പദ്മാവതിയമ്മ തീര്‍ത്തുപറയുന്നു, ഇല്ല, വേട്ടക്കാരനെ പ്രണയിക്കില്ല, ബലാല്‍സംഗം ചെയ്യപ്പെട്ട ഒരുവളും!

By സുമയ്യ പി.കെFirst Published Sep 20, 2016, 4:58 PM IST
Highlights

മകരമാസക്കാലത്ത് വടക്കിനി മുറ്റത്ത് വലിയ അടുപ്പ് കൂട്ടിയാണ് നെല്ലു പുഴുങ്ങലും കുളിക്കാനുള്ള വെള്ളം ചൂടാക്കലുമൊക്കെ.ഓലക്കൊടിയും ഉണക്കഇലകളും നീളന്‍ മരച്ചീനി തണ്ട്‌കൊണ്ട് അടുപ്പിലേക്ക് നീക്കിയിട്ട് ഒരുവലിയ ചെമ്പ് നെല്ലൊക്കെ ഒറ്റയിരിപ്പിന് പുഴുങ്ങിയെടുക്കും പദ്മാവതിചേച്ചി.ആ സമയം അടുത്തുകൂടിയാല്‍ കരുവനാം കുര്‍ശ്ശിയിലെ പഴയ സാഹസ കഥകള്‍ കേള്‍ക്കാം . വടക്കെപുഴ രണ്ടറ്റം മുട്ടി നിറഞ്ഞൊഴുകുമ്പോള്‍ മത്സരിച്ച്അക്കരെയിക്കരെ നീന്തി ജയിക്കുന്നത് ,കവറകുന്നിലെ മഞ്ഞപാവട്ട മരത്തില്‍ അറുമുഖന്‍ മുതലി തൂങ്ങിമരിച്ചു കിടക്കുന്നത് കണ്ട് പേടിച്ചോടിയത്, വെള്ളിനേഴി അമ്പലത്തിലെ ഉത്സവത്തിന് കഥകളി കാണാന്‍ പോയിരുന്ന് ഉറങ്ങി ഉച്ചയായിപ്പോയത്... അവരങ്ങിനെ പറഞ്ഞ്‌കൊണ്ടിരിക്കും .ഇടക്ക് തന്നോട് തന്നെയെന്നപോലെ സ്വയം ചിരിക്കും .

നിറയെ സ്വപ്നങ്ങളുള്ള.. നിറമുള്ള ബാല്യമുണ്ടായിരുന്നു അവര്‍ക്ക്. അപ്പുണ്ണി മാഷെ പോലെ ജാനകി ടീച്ചറെ പോലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാവാന്‍ കൊതിച്ച് മത്സരിച്ച് പഠിച്ച ഒരു കൗമാരവും . .എത്രമാത്രം സമ്പന്നമായിരുന്നു അവരുടെ കുട്ടിക്കാലമെന്ന് അസൂയ തോന്നിയിരുന്നു ആ കഥകള്‍ കേട്ടിരിക്കുമ്പോള്‍.

അങ്ങിനെയൊരു സന്ധ്യക്കാണ് അവരാകഥ പറഞ്ഞത്.

'മുഖം പൊത്തിപ്പിടിച്ച് ചേനത്തോട്ടത്തിലേക്കങ്ങട്ട് എടുത്തുകൊണ്ടുപോയി'അതും പറഞ്ഞ് കത്തുന്ന തീയിലേക്കവര്‍ നോക്കിയിരുന്നു എരിഞ്ഞടങ്ങിയൊരു ഉണക്കയിലപോലെ.

സാഹസം പറഞ്ഞ് കൊതിപ്പിച്ചും കുസൃതികള്‍ പറഞ്ഞ് ചിരിപ്പിച്ചുംമുന്നിലിരിക്കുന്നയാള്‍ ഒരു റേപ്പ് വിക്റ്റിം ആണെന്ന തിരിച്ചറിവില്‍ ഞാനൊന്ന് പകച്ചു,എന്തു പറയണമെന്നറിയാതെ അവരെ ചേര്‍ ത്ത് പിടിച്ചു.

നിറയെ സ്വപ്നങ്ങളുള്ള.. നിറമുള്ള ബാല്യമുണ്ടായിരുന്നു അവര്‍ക്ക്. അപ്പുണ്ണി മാഷെ പോലെ ജാനകി ടീച്ചറെ പോലെ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാവാന്‍ കൊതിച്ച് മത്സരിച്ച് പഠിച്ച ഒരു കൗമാരവും .

വേദനയും പരിഹാസവും

നാല്പതിറ്റാണ്ട് പഴക്കമുള്ളൊരു കഥയായിരുന്നു അവര്‍ പറഞ്ഞുതുടങ്ങിയത്. ഇക്കാലമത്രയും അവരനുഭവിച്ച വേദനയും പരിഹാസവും , നിന്ദ്യതയും കഷ്ടപ്പാടുകളും തുളുമ്പാനാവാതെ നിറഞ്ഞുനിന്ന ആ കണ്ണുകളിലുണ്ട്.ആ ദയനീയനോട്ടം , ഭൂമിയിലെ സര്‍വ ചരാചരങ്ങളെയും ദഹിപ്പിച്ചുകളയാന്‍ മാത്രം പ്രാപ്തമായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് അഛനുമമ്മയും നഷ്ടപ്പെട്ടൊരു കുട്ടി ,അതുവരെ കണ്ട സ്വപ്നങ്ങളെയെല്ലാം അനിയത്തികുട്ടിക്കായി മാറ്റിവെച്ച് നയിച്ചു ജീവിക്കാനൊരുങ്ങിയതാണ്. പറമ്പു പണികള്‍ക്ക് പോയിരുന്ന കാലമായിരുന്നു അത്. പിശാചുബാധയേറ്റ ദിവസം എന്നാണ് അവരാ ദിവസത്തെ ഓര്‍മ്മിച്ചത്. 

സ്ത്രീത്വത്തെ മാനിക്കാത്തവനെ മനുഷ്യഗണത്തില്‍ പെടുത്താനവര്‍ തയ്യാറല്ല തന്നെ. കടിച്ചു കീറപ്പെട്ട് വേച്ചുവേച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു കൈയും അവരെ താങ്ങിപ്പിടിക്കാനായി നീണ്ടുവന്നില്ല. മറച്ച് വെക്കാനാവാതിരുന്ന തീരാകളങ്കവും , അയല്‍ പക്കങ്ങളുടെ അപ്രഖ്യാപിത ഊരുവിലക്കും കൊണ്ട് അടിപതറിപ്പോയ ആ ദിവസങ്ങളിലും ജീവിതത്തിലേക്ക് നടന്നു കയറാന്‍ അവര്‍നേടിയെടുത്ത ത്രാണി, എന്ത് പേരിട്ടു വിളിക്കും നാമതിനെ! 

പേറ്റുനോവ് തുടങ്ങിയപ്പോള്‍ കുഞ്ഞിനും തനിക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കിവെച്ചതും,പേറും പൊക്കിള്‍ കൊടി മുറിക്കലും വരെ ഒറ്റക്ക് ചെയ്തതും ,അരിവെന്ത വെള്ളം നാക്കിലിറ്റിച്ചുകൊടുത്ത് കുഞ്ഞു ജീവന്‍ നിലനിര്‍ത്തിയതുമൊക്കെ ഒരു വികാരവുമുദിക്കാത്ത ആ മുഖത്ത്‌നിന്ന് കേള്‍ക്കുമ്പോള്‍ ഇവര്‍ തന്നെയാണ് നിര്‍ഭയ എന്നു ബോധ്യമാവും നമുക്ക്.

പേറൊഴിഞ്ഞ വയറ്റിന്റെ ആളല്‍ ..ചോരപൈതലിനെ ചേര്‍ത്ത് പിടിച്ച് പച്ചവെള്ളം കുടിച്ച് നിരങ്ങി നീക്കിയ ദിനങ്ങള്‍. പട്ടിണിയുടെ ഭീകരത അവരുടെ വാക്കുകളില്‍നിന്നതിനേക്കാള്‍ അനുഭവിപ്പിക്കാന്‍ ഒരു വ്രതാനുഷ്ടാനത്തിനും കഴിഞ്ഞിട്ടില്ല. ഒറ്റപ്പെടലിന്റെ ആ കടുത്ത ദിനങ്ങളില്‍ മരിച്ചുപോയിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്, പക്ഷെ സ്വയം കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. ദൈവത്തിന്റെ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടത് നിരപരാധികളല്ലല്ലാ.

പേറൊഴിഞ്ഞ വയറ്റിന്റെ ആളല്‍ ..ചോരപൈതലിനെ ചേര്‍ത്ത് പിടിച്ച് പച്ചവെള്ളം കുടിച്ച് നിരങ്ങി നീക്കിയ ദിനങ്ങള്‍. പട്ടിണിയുടെ ഭീകരത അവരുടെ വാക്കുകളില്‍നിന്നതിനേക്കാള്‍ അനുഭവിപ്പിക്കാന്‍ ഒരു വ്രതാനുഷ്ടാനത്തിനും കഴിഞ്ഞിട്ടില്ല.

സാരല്ല പെണ്ണേ, നിന്റെ തെറ്റല്ലല്ലോന്ന് ഒരാള് പോലും പറഞ്ഞിട്ടില്ല

ഇരുളിന്റെ മറപറ്റി അയാള്‍ പിന്നെയുമത്തെി, നോക്കിക്കൊള്ളാമെന്നും പറഞ്ഞ്. പൊന്നുമോനെ വട്ടമിട്ടു നിന്ന് ഈറ്റുപാമ്പിനെപോലെ ചീറി അവരന്ന്. പകല്‍ ആളുകള്‍ക്കിടയില്‍ വെച്ച് കാണുമ്പോള്‍ വെറുപ്പോടെ മുഖം തിരിച്ചിരുന്നവര്‍ രാത്രി ഇല്ലിപ്പടി കെട്ടഴിച്ച് വന്ന് വാതിലില്‍ തട്ടി വിളിച്ചു. ഒരു കൈകൊണ്ട് കുഞ്ഞിനെ അടക്കിപ്പിടിച്ചും മറു കൈകൊണ്ട് അരിവാള്‍ വീശിക്കാണിച്ചും അതിജീവനത്തിന്റെ മഹാ കാണ്ഡം താണ്ടി ഈ അമ്മ.

എന്നിട്ടോ, കേസൊന്നും ഉണ്ടായില്ലേ? ഞാന്‍ ചോദിച്ചു എന്ത് കേസ് കുട്ടീ, അന്ന് ആളോളെ തല്ലിക്കൊന്ന് പൊഴേ തള്ളല്ണ്ടായിരുന്നു..ആരാ ചെയ്‌തേ എന്തിനാ ചെയ്‌തേന്ന് എല്ലാര്‍ക്കുമറിയും...എന്നിട്ട് കേസില്ലാര്‍ന്നു...പിന്നെ പെണ്ണിന്റെ മാനം പോക്കിയോനെയല്ലല്ലോ, മാനംപോയ പെണ്ണിനെപ്പറ്റിയല്ലോ ദുഷിപ്പ് പറയാ...സാരല്ല പെണ്ണേ, നിന്റെ തെറ്റല്ലല്ലോന്ന് ഒരാള് പോലും പറഞ്ഞിട്ടില്ല ഇക്കാലമിത്രയായിട്ടും.

അമ്മ പണിയെടുക്കുന്ന പാടവരമ്പത്തെ പുല്‍മെത്തയിലും തോട്ടിറമ്പത്ത് കെട്ടിയ തൊട്ടിലിലുമൊക്കെ ഉറങ്ങിയും മുട്ടിലിഴഞ്ഞും പിച്ചവെച്ചും കുഞ്ഞന്‍ വളര്‍ന്നു.ചില ദിവസങ്ങളില്‍ കട്ടില്‍ കാലിലോ ജനല്‍ അഴിയിലോ നീളമുള്ളൊരു കയറില്‍ അവനെ കെട്ടിയിട്ടാവും അമ്മ അന്നമന്നേഷിച്ചിറങ്ങുക.ജനലഴിയിലൂടെ അമ്മ വരുന്നതും നോക്കി കാത്തിരിക്കുന്ന തന്റെ കുഞ്ഞിന്റെ വിതുമ്പുന്ന മുഖം ഓര്‍ത്തു പറഞ്ഞവര്‍ വിങ്ങിപൊട്ടി. ഇടനെഞ്ച് പിളര്‍ക്കുന്ന ആ ഓര്‍മ്മകളില്‍ നിന്ന് മുക്തി നേടാനെന്നവണ്ണം അവര്‍ മുഖമമര്‍ത്തി തുടച്ചു.

ഇന്നും ആ വീടിനുമുമ്പിലൂടെ വഴിനടക്കുമ്പോഴൊക്കെ വീട്ടുതടങ്കലില്‍ തനിച്ചാക്കപ്പെട്ട ഒരു കുരുന്നിന്റെ കണ്ണേറേറ്റ് എന്നിലെ മാതൃത്വം പൊളളിയുരുകും. കടലുകള്‍ക്കിപ്പുറമിരുന്ന് ഈ വരികള്‍കുറിക്കുമ്പോഴും കണ്ണീരുനിറഞ്ഞെന്റെ കാഴ്ചയെ മറക്കുന്നു ആ നോവനുഭവങ്ങള്‍. ഒന്നാം ക്‌ളാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയ നാള്‍ ജാതിക്കോളം പൂരിപ്പിക്കുമ്പോള്‍ ജാതിയും മതവുമില്ലെന്നു എഴുതാന്‍ പറഞ്ഞിട്ടും 'മതമില്ലാത്ത ജീവന്‍ 'എന്ന് ഒരാളുമവനെ വിളിച്ചില്ല.മറിച്ച് മിശ്രന്‍ എന്ന് പരിഹസിച്ച് പറയാനായിരുന്നു അദ്ധ്യാപകര്‍ക്ക് താല്പര്യം .

മിടുക്കനായിരുന്നു മകന്‍. നിവര്‍ന്നു നടക്കാനായപ്പോള്‍ തന്നെ ഭൂമിയില്‍ തന്റെയും അമ്മയുടെയും ലോകം എത്രമാത്രം അകറ്റപ്പെട്ടതും അപഹാസ്യവുമാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു. തെങ്ങില്‍ പാഞ്ഞു കയറുകയും ഏത് ഉയരത്തിലുള്ള മാങ്ങയും ഒറ്റയേറിന് വീഴ്ത്തുകയും ചെയ്യുന്ന മിശ്രന്‍ (നമ്മളെല്ലാം ഇങ്ങിനെ വിളിച്ചു വിളിച്ച് ഇപ്പോള്‍ സ്വന്തം പേര് അവന്‍ പോലും മറന്നുപോയിരിക്കുന്നു) കുട്ടികള്‍ക്കെന്നും അത്ഭുതമായിരുന്നു . . മനക്കണക്ക് ക്‌ളാസ്സില്‍ ആദ്യം ശരിയുത്തരമെഴുതി സ്‌ളേറ്റ് കമഴ്ത്തിവെക്കുമ്പോഴായിരുന്നു അവന്‍ ശരിക്കും ഹീറോ ആവുന്നത്. മിടുക്കന്‍ എന്ന് വിളിച്ച് ടീച്ചര്‍ തോളില്‍ തൊടുന്നതും കൊതിച്ച് അവന്‍ നിമിഷമെണ്ണി കാത്തു നില്‍ക്കും. 'മനവളവുളളവന്റെവിത്തല്ലെ, അതിന്റെ കൊണം കാണിക്കാതിരിക്കൊ' എന്നാവും പലപ്പോഴും ടീച്ചറുടെ പ്രതികരണം .ഒന്നാമനായതിന്റെ സന്തോഷവെളിച്ചം ആ ഒരൊറ്റ നിമിഷം കൊണ്ട് കെട്ടുപോവുന്നതും തലതാഴ്ത്തി നില്‍ക്കുന്നതും അവനെ ജയിക്കാന്‍ കഴിയാത്ത ചില കൂട്ടുകാരെയെങ്കിലും സന്തോഷിപ്പിച്ചു.

മിടുക്കനായിരുന്നു മകന്‍. നിവര്‍ന്നു നടക്കാനായപ്പോള്‍ തന്നെ ഭൂമിയില്‍ തന്റെയും അമ്മയുടെയും ലോകം എത്രമാത്രം അകറ്റപ്പെട്ടതും അപഹാസ്യവുമാണെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നു

എന്റെ മോന് വെശന്നിട്ടാ

ഓണക്കാലത്ത് വെയിലാറിക്കഴിഞ്ഞാല്‍ നകരിക്കുന്നത്ത് മനക്കുപിന്നിലെ ഇടവഴിയിലൂടെ കാന്തല്ലൂര്‍ അമ്പലപ്പറമ്പ് വരെ ചുറ്റിത്തിരിഞ്ഞ് പൂപറിക്കാനിറങ്ങും കുട്ടികളൂടെ വലിയ സംഘം . ആര്‍പ്പുവിളിക്കും കോലാഹലങ്ങള്‍ക്കുമപ്പുറം ആരുടെ പൂക്കളമാണ് പിറ്റേന്ന് ഏറ്റവും ഭംഗിയുള്ളതാവുക എന്നൊരു മത്സരം കൂടിയുണ്ടതില്‍. ആഘോഷത്തിന്റെ ആ നല്ല ദിനങ്ങളിലും വീടിന്റെ അരിത്തിണ്ണയില്‍ ഓലകൊണ്ട് തൊപ്പി മെടഞ്ഞോ അച്ചിങ്ങകൊണ്ടെ പമ്പരമുണ്ടാക്കിയൊ ഒറ്റക്കിരുന്നു ആ ബാല്യം.വരാനോ പോവാനോ ഒരു വിരുന്നിടവുമില്ലാത്ത വിശക്കുന്ന വയറിന് എന്ത് പൂവിളിയും പൂക്കളവും.

ഒരു വേനലവധിക്കാലത്ത് ഉച്ചതിരിഞ്ഞ നേരം പപ്പാത്തിയുടെ അടുക്കളയില്‍ നിന്ന് ചോറ്റുകലത്തോടൊപ്പം പിടികൂടിയപ്പോളായിരുന്നു അവന്‍ ഞങ്ങളെയാകെ സങ്കടത്തിലാക്കിയത്. തെരുവു മുഴുവന്‍ നിമിഷനേരം കൊണ്ട് അവനു ചുറ്റുംകൂടി.'കള്ളന്‍ മാപ്പിളയുടെ മോന്‍ ഇവിടം കട്ടുമുടിക്കുമെന്ന' ആക്രോശത്തിനു മുന്നില്‍ അവന്‍ പക്ഷെ കൂസലില്ലാതെ നിന്നു.നട്ടപാതിരക്ക് അവന്റെ വീടിന്റെ വാതിലിലും ജനലിലും തട്ടിവിളിക്കുന്ന ശബ്ദങ്ങളായിരുന്നു അവയില്‍ മിക്കതും.

എന്റെ മോന് വെശന്നിട്ടാ എന്ന പനിക്കിടക്കയില്‍ നിന്ന് വിറച്ചെണീറ്റുവന്ന ഒരമ്മയുടെ നിലവിളി കാറ്റിനുപോലും വേണ്ടായിരുന്നു. അമ്മയുടെ കൈകള്‍ തട്ടിമാറ്റി ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി പാവുണക്കാനിട്ട തെരുവിലൂടെ പരാജിതനെപോലെ എങ്ങോട്ടെന്നില്ലാതെ നടന്നു ആ പന്ത്രണ്ടുകാരന്‍. വേട്ടയാടപ്പെട്ടവളുടെ വേദനയും വെറുപ്പും ഏറ്റവുമനുഭവിച്ചത് അന്നായിരുന്നു എന്ന് സങ്കടത്തോടെ ഓര്‍മ്മിച്ചു അവര്‍.

ഒരു നിഷ്‌കളങ്ക ബാല്യത്തിനുമേല്‍ സമൂഹം തീര്‍പ്പുണ്ടാക്കുന്നതും അവര്‍ കല്‍പ്പിച്ചുവെച്ച വഴികളിലൂടെ അവനെ വളര്‍ത്തുന്നതും നിസ്സഹയായി നോക്കി നില്‍ക്കേണ്ടി വന്നു പിന്നെ ആ അമ്മക്ക്. ക്ലാസിലെ അതിശയകുട്ടി ഇടക്കെപ്പൊഴോ അപ്രത്യക്ഷനായി.ആരുമത് ശ്രദ്ധിച്ചതുപോലുമില്ല. ഞങ്ങള്‍ കൂട്ടുകാരില്‍ നിന്ന് അവന്‍ പൂര്‍ണ്ണമായി അകന്നു.

സഹിക്കാവുന്നതിലുമപ്പുറം സഹിച്ചു എന്റെ കുട്ടി. ഇതില്‍ കൂടുതല്‍ എന്താണ് ഒരമ്മ പറയുക.

ഒരു വേനലവധിക്കാലത്ത് ഉച്ചതിരിഞ്ഞ നേരം പപ്പാത്തിയുടെ അടുക്കളയില്‍ നിന്ന് ചോറ്റുകലത്തോടൊപ്പം പിടികൂടിയപ്പോളായിരുന്നു അവന്‍ ഞങ്ങളെയാകെ സങ്കടത്തിലാക്കിയത്.

പിശാചിന്റെ സം രക്ഷണം ഏത് പെണ്ണിനു വേണം

ഇക്കാലമിത്രയും അവരതു പറഞ്ഞുകൊണ്ടിരിക്കുന്നു.ഇതിനിടയില്‍ അവന്റെ കുഞ്ഞിനെയും കൊണ്ട് അവരൊരിക്കല്‍ കാണാന്‍ വന്നു.കണ്ണെഴുതി പൊട്ടുതൊടീച്ചൊരു സുന്ദരിക്കുട്ടി. ആ കുഞ്ഞുക്കണ്ണുകളിലേക്ക് ഞാന്‍ കുറ്റബോധത്തോടെ നോക്കി,ജനലഴിയിലൂടെ അമ്മയെ നോക്കിയിരിക്കുന്ന രണ്ട് ഉണ്ടകണ്ണുകളിലെ പേടിയും നിസ്സഹായതയുമുണ്ടോ അവയിലെന്ന്.

പിച്ചിച്ചീന്തിയ കാമദാഹിക്കു മുന്നില്‍ ഭാര്യാ വേഷത്തില്‍ ചെന്നു തലകുനിച്ചു നില്‍ക്കാന്‍ ലൈംഗിക അതിക്രമത്തിനിരയായ പെണ്‍കുട്ടികളെ ഉപദേശിക്കുന്ന കോടതികളുടെയും വനിതാ കമീഷന്റെയും മനുഷ്യത്വമില്ലായ്മകള്‍ കാതുപൊട്ടിക്കവെ പദ്മാവതിചേച്ചി വീണ്ടും മനസ്സിലെത്തി.

തൊഴിലുറപ്പിന്റെ പണിക്കു പോയിട്ടില്ലെങ്കില്‍ മേലെപ്പുറത്തെ വീട്ടിലെ നെഹ്‌റുവിന്റെ ചിത്രം തൂക്കിയ ഉമ്മറത്തിണ്ണയിലിരുന്ന് ചേച്ചി പത്രം വായിക്കുന്നുണ്ടാവുമിന്നും. ഇരയോടുള്ള ചെന്നൈ വനിതാ കമ്മീഷന്‍ അധ്യക്ഷ ദാക്ഷായണി നെടുഞ്ചേഴിയന്റെ ക്രൂരമായ ആ ഉപദേശം വായിച്ച് അവര്‍ മുറ്റത്തേക്ക് നീട്ടി തുപ്പിക്കാണും. പിശാചിന്റെ സം രക്ഷണം ഏത് പെണ്ണിനു വേണം ... ത്ഫൂ

click me!