
ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയ്ക്ക് തിളക്കമാര്‍ന്ന വിജയം നേടിയതിന്‍റെ സന്തോഷം പ്ലസ്ടു പരീക്ഷാ ഫലം വന്നതോടെ നിരാശയ്ക്ക് വഴിമാറി. എസ്എസ്എല്‍സി പരീക്ഷയ്ക്ക് നൂറു ശതമാനത്തിന്‍റെ വിജയമധുരം രുചിച്ച അതേ സ്‌കൂളുകള്‍ തന്നെയാണ് പ്ലസ്ടു പരീക്ഷാഫലത്തിന്‍റെ കയ്പണിഞ്ഞത്. പരമ്പരാഗതമായി പത്താം ക്ലാസ് പാസാവുകയെന്നതിന് ഏറെ പ്രധാന്യം കൊടുക്കുന്നത് കൊണ്ടുതന്നെ പ്ലസ് ടു ക്ലാസുകളെ സ്കൂള്‍ അധികൃതര്‍ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കളും നിര്‍ധനരായ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളുകളിലാണ് വിജയശതമാനം തീരെ കുറഞ്ഞത്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ദേവികുളം, വാഗുവാര, ചെണ്ടുവര സ്‌കൂളുകളിലും പിന്നോക്ക മേഖലയായ വട്ടവടയിലുമാണ് പരീക്ഷാഫലം നിരാശപ്പെടുത്തിയത്.
ദേവികുളം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 155 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 35 പേര്‍ മാത്രമാണ് വിജയിച്ചത്. വാഗുവാര സര്‍ക്കാര്‍ സ്‌കൂളില്‍ 30 പേര്‍ പരീക്ഷ എഴുതിയതിയ്ല്‍ 8 പേരും ചെണ്ടുവാര സ്‌കൂളില്‍ പരീക്ഷ എഴുതിയ 19 പേരില്‍ നാല് പേര്‍ മാത്രവുമാണ് വിജയിച്ചത്. കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശവും ആദിവാസികളും പിന്നോക്ക വിഭാഗത്തിലെ കുട്ടികളും ഉള്‍പ്പെട്ട വട്ടവട സ്‌കൂളിലെ സ്ഥിതിയായിരുന്നു ഏറ്റവും ദയനീയം. 19 പേര്‍ പരീക്ഷ എഴുതിയ ഇവിടെ ഒരാള്‍ മാത്രമാണ് വിജയിച്ചത്. 5.2 ആണ് വിജയശതമാനം.
ദേവികുളം, വാഗുവാര, ചെണ്ടുവാര എന്നിവടങ്ങളില്‍ യഥാക്രമം 24.56,22.86,24.32 എന്നിങ്ങനെയാണ് വിജയശതമാനം. സ്ഥിരം അധ്യാപകരെ നിയമിക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് സ്‌കൂളുകള്‍ക്ക് തിരിച്ചടിയായത്. പിടിഎയുടെ നിസ്സഹകരണവും ഫലത്തില്‍ പ്രതിഫലിച്ചുവെന്നായിരുന്നു വട്ടവട പഞ്ചായത്ത് ജനപ്രതിനിയുടെ പ്രതികരണം.
വിദൂരത്ത് നിന്നുമെത്തുന്ന അധ്യാപകര്‍ക്ക് താമസിക്കുവാന്‍ നല്ലൊരു കെട്ടിടം പോലും ഇല്ലാത്തത് അധ്യാപകര്‍ സ്ഥിരമായി ഇവിടെ നില്‍ക്കുന്നതിന് തടസ്സമാകുന്നു. സ്മാര്‍ട് ക്ലാസ് റൂം പോലുള്ള ആധുനിക പാഠ്യമാധ്യങ്ങള്‍ വ്യാപകമാകുമ്പോഴും തോട്ടം മേഖലയിലെ പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനൊപ്പം യാത്രാക്ലേശവും സ്‌കൂളുകള്‍ നേരിടുന്ന വെല്ലുവിളിയാണ്. മണിക്കൂറുകള്‍ യാത്ര ചെയ്താണ് വിദ്യാര്‍ത്ഥികളില്‍ പലരും സ്‌കൂളുകളിലെത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam