അമ്പലപ്പുഴ കാപ്പിത്തോട് മാലിന്യ തോടായി; വടക്ക് പഞ്ചായത്തിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

By Web TeamFirst Published Nov 11, 2019, 12:07 PM IST
Highlights

വീടുകളില്‍ നിന്നും മത്സ്യ സംസ്കരണ പ്ലാന്‍റില്‍ നിന്നും ആശുപത്രികളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് കാപ്പിത്തോട്ടിലേക്കാണ്. ഇതിന് അറുതി വരുത്താന്‍ ആരോഗ്യ വകുപ്പ് ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ പദ്ധതി അവതാളത്തിലായി.
 

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. പഞ്ചായത്തിലെ 12,13 വാർഡുകളിലാണ് ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളത്. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് രണ്ട് വർഷം മുമ്പ് ഡോ. ഷിബുവിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 

സംസ്ഥാനത്ത് ശരാശരി കാൻസർ ബാധിതർ ആയിരത്തില്‍ ഒരാൾ എന്ന  (0.00135%) അനുപാതത്തിലായിരിക്കെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഈ ഞെട്ടിക്കുന്ന കണക്ക്. കാപ്പിത്തോടുമായി ബന്ധപ്പെട്ട പടിഞ്ഞാറൻ മേഖലകളിൽ നാലിൽ ഒരാളെന്ന നിരക്കിൽ കാൻസർ ബാധിതാണെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.  
രോഗബാധിതർ അധികവും കാപ്പിത്തോടിന് 50 മീറ്റർ ചുറ്റളവിലുള്ള താമസക്കാരാണെന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കരൾ, ശ്വാസകോശ, കുടൽ സംബന്ധമായ കാൻസർ രോഗികളാണ് അധികവും. ചെറുപ്പക്കാരിലും പ്രായമായവരിലുമാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കുട്ടികളിലും രോഗലക്ഷണം കണ്ടുവരുന്നുണ്ട്. ജല മലിനീകരണം ഒഴിവാക്കുന്നതിലേക്കായി സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്തിലെ വിവിധ തോടുകളുടെ ഇരുവശങ്ങളിലെയും വീടുകൾ കേന്ദ്രീകരിച്ചുള്ള പഠനം നടത്തിയിരുന്നു. എന്നാൽ കാപ്പിത്തോടിന്‍റെ പരിസരങ്ങളിൽ താമസിക്കുന്നവരിലാണ് കാൻസർ രോഗബാധിതർ അധികമുള്ളതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതോടെ പിന്നീട് പദ്ധതി പാതിവഴിയിലായി. 

റോഡിന് പടിഞ്ഞാറ് വശം, കിഴക്ക് ഭാഗത്തുള്ളതിനേക്കാൾ നാലിരട്ടി കാൻസർ ബാധിതരാണുള്ളത്. പതിമ്മൂന്നാം വാർഡിൽ തോടിനോട് ചേർന്നുള്ള 50 മീറ്റർ പരിധിയിൽ വരുന്ന വീടുകളിലെ 95% ന് മുകളിൽ വീടുകളിലും കാൻസർ ബാധിതരുണ്ട്.

തോട്ടിലെ മാലിന്യമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. വീടുകളിൽ കുഴൽകിണറുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വീടുകളിൽ നിന്നും പുറംതള്ളുന്ന കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഇതിന് പരിഹാരം കാണാനായെങ്കിലും മത്സ്യസംസ്ക്കരണ പ്ലാന്‍റുകളിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതിന് ശാശ്വത പരിഹാരം കണ്ടെത്താനായില്ല. 

അതിനുള്ള നടപടികൾ നടത്തിവരുന്നതിനിടയിലായിരുന്ന പഠനസംഘത്തിലുള്ളവരുടെ സ്ഥലം മാറ്റം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം ശുചീകരിക്കുന്നുണ്ടെങ്കിലും കാൻറീനിലെ മാലിനജലം കാപ്പിത്തോട്ടിലേക്കായിരുന്നു ഒഴുക്കിവിട്ടിരുന്നത്. കാപ്പിത്തോടിന്‍റെ മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തിരമായി ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ രോഗബാധിതർ വർദ്ധിക്കാനാണ് സാധ്യതയെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

click me!