'മാനസികാരോഗ്യം' തകര്‍ക്കുന്ന കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍

By Valsan RamamkulathFirst Published Jan 20, 2019, 7:59 PM IST
Highlights

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ യുവാവിന്‍റെ മരണം. പൊലീസിന്‍റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ മതിയായ ചികില്‍സയോ, പരിചരണമോ രോഗിക്ക് ലഭിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയത്. 

തൃശൂര്‍: മതിയായ സുരക്ഷയും സ‍ൌകര്യവുമില്ലാത്ത അനധികൃത മാനസീകാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു. ഒരു ഘട്ടത്തില്‍ കടുത്ത പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്ന അധികൃതര്‍ ഈ മേഖലയിലേക്ക് ഇന്ന് ശ്രദ്ധപതിപ്പിക്കാതായതോടെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊന്തുന്നത്. സംസ്ഥാനത്ത് ഇരുന്നൂറിലധികം മാനസീകാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ കൈവശമുള്ള കണക്കിലുള്ളത്.

എന്നാല്‍ സംസ്ഥാനത്ത് അംഗീകാരമുള്ളതും മതിയായ ലൈസന്‍സോടെയും പ്രവര്‍ത്തിക്കുന്നത് 16 മാനസീകാരോഗ്യ കേന്ദ്രങ്ങളാണ്. 194 സ്വകാര്യ മാനസീകാരോഗ്യ കേന്ദ്രങ്ങളാണ് സ്വകാര്യ മേഖലയിൽ പ്രവര്‍ത്തനാനുമതിക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതിന്‍മോല്‍ സര്‍ക്കാറിന്‍റെ പരിശോധന തുടരുകയാണ്. 32 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാൽ ഇവ ഇതുവരെ അനുവദിച്ചിട്ടില്ല.

ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ട്രസ്റ്റുകളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍റിന് പുറമെ, വന്‍തോതില്‍ പുറത്ത് നിന്ന് പണപ്പിരിവും നടത്തുന്നു. സാമൂഹ്യ ക്ഷേമവകുപ്പ്, തദ്ദേശ സ്ഥാപനം, പൊലീസ് എന്നിവയുടെ പരിശോധനകളും നിരീക്ഷണങ്ങളും വേണമെന്നതും പാലിക്കപ്പെടുന്നില്ല. മുഴുവന്‍ സമയ വിദഗ്ദ മാനസീകാരോഗ്യ വിദഗ്ദന്‍ വേണമെന്നിരിക്കെ ഒരു കേന്ദ്രത്തിലും ഇതില്ലെന്നാണ് വിവരം. 

ഇതിനൊരു ഉദാഹരണമാണ് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മാനസീകാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ യുവാവിന്‍റെ മരണം. പരാതിയെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പൊലീസിന്‍റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയില്‍ മതിയായ ചികില്‍സയോ, പരിചരണമോ രോഗിക്ക് ലഭിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയത്. 

അതിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച ഫോറന്‍സിക് സര്‍ജനും ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. നൂറിലധികം അന്തേവാസികള്‍ കഴിയുന്ന സ്ഥാപനത്തില്‍ മെന്‍റല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകാരം ഉണ്ടെങ്കിലും ഇതിനായി നിഷ്‌കര്‍ഷിക്കുന്ന യാതൊരു മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇത്തരം സ്ഥാപനങ്ങളും സംഭവങ്ങളും ചാലക്കുടിയില്‍ മാത്രമല്ലെന്ന് പ്രമുഖ ഫോറന്‍സിക് സര്‍ജനും പൊലീസ് സര്‍ജനുമായ ഡോ.ഹിതേഷ് ശങ്കര്‍ പറയുന്നു. 

മെന്‍റല്‍ ഹെല്‍ത്ത് അഥോറിറ്റിയുടെ രജിസ്‌ട്രേഷന്‍, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും മാനസീകാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് വേണം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗ്രാന്‍റും ഇത്തരം കേന്ദ്രങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് രോഗികളോട് നിഷേധാത്മക സ്വഭാവം കാണിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് മാനസീകാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലാവട്ടെ ജീവനക്കാരുടെ കുറവുകളിലും അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതെ വീര്‍പ്പുമുട്ടുകയാണ്. ചികില്‍സ ഭേദമായിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെയും നൂറ് കണക്കിന് അന്തേവാസികള്‍ ഇപ്പോഴും പുനരധിവാസം സാധ്യമാകാതെ കഴിയുന്നതും ഏറെ പ്രയാസമുണ്ടാക്കുന്നു.


 

click me!