലോയ്ക്ക് 15 രൂപയായിരുന്നു ലഭിച്ചിരുന്നത്. ഓഗസ്റ്റില്‍ 22 രൂപയായി ഉയര്‍ന്നു. ഇതാണ് 27.60 രൂപയായി ടീ ബോര്‍ഡ് ഉയര്‍ത്തിയത്.

കല്‍പ്പറ്റ: "ഏഴ് രൂപക്ക് പോലും ഒന്നും രണ്ടും കിലോമീറ്റര്‍ ചപ്പ് (തേയില ഇല) ചുമന്ന് വാഹനം വരുന്നിടത്തേക്ക് എത്തിക്കേണ്ടി വന്ന ഗതികേടിന്റെ കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ 22 വര്‍ഷത്തിന് ശേഷമെങ്കിലും ചപ്പിന് വില വര്‍ധിച്ചതില്‍ സന്തോഷമുണ്ട്", വയനാട്ടിലെ ചെറുകിട തേയില കര്‍ഷകരുടെ വാക്കുകളാണിത്. തേയില നുള്ളിയെടുത്താല്‍ മാത്രം പോര അത് കമ്പനികളുടെ വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ച് നല്‍കേണ്ടിയും വന്നിരുന്നു കര്‍ഷകര്‍ക്ക്.

എന്നാല്‍, ഏറെക്കാലത്തിനുശേഷം പച്ചത്തേയിലക്ക് വിലയുയര്‍ന്നത് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ്. നല്ലയിനം തേയിലയ്ക്ക് 27 രൂപവരെയാണ് ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്നത്. വയനാട്-നീലഗിരി ജില്ലകളിലെ നൂറുകണക്കിന് പേരാണ് വര്‍ഷങ്ങളായി തേയില കൃഷി ചെയ്യുന്നത്. കഴിഞ്ഞമാസമാണ് തമിഴ്നാട് ടീ ബോര്‍ഡ് കിലോക്ക് 27 രൂപയായി വില പുതുക്കി നിശ്ചയിച്ചത്.

വിലസ്ഥിരത ഇല്ലാത്തതിനാല്‍ തോട്ടങ്ങളില്‍ പലരും തൊഴിലാളികളെ പോലും വയ്ക്കാത്ത സ്ഥിതിയുണ്ടായിരുന്നു. നഷ്ടം സഹിച്ച് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ തുടരുന്നവരുണ്ട്. മറ്റു കൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂമിയായതിനാലാണ് പലര്‍ക്കും ഇതില്‍ നിന്ന് പിന്‍മാറാന്‍ കഴിയാതിരുന്നത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ 50 ശതമാനത്തിലധികവും തേയില കര്‍ഷകരാണ്. ഇവരില്‍ അരയേക്കര്‍ മുതല്‍ പത്തേക്കര്‍വരെ കൃഷിയുള്ളവരുണ്ട്. 

ജൂലായ് മാസത്തില്‍ കിലോയ്ക്ക് 15 രൂപയായിരുന്നു ലഭിച്ചിരുന്നത്. ഓഗസ്റ്റില്‍ 22 രൂപയായി ഉയര്‍ന്നു. ഇതാണ് 27.60 രൂപയായി ടീ ബോര്‍ഡ് ഉയര്‍ത്തിയത്. ഈ മാസം മുതല്‍ പുതുക്കിയ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഒരുകിലോ പച്ചത്തേയിലക്ക് കിട്ടിയിരുന്നത് 10 രൂപയില്‍ താഴെയായിരുന്നു. വില ഇടിഞ്ഞാല്‍ പലരും സ്വന്തം അധ്വാനത്തില്‍ തന്നെ തേയില ചപ്പ് നുള്ളി വെറുതെ കളയുകയായിരുന്നു. കമ്പനിയുടെ വാഹനം എത്താത്ത ഇടങ്ങളിലുള്ള ചെറുകിട കര്‍ഷകരായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. 

ഓട്ടോ പോലെയുള്ള ചെറിയ വാഹനങ്ങളില്‍ കയറ്റി പ്രധാന റോഡിലേക്ക് എത്തിക്കേണ്ട ചെലവ് പോലും ഇല വിറ്റാൽ കിട്ടാതെ വരുമ്പോള്‍, ഇതല്ലാതെ വേറെ മാഗ്ഗമില്ലായിരുന്നു ഇവര്‍ക്ക്. അതേസമയം വന്‍കിട തോട്ടങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിച്ചാല്‍ ഏത് സമയവും വില കൂപ്പ് കുത്തുമെന്നും കര്‍ഷകര്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം വന്‍കിട തോട്ടങ്ങളില്‍ ജോലിയെടുപ്പിക്കാന്‍ പറ്റാതായതോടെ ഫാക്ടറികള്‍ അടച്ചു. തോട്ടങ്ങളില്‍ നിന്ന് കൊളുന്ത് എടുക്കാതെയായി. ഇതോടെ കമ്പനികളില്‍ ആവശ്യത്തിനുള്ള ഇല എത്താതെയായി. സംഭരണം നിലച്ചതോടെ സ്റ്റോക്കുണ്ടായിരുന്ന പൊടികള്‍ വിറ്റുതീര്‍ന്നു. ചായപ്പൊടിക്കും ക്രമാതീതമായി കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം