ഭാവിയിലെ ബോസിന്റെ മുന്നില്‍ നില്‍ക്കാനുള്ള  റിഹേഴ്‌സല്‍ ആണ് സമകാലീന വിദ്യാഭ്യാസം

By അനില്‍കുമാര്‍ പി. വിFirst Published Aug 12, 2016, 10:29 AM IST
Highlights

ഒരിക്കല്‍ പ്രശസ്ത അക്കാദമിക്കും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ എം. ടി. അന്‍സാരി, തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായിരുന്ന സി. ബി. മോഹന്‍ദാസിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍, അന്‍സാരിയെ മോഹന്‍ദാസ് മാഷ് പഠിപ്പിച്ചിട്ടുണ്ടോ എന്ന് ശ്രീല ചേച്ചി കൗതുകത്തോടെ ചോദിച്ചു. വളരെ നൈസര്‍ഗികമായിരുന്നു അന്‍സാരിയുടെ മറുപടി: 'തീര്‍ച്ചയായും! അതല്ലേ ഞാനിങ്ങനെ ആയിപ്പോയത്. അല്ലെങ്കില്‍ എന്നേ രക്ഷപ്പെട്ടേനേ.'മോഹന്‍ദാസ് മാഷടക്കം അവിടെ സന്നിഹതരായിരുന്ന എല്ലാവരും ചിരിച്ചു. പക്ഷെ ഇവിടെ നമുക്ക് ചിരിക്കുവാന്‍ കഴിയില്ല. 

ഒരു അധ്യാപകനോ അധ്യാപികയോ നമ്മളെ വളരെ പ്രശ്‌നരഹിതവും സമാധാനപരവും ആയ ജീവിതത്തിലേക്ക് നയിക്കുകയാണെങ്കില്‍, അത്തരം അധ്യാപനം, എന്റെ വൈകൃതം നിറഞ്ഞ നോട്ടത്തില്‍, അടിസ്ഥാനപരമായി തന്നെ വളരെ കുഴപ്പം പിടിച്ച എന്തോ ഒന്നാണ്.


എന്തുകൊണ്ട്?  

ഉത്തരം ലളിതമാണ്. എല്ലാവരും ചിരിക്കുമ്പോള്‍ നാം ഇവിടെ കൃത്യമായ ഒരു ചോദ്യം ചോദിക്കുന്നു: ഇവിടെ ചിരിക്കാനെന്തിരിക്കുന്നു? അന്‍സാരി പറഞ്ഞത് വളരെ സ്പഷ്ടമായ ഒരു വസ്തുത അല്ലേ?അന്‍സാരി പറഞ്ഞത് വിദ്യഭ്യാസത്തെ സംബന്ധിച്ച വലിയൊരു രൂപകം അല്ലേ? വിദ്യാഭ്യാസം എന്നത് ഒരു വിദ്യാര്‍ഥിയെ ഒരു നിശ്ചിത ജോലിക്കു പ്രാപ്തനാക്കുന്ന/പ്രാപ്തയാക്കുന്ന ഒരു പ്രക്രിയ മാത്രമാണോ? അതോ പഠനം എന്നു പറയുന്നത് അടിസ്ഥാനപരമായി വളരെ വ്യത്യസ്തമായ ഒരു സംഗതി ആണോ? 

അന്‍സാരിയുടെ തമാശയുടെ അബോധ യുക്തി നമുക്കിപ്രകാരം വക്രീകരിക്കാം: 'നിങ്ങള്‍ എന്റെ ജീവിതം തുലച്ചു. അതിനു ഞാന്‍ നന്ദിയുള്ളവനാണ്.' മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു അധ്യാപകനോ അധ്യാപികയോ നമ്മളെ വളരെ പ്രശ്‌നരഹിതവും സമാധാനപരവും ആയ ജീവിതത്തിലേക്ക് നയിക്കുകയാണെങ്കില്‍, അത്തരം അധ്യാപനം, എന്റെ വൈകൃതം നിറഞ്ഞ നോട്ടത്തില്‍, അടിസ്ഥാനപരമായി തന്നെ വളരെ കുഴപ്പം പിടിച്ച എന്തോ ഒന്നാണ്. പഠനം, അതിന്റെ പ്രകൃതിയില്‍ തന്നെ, വളരെ ഹിംസാത്മകമായ ഒരു പ്രക്രീയയാണ്.  

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. പഠനം എന്നു പറയുന്നത് സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നു അനിശ്ചിതത്വത്തിന്റേയും അപകടങ്ങളുടെയും  വന്യ സ്ഥലികളിലേയ്ക്കുള്ള പറിച്ചെറിയപ്പെടല്‍    ആണ്. അത് നമുക്ക് 'സ്വാഭാവിക'മായി ലഭിക്കുന്ന സ്വീകാര്യമായ ചിന്താ ശീലങ്ങളേയും കാഴ്ചകളെയും സംശയത്തോടെ നോക്കുന്ന പ്രക്രിയയാണ്.അത് നിങ്ങളുടെ മുഴുവന്‍ ഉണ്മയേയും സുരക്ഷിതത്വത്തിന്റെ ഉള്‍ക്കോട്ടയില്‍ നിന്നും പിടിച്ചുലച്ച് നിങ്ങളെ നിങ്ങളല്ലാതാക്കലാണ്. അത്തരം ഒരു പഠനത്തിനു ശേഷം നമ്മള്‍ ജീവിതം മുഴുവന്‍ അസ്വസ്ഥതയോടെ അലയേണ്ടവരാകുന്നു. അതിനു ശേഷം പൂര്‍ണ്ണ  നിശ്ചലതയില്‍ പോലും നമ്മള്‍ നാടോടികളാണ്. ഒന്നിനും നമ്മെ ആശ്വസിപ്പിക്കുവാന്‍ കഴിയില്ല.നമ്മള്‍ക്കായൊരു വീടുമില്ല. നമ്മുടെ ജീവിതം തുലഞ്ഞിരിക്കുന്നു. ഒരു പക്ഷേ നിങ്ങളുടെ മനസ്സിലേയ്ക്ക് ഒരു ചോദ്യം ഈ നിമിഷം കടന്നുവരുന്നുണ്ടാകാം: എന്തിനാണ് പഠനത്തിനെക്കുറിച്ച് ഇത്രയും ധൃതിപിടിച്ച് വൃത്തികെട്ട ബൂര്‍ഷ്വാ വൈയക്തിക തത്വശാസ്ത്രം വിളമ്പുന്നത്? ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റേയും വൈയക്തിക അസ്തിത്വ തെരഞ്ഞെടുപ്പുകളുടെയും ഉന്മാദ ആഘോഷമല്ലേ? അത്തരമൊരു സംശയം നിങ്ങളെ മഥിക്കുന്നുവെങ്കില്‍, എന്റെ ഉത്തരം  നിസ്സംശയമായും 'അല്ല' എന്നു തന്നെയാണ്.

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. നമ്മള്‍ നേരത്തെ പഠനത്തെ സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നും അഗ്‌നിപര്‍വതാസ്തിത്വത്തിന്റെ ഉരുകുന്ന കൂര്‍മ്മതയിലേയ്ക്കുള്ള യാത്രയായി വിലയിരുത്തിയപ്പോള്‍, നമ്മള്‍ സാര്‍ത്രെയുടെ (Satrre)  'അസ്തിത്വം സത്തയ്ക്കു മുന്‍പ് ' ( Existence precedes essence ) എന്നുള്ള അസ്തിത്വവാദ ദര്‍ശനത്തിന്റെ തടവുകാരായിരുന്നില്ല. വൈയക്തിക സത്തയോ വൈയക്തിക തിരഞ്ഞെടുപ്പോ നമ്മളെ ബാധിക്കുന്ന വിഷയങ്ങളുമല്ല. മാത്രമല്ല, ഈയൊരു നിമിഷം  വിദ്യാഭ്യാസത്തെ ഒരു അധ്യാപകനോ അധ്യാപികയോ ആയി ബന്ധപ്പെട്ട ഒരു പ്രക്രിയയായി മനസ്സിലാക്കുന്നുമില്ല. നമ്മുടെ കാഴ്ചപ്പാടില്‍ അദ്ധ്യാപകന്‍, ലിബറല്‍ സിദ്ധാന്തം ഘോഷിക്കുന്ന മാതിരി, വിജ്ഞാനോല്പ്പാദനത്തിന്റെ സാഹചര്യം ഒരുക്കുന്ന ഒരു വിശിഷ്ട വ്യക്തിയുമല്ല. പഠനമെന്നത് നീക്കങ്ങളും മറു നീക്കങ്ങളും മുന്‍കൂട്ടി  ആസൂത്രണം ചെയ്യുന്ന ഒരു ചെസ്സ് ഗെയ്മുമല്ല.

പഠനം എന്നു പറയുന്നത് സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നു അനിശ്ചിതത്വത്തിന്റേയും അപകടങ്ങളുടെയും  വന്യ സ്ഥലികളിലേയ്ക്കുള്ള പറിച്ചെറിയപ്പെടല്‍    ആണ്.

എന്തുകൊണ്ട്?  

ഉത്തരം ലളിതമാണ്. പഠനം ഒരു സംഭവിക്കലാണ് (happening). സംഭവിക്കലുകളുടെ ആകസ്മികതയില്‍ അദ്ധ്യാപകന്‍  മറ്റു പല ആകസ്മികതകളെപ്പോലെ ഒരു ആകസ്മികത മാത്രമാണ്. ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫൂക്കോയ്ക്കു (Michel  Foucault) ശേഷം അദ്ധ്യാപകന്‍ ക്ലാസ്സ് മുറിയില്‍ മരിച്ചിട്ടുണ്ടാകാം, പക്ഷേ  പഠനമെന്ന പ്രക്രിയ ജീവിതത്തില്‍ അവസാനിച്ചിട്ടില്ല. നന്നായി പ്രോഗ്രാം ചെയ്ത ഒരു കമ്പ്യൂട്ടറിന് പല ആധുനിക പ്രൊഫസര്‍മാര്‍ക്കും പകരമായി ക്ലാസ് മുറിയില്‍ വര്‍ത്തിക്കാന്‍  കഴിയും. പക്ഷേ പഠനം എന്നത് ഒരു പ്രക്രിയയാണ്; ഒരു തുറക്കലാണ്; ഒരു ചലനമാണ്; അതു  ജീവിതമാണ്. പഠനം ഒരു സംഭവിക്കലാണ്. പ്രോഗ്രാം ചെയ്ത ഒരു പ്രക്രിയയല്ല.  

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. ബുദ്ധന്റെ പഠനസംഭവങ്ങളില്‍ നിന്ന് വളരെ പ്രശസ്തമായ ഒരു ഭാഗം നമുക്ക് ഓര്‍മ്മിച്ചെടുക്കാം. ബുദ്ധന്റെ പ്രഭാഷണത്തിനായി ആളുകള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ബുദ്ധന്‍  വന്ന്  തന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്നു. കാണികളുടെയിടയില്‍ നിശ്ശബ്ദത വ്യാപിക്കുന്നു. അദ്ദേഹം സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍, അടുത്ത മരത്തില്‍ നിന്നൊരു പക്ഷി പാടുവാന്‍ തുടങ്ങുന്നു. ബുദ്ധന്‍ പക്ഷിയുടെ സംഗീതത്തില്‍ സ്വയം മറക്കുന്നു. പക്ഷിയുടെ സംഗീതം അവസാനിക്കുമ്പോള്‍ തന്റെ കേള്‍വിക്കാരെ അത്ഭുത പരതന്ത്രരാക്കിക്കൊണ്ട് ബുദ്ധന്‍ ഇതില്‍ക്കൂടുതലൊന്നും അദ്ദേഹത്തിന് പറയാനില്ല എന്ന് അവരെ അറിയിക്കുന്നു. ഈ പ്രശസ്തമായ കഥയെ നമ്മള്‍ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: ബുദ്ധന്‍ അദ്ദേഹത്തിന്റെ കേള്‍വിക്കാര്‍ വിചാരിച്ചതു പോലെ വിജ്ഞാനത്തിന്റെ അധിപന്‍ (master) ആയിരുന്നില്ല. എല്ലാവരും അദ്ദേഹത്തില്‍ നിന്നും അദ്ധ്യാപനം  പ്രതീക്ഷിച്ചപ്പോള്‍, പഠനം മറ്റൊരിടത്ത് ആകസ്മികമായി സംഭവിച്ചു. അതുകൊണ്ടു  തന്നെ പക്ഷിയുടെ പാട്ട് ബുദ്ധനെ പഠിപ്പിച്ചതെന്തോ ആ അറിവ് അവര്‍ക്ക്  ലഭിച്ചുമില്ല. കാണികള്‍  പഠനം ഒരു അജണ്ടയാണെന്ന മുന്‍വിധിയോടെയാണ് ഇരുന്നത്. മുന്‍കൂട്ടി  തയ്യാര്‍  ചെയ്തതു  വിളമ്പുന്ന വിജ്ഞാനത്തിന്റെ അധിപനായിട്ടായിരിക്കാം അവര്‍ ബുദ്ധനെ കണ്ടിട്ടുണ്ടാവുക. അദ്ധ്യാപകന്‍/അദ്ധ്യാപിക, പക്ഷേ , അനുഗ്രഹവും മുന്‍കൂര്‍ തയ്യാര്‍  ചെയ്ത അറിവും ചൊരിയുന്ന/ വര്‍ഷിക്കുന്ന ഒരു അധിപന്‍/അധിപ അല്ല.   

അദ്ധ്യാപകന്‍/അദ്ധ്യാപിക, പക്ഷേ , അനുഗ്രഹവും മുന്‍കൂര്‍ തയ്യാര്‍  ചെയ്ത അറിവും ചൊരിയുന്ന/ വര്‍ഷിക്കുന്ന ഒരു അധിപന്‍/അധിപ അല്ല.   

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. അധിപന്മാര്‍ക്ക് (masters), അവര്‍ക്കിഷ്ടപെട്ടാലും ഇല്ലെങ്കിലും, അധികാരത്തെയും അടിമകളെയും മാത്രമേ 'കൈകാര്യം' ചെയ്യുവാന്‍ കഴിയൂ. അധ്യാപകന്‍/അധ്യാപിക വിജ്ഞാനത്തിന്റെ അധിപനാകുമ്പോള്‍, അവന്‍/അവള്‍ അധ്യാപകന്‍/അധ്യാപിക അല്ലാതാവുകയാണു. അധിപനായ ഒരാള്‍ എല്ലാം മറച്ചു പിടിക്കുന്നു. അതുകൊണ്ടാണ് ഒരു ലിബറല്‍ സമൂഹത്തില്‍ അയാള്‍ അധിപന്‍ /'മുഖ്യന്‍' ആകുന്നതു. ഒരു പഠന പ്രക്രിയയില്‍ ഒരു അധ്യാപകന്‍ ഒന്നും തന്നെ ഒളിച്ചു വെക്കുന്നില്ല. തന്റെ അജ്ഞത പോലും മറച്ചു പിടിക്കുന്നില്ല. അവിടെ ഒരു രഹസ്യവും ഇല്ല. ഒരു അധ്യാപകന്റെ/അധ്യാപികയുടെ രഹസ്യം എന്നത് അവര്‍ക്ക് ഒരു രഹസ്യവും ഇല്ല എന്നതാണ്. തന്റെ പഠന പ്രക്രീയയില്‍ തനിക്കു ഒരു നിയന്തണവും ഇല്ല എന്നറിയുന്ന ഒരാളാണ് അധ്യാപകന്‍/അധ്യാപിക. വിജ്ഞാനം സാമൂഹ്യവ്യവഹാരങ്ങളുടെ രൂപങ്ങള്‍ക്ക് അനുസരിച്ച് ഭാഷയാല്‍ (langue) നിര്‍മിക്കപ്പെടുന്നു; തന്റെ 'അഹം ബോധ'ത്തിനെ തകര്‍ത്ത് തരിപ്പണമാക്കി കടന്നു പോകുന്നു. പഠനത്തെ പുറത്തുനിന്നും അകത്തുനിന്നും ഉള്ള ഹിംസാത്മകമായ ഒരു അധിനിവേശ പ്രക്രീയയായി കാണുന്ന ഒരാള്‍ക്കും താന്‍ സ്വയം ഒരു അഥോറിറ്റിയായി, അധികാരിയായി അനുഭവപെടില്ല.സ്വന്തം ക്ലാസ് മുറിയിലേക്ക് തലേദിവസം തയ്യാറായി പോകുന്ന ഒരുവനല്ല അധ്യാപകന്‍, മറിച്ചു ആകസ്മികതയെ അംഗീകരിച്ച് കയ്യില്‍ 'ഒന്നുമില്ലാതെ', 'അഹം'ഭാവം ഇല്ലാതെ, ക്ലാസ് ലോകത്തേക്ക് കടന്നു ചെല്ലുന്നവനാണ് അധ്യാപകന്‍.

ഒരു നല്ല അധ്യാപിക വിദ്യാര്‍ഥികളെ 'സ്റ്റോക്ക്' അഭ്യാസങ്ങള്‍ പഠിപ്പിക്കുന്നവളല്ല, മറിച്ചു തന്നില്‍ നിന്നും ചുറ്റുപാടു നിന്നും, സര്‍വോപരി വിദ്യാര്‍ഥികളില്‍ നിന്നും ചിന്തയെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവളാണു.

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. ഒരു അധ്യാപകന്‍ സ്വയം ദൃശ്യമാക്കുന്നവനാണ്. അദ്ദേഹത്തിന് മുന്‍കൂട്ടി അറിയില്ല, പഠനം അദ്ദേഹത്തെയും വിദ്യാര്‍ഥികളേയും എങ്ങോട്ടാണ് നയിക്കുന്നത് എന്ന്. ക്ലാസ് ലോകത്ത് പഠനം നടക്കുമോ എന്നു പോലും അദ്ദേഹത്തിന് മുന്‍കൂട്ടി പറയുവാന്‍ കഴിയില്ല. അദ്ദേഹത്തിന് ഒരു വസ്തുതയും തെളിയിക്കുവാനും ഇല്ല. ചിന്ത, അത് മാത്രമാണ് ഒരു അധ്യാപകനെ മുന്നോട്ട് നയിക്കുന്നത്. ഒരു നല്ല അധ്യാപിക വിദ്യാര്‍ഥികളെ 'സ്റ്റോക്ക്' അഭ്യാസങ്ങള്‍ പഠിപ്പിക്കുന്നവളല്ല, മറിച്ചു തന്നില്‍ നിന്നും ചുറ്റുപാടു നിന്നും, സര്‍വോപരി വിദ്യാര്‍ഥികളില്‍ നിന്നും ചിന്തയെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവളാണു. ചിന്ത മറ്റൊരാള്‍ ചോദിച്ച്, മറ്റൊരാള്‍ നല്‍കിയ ഉത്തരം സ്വാംശീകരിക്കുന്ന പ്രക്രിയ മാത്രമല്ല. അത് ആരും ഇതു വരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള ധീരതയും ആണ്. കലയോ, മതമോ, തത്വശാസ്ത്രമോ, ശാസ്ത്രമോ എന്നിങ്ങനെ ചിന്തയുടെ ഏതു മണ്ഠലത്തിലുമുള്ള ഏറ്റവും ഉന്മാദാവസ്ഥകള്‍  സൂക്ഷ്മമായി നോക്കിയാല്‍ മനസ്സില്ലാവും, ഉത്തരം നല്‍കുന്നതിനെക്കാളും മനോഹരമായ ചിന്ത ചോദ്യങ്ങള്‍ ചോദിക്കുവാന്‍ കാരണമായത് ആണെന്ന്.  

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. ഒരു സംഭവത്തിന്റെ (event ) ദുരൂഹതയില്‍ നിന്നല്ല ഒരു ചോദ്യം ഉണ്ടാകുന്നത്. നല്ലൊരു ചോദ്യത്താല്‍ ഒരു സംഭവം ദുഷ്‌കരമാവുകയാണ് (difficult) ചെയ്യുന്നത്. ആധുനിക ഭൗതിക ശാസ്തത്തിന്റെ ചരിത്രത്തിലൂടെ വളരെ ലളിതമായി കടന്നു പോയി നമുക്കിതു മനസ്സിലാക്കാം. ഗുരുത്വാകര്‍ഷണം എന്ന ആശയമാണ് നമ്മള്‍ പ്രതിപാദിക്കുന്നത്. ഐസക് ന്യൂട്ടന്റെ മഹത്തായ ചിന്ത ഗുരുത്വാകര്‍ഷണ സിദ്ധാന്തം എന്ന അദ്ദേഹത്തിന്റെ ഉത്തരത്തില്‍ മാത്രം ഒതുക്കാവുന്നത് അല്ല. അത് ആ ഉത്തരത്തെക്കാള്‍ അദ്ദേഹം ചോദിച്ച ചോദ്യത്തിന്റെ നവീനതയുമായി ബന്ധപ്പെട്ടിരിക്കുന്നു: എന്തുകൊണ്ട് സ്വതന്ത്രമായി നിപതിക്കുന്ന ഒരു വസ്തു മറ്റു ദിശകളിലേക്ക് (മുകളിലേയ്‌ക്കോ വശങ്ങളിലെയ്‌ക്കോ) പോകുന്നില്ല? അതാണാ നവീനമായ ചോദ്യം! 

ഫ്രഞ്ച് സോഷോളജിസ്റ്റായ ഒഗസ്‌തേ കൊന്ടിന്റെ (Auguste Comte) പ്രശസ്തമായ ആധുനിക ശാസ്ത്രത്തിന്റെ ചരിത്രമെഴുത്തില്‍, ജര്‍മ്മന്‍ തത്വചിന്തകനായ ഹെയ്ഗലിന്റെ  (Hegel) ചരിത്രപദ്ധതിയെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള ഒരു നിരീക്ഷണമുണ്ട്: മനസ്സ് (അതായത്, ചോദ്യം) വികസിച്ചത്, മതപരമായ അവസ്ഥയില്‍ നിന്നും തത്വശാസ്ത്രപരമായ അവസ്ഥയിലൂടെ വസ്തുവാദത്തിലേയ്ക്കാണെന്ന് (positivism). പ്രബുദ്ധത (Enlightenment) സൃഷ്ടിച്ച വസ്തുവാദപരമായ ഒരു കാലഘട്ടത്തില്‍ മാത്രമേ ന്യൂട്ടന്‍ ചോദിച്ച ചോദ്യം സാധ്യമാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മതപരവും തത്വശാസ്ത്രപരവും ആയ ചിന്താരീതികളെ സംബന്ധിച്ചിടത്തോളം ന്യൂട്ടന്‍ ചോദിച്ച ചോദ്യം അവയ്ക്ക് ഒരു ചോദ്യമേ ആയിരുന്നില്ല. ഒരു ബുദ്ധനോ, ഒരു പ്ലേയ്‌റ്റോയോ  (Plato) ഇത്തരമൊരു ചോദ്യം ചോദിച്ചു കണ്ടിട്ടില്ല. ചാള്‍സ് ഡിക്കന്‍സിന്റെ ലോകവീക്ഷണത്തെക്കുക്കുറിച്ച് ഇംഗ്ലീഷ് ചിന്തകനായ ജി. കെ. ചെസ്റ്റെര്‍റ്റന്റെ വളരെ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട്: 'മിക്കവാറും കൃത്യമായ വസ്തുതയാണ് എല്ലാത്തിലും വച്ച് ഏറ്റവും ഭ്രമിപ്പിക്കുന്ന സംഗതി' (... the most fascinating thing of all is often the precise fact). അതായത്, ന്യൂട്ടനെ പോലെ തന്നെ പ്രബുദ്ധതയുടെ സൃഷ്ടി ആയിരുന്ന ഡിക്കന്‍സിനെ സംബന്ധിച്ചിടത്തോളം, ഈ ലോകം ഇങ്ങനെ തന്നെ ഇരിക്കുന്നത്, അത് മറ്റൊരു രീതിയില്‍ ആകാത്തത് തന്നെ വളരെ ഭ്രമിപ്പിക്കുന്ന, അസ്വസ്ഥമാക്കുന്ന ഒരു സംഗതി ആയിരുന്നു. ഇത് ന്യൂട്ടനെ സംബന്ധിച്ചും സത്യം ആയിരുന്നു.  

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്.  ന്യൂട്ടന്റെ മനസ്സില്‍ ഉണര്‍ത്തിയ ചോദ്യത്തിനു കാരണമായ സംഭവം പുതിയതൊന്നുമായിരുന്നില്ല.  അത് കൃത്യമായ  ഒരു വസ്തുതയാണ്: സ്വതന്ത്രമാക്കപ്പെട്ട  വസ്തു താഴേക്ക് നിപതിക്കുന്നത്. പക്ഷെ ന്യൂട്ടന്  ഇത് വളരെ ഭ്രമാത്മകമായ ഒരു സംഗതി ആയാണ് അനുഭവപ്പെട്ടത്. എന്തുകൊണ്ട് ഇത് മറ്റു ദിശകളില്‍ സഞ്ചരിക്കുന്നില്ല? എങ്ങിനെ ഇത് സംഭവിക്കുന്നു? ഇത് വളരെ ഉല്പതിഷ്ണുപരമായ ചോദ്യമാണ്. അതിനു അദ്ദേഹം നല്കിയ ഉത്തരം അദ്ദേഹത്തിന്റെ സമകാലീനരായ ശാസ്ത്രജ്ഞന്മാരെ തൃപ്തിപ്പെടുത്തുവാന്‍ പോന്നതായിരുന്നു.അദ്ദേഹത്തിന്റെ സന്ദേഹത്തിനു ഉത്തരമായാണ് അദ്ദേഹം തന്റെ പ്രശസ്തമായ ഗുരുത്വാകര്‍ഷണ സിദ്ധാന്തം രൂപീകരിച്ചത്: പിണ്ഡം (mass) ഉള്ള വസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കും. അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ നവീനത/മൗലികത അദ്ദേഹത്തിന്റെ ഉത്തരത്തിനില്ല എന്നതിനു ഏറ്റവും വലിയ നിദാനമായിരുന്നു, അദ്ദേഹം അദ്ദേഹത്തിന്റെ ദൈവിക സങ്കല്‍പ്പത്തിനനുരോധമായി ഗുരുത്വാകര്‍ഷണ ബലത്തെ ഭൗതികമല്ലാത്ത  മറ്റൊന്നിന്റെ ഇടപെടല്‍ കൂടാതെ സാധ്യമല്ലാത്ത (without the mediation of something else which is not material) ഒന്നായി വിലയിരുത്തിയത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അദ്ദേഹത്തിന്റെ ചോദ്യം നവീനമായിരുന്നെങ്കിലും, ഉത്തരത്തില്‍ പകുതി പഴഞ്ചന്‍ ആയിരുന്നു. അതായത്, അദ്ദേഹത്തിന്റെ ചോദ്യം മതചിന്തയുമായി ഇടഞ്ഞുവെങ്കിലും, തന്റെ ഉത്തരത്തിലൂടെ അദ്ദേഹം തന്റെ അയാഥാസ്ഥിതികമായ (unorthodox) കൃസ്തീയ ലോകവീക്ഷണം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ആയിരിക്കാം ന്യൂട്ടന് ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍, സ്പിനോസയുടെ  (Spinoza) ദൈവസങ്കല്‍പ്പത്തില്‍ ആകൃഷ്ടനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്ന ജര്‍മന്‍ ജൂതന്‍ (ജൂത സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ട സ്പിനോസയുടെ ദൈവം സെമിറ്റിക് മതങ്ങള്‍ ഉത്‌ഘോഷിക്കുന്ന അതീന്ദ്രിയ nscendent) ദൈവം അല്ല, മറിച്ചു ആധുനിക ശാസ്ത്രചിന്ത സാധ്യമാക്കുന്ന അന്തര്‍വര്‍ത്തിയായ (immanent) ദൈവം ആണെന്നത് ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്) ന്യൂട്ടന്റെ ഉത്തരത്തിനു ശക്തമായ ആഘാതം എല്പ്പിച്ചത്. 

ഐന്‍സ്‌റ്റൈനെ സംബന്ധിച്ചിടത്തോളം, ഗുരുത്വാകര്‍ഷണം എന്നത്  പിണ്ഡമ്മുള്ള വസ്തു അതിന്റെ പിണ്ഡത്താല്‍ സ്ഥലകാലത്തിനു (timespace) എല്പ്പിക്കുന്ന വക്രീകരണത്തിന്റെ ഉത്പന്നമാണ്. പിണ്ഡമുള്ള എല്ലാ വസ്തുക്കളും അവ അകപ്പെട്ടിരിക്കുന്ന സ്ഥലകാലത്തിനെ വക്രീകരിക്കുന്നു. തത്ഫലമായി, ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം, ന്യൂട്ടന്റെ സിദ്ധാന്തത്തില്‍ സാധ്യമാവാത്ത ഒരു പ്രവചനം സാധ്യമാക്കി: പ്രകാശം സൂര്യനെപ്പോലെ വലിയ പിണ്ഡമുള്ള വസ്തുക്കളുടെ അടുത്തുകൂടെ കടന്നു പോകുമ്പോള്‍ വക്രീകരിക്കപ്പെട്ട സ്ഥലകാലത്താല്‍ വളയുവാനുള്ള സാധ്യത. പിന്നീട് നടന്ന നിരീക്ഷണങ്ങള്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം സാധ്യമാക്കിയ പ്രവചനം ശരി ആണെന്ന് തെളിയിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തെ വസ്തുപൂജ (fetishize) ചെയ്യുന്ന സമകാലീന ഭൗതികശാസ്ത്രത്തെ നമ്മള്‍ ശക്തിയായി എതിര്‍ക്കണം.

ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ ഉത്തരം ഗുരുത്വാകര്‍ഷണത്തെ എല്ലാ കാാലത്തേക്കുമായി നിര്‍ണയിച്ച മട്ടിലാണ് ആധുനിക ഭൗതികശാസ്ത്രം പലപ്പോഴും മുന്നോട്ടു പോകുന്നതു.

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. മാര്‍റ്റിന്‍ ഹെയ്ഡഗറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാം വിശ്വസിക്കുന്നു: 'ശാസ്ത്രം ചിന്തിക്കുന്നില്ല' (Science does not think). അതായത് ശാസ്ത്രവ്യവഹാരം സാധ്യമാക്കുന്ന, നമ്മുടെ ലോകം സാധ്യമാക്കുന്ന, ഉണ്മയുടെ; ഭാഷയുടെ വ്യവഹാരങ്ങളെക്കുറിച്ച് ശാസ്ത്രത്തിനു ഒന്നും അറിയില്ല എന്നുള്ള ഹെയ്ഡഗറിന്റെ വിമര്‍ശനം, The Trouble with Physics എന്ന ഗ്രന്ഥത്തില്‍ ഫിസിസിസ്റ്റായ ലീ സ്‌മോളിന്‍ (Lee Smolin) ഉയര്‍ത്തുന്ന വിമര്‍ശനത്തെക്കാള്‍ വളരെ ontological ആണ്.  ഹെയ്ഡഗറിന്റെ വിമര്‍ശനത്തിലേക്കു കടക്കാതെ, സമകാലീന ഭൗതിക ശാസ്ത്രത്തിന്റെ ചിന്താ പരിമിതികള്‍ നാം നേരത്തെ സൂചിപ്പിച്ച ചിന്തയും ചോദ്യരൂപികരണവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി സൂചിപ്പിക്കാവുന്നതാണ്. കുറച്ചു മുന്‍പ് നാം പ്രതിപാദിച്ച ഗുര്‍ത്വാകര്‍ഷണത്തിന്റെ ലഘുചരിത്രത്തിലൂടെ നമ്മള്‍ കണ്ടു പലപ്പോഴും ഉത്തരത്തെക്കാള്‍ വളരെ മൗലികമായതു ചോദ്യമാണെന്ന്. ഈ ഒരു പരിപ്രേക്ഷ്യത്തില്‍ നിന്നും നോക്കുമ്പോള്‍ ആണ് ആധുനിക ഭൗതിക ശാസ്ത്രം നമ്മെ വളരെ നിരാശപ്പെടുത്തുന്നത്.  

ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ ഉത്തരം ഗുരുത്വാകര്‍ഷണത്തെ എല്ലാ കാാലത്തേക്കുമായി നിര്‍ണയിച്ച മട്ടിലാണ് ആധുനിക ഭൗതികശാസ്ത്രം പലപ്പോഴും മുന്നോട്ടു പോകുന്നതു. ചില നവീകരണങ്ങള്‍ അവിടെയും ഇവിടെയും ആവശ്യമുണ്ട് എന്ന് മാത്രം. ഉദാഹരണത്തിന്, 'ഗ്രാവിറ്റോണ്‍' എന്ന കണിക കണ്ടെത്തുക എന്നിങ്ങനെ.  ഗുരുത്വാകര്‍ഷണത്തെ വളരെ വ്യത്യസ്തമായി കാണുവാനോ നിര്‍വചിക്കുവാനോ ഉള്ള സാധ്യത ആധുനിക ഭൗതികശാസ്ത്രം എല്ലാ കാലത്തേക്കുമായി അടച്ച മട്ടായിട്ടാണ് പുറമെ നിന്ന് നോക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നത്. ന്യൂട്ടനും ഐന്‍സ്‌റ്റൈനും പ്രദര്‍ശിപ്പിച്ച സൃഷ്ട്യോന്മുഖമായ ഭാവനക്ക് (creative imagination) പകരം, കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഗണിതശാസ്ത്രപരമായ സദൃശ്യമാക്കലുകളും  (approximations) പരീക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പരിപൂര്‍ണം (perfect) ആക്കുവാനുള്ള ശ്രമങ്ങളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. 

എര്‍വിന്‍ ഷ്രൊഡിങ്ങറുടെ (Erwin Schrödinger) EPR പരീക്ഷണവുമായി ബന്ധപ്പെട്ട ആ പ്രശസ്തമായ ചിന്താ പരീക്ഷണം (thought experiment) ഒരു രൂപകം ആയി ഉപയോഗിക്കുകയാണെങ്കില്‍, ഇന്ന് ഭൗതികശാസ്ത്രത്തില്‍ നടക്കുന്നത് ഇരുട്ട് മുറിയില്‍ കറുത്ത പൂച്ചയെ അന്വേഷിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തനമാണ്. മുറി മുഴുവന്‍ വെളിച്ചമാക്കിയാല്‍ പൂച്ചയെ കണ്ടെത്താം എന്ന 'മുന്‍വിധി'യോടെയാണ് മുറി വെളുപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ പരിപൂര്‍ണം ആക്കുവാന്‍ ശ്രമിക്കുന്നത്. മിക്കവാറും ഭൗതികശാസ്ത്രജ്ഞന്‍മാരും ഇത്തരം  അന്വേഷണം അംഗീകരിച്ച മട്ടാണ്. വെളിച്ചത്തിന്റെ സാന്നിധ്യത്താല്‍ അദൃശ്യമാകുന്ന ഒരു പൂച്ച എന്ന സൈദ്ധാന്തിക സാധ്യത സങ്കല്‍പ്പിക്കുവാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. മാത്രമല്ല, പൂച്ച സൃഷ്ട്ടിക്കുന്ന സമസ്യ നാളിതുവരെയുള്ള സിദ്ധാന്തങ്ങളെ നിരാകരിച്ചു, പുതിയൊരു കാഴ്ച്ചപാടിലൂടെ, ഇത് വരെ ചോദിക്കാത്ത ചോദ്യങ്ങളിലൂടെ, അഭിമുഖീകരിക്കുവാന്‍ സാധിക്കുമോ എന്നുള്ള ചിന്തയും ഇവരില്‍ സംഭവിക്കുന്നേയില്ല! സൃഷ്ട്യോന്മുഖമായ ഭാവന ഇല്ലാത്ത ഇവരോട് അതിനാല്‍ തന്നെ നമുക്ക് സഹതാപവും ഉണ്ട്. അതിനാല്‍ തന്നെ നാം വീണ്ടും ഊന്നി ഊന്നി പറയുന്നു: ചിന്ത എന്നത് ഉത്തരം തരുന്ന ഒരു പ്രക്രിയ മാത്രമല്ല. അത് അതിനെക്കാളുപരി ആരും സങ്കല്‍പ്പിക്കുവാന്‍ ശക്തിപ്പെടാത്ത ചോദ്യങ്ങള്‍ ചോദിക്കലും ആണ്. ഇങ്ങനെ വരുമ്പോള്‍ നമ്മുടെ അടുത്ത ആശയവും തെളിഞ്ഞു വരുന്നു: മറ്റുള്ളവര്‍ ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നത് വളരെ ബോറടിപ്പിക്കുന്ന പരിപാടി ആണ്. 

ഒരു അനതിസാധാരണ ചിന്തകനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നത് അദ്ദേഹത്തിന്റെ ബുദ്ധിശക്തി നിമിത്തമല്ല. മറിച്ചു അവള്‍/ അവന്‍ /അത് ചോദിച്ച ചോദ്യം നിമിത്തമാണ്.

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. ഒരു അനതിസാധാരണ ചിന്തകനെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നത് അദ്ദേഹത്തിന്റെ ബുദ്ധിശക്തി നിമിത്തമല്ല. മറിച്ചു അവള്‍/ അവന്‍ /അത് ചോദിച്ച ചോദ്യം നിമിത്തമാണ്. സാധാരണ മനുഷ്യര്‍ മറ്റുള്ളവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍, ഒരു അനതിസാധാരണ ചിന്തക തനിക്കും ലോകത്തിനും വേണ്ടി പുതിയൊരു ചോദ്യം കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. ഈയൊരു വ്യത്യാസമാണ് പരീക്ഷമുറി, ചാറ്റ് റൂം, സെമിനാര്‍ ഹാള്‍, ഇന്റര്‍വ്യൂ റൂം എന്നിവിടങ്ങളിലെ ചോദ്യങ്ങളെ വളരെ ബോറടിപ്പിക്കുന്നവയാക്കുന്നത്. ഈയൊരു വ്യത്യാസമാണ് ഒരു അനതിസാധാരണ ചിന്തകയുടെ ചിന്ത വളരെ ക്ഷോഭജനകമാക്കുന്നത്
. ചുരുക്കത്തില്‍, സാധാരണ മനുഷ്യര്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍, ഒരു അനതിസാധാരണ ചിന്തകന്‍ തന്റെ തന്നെ ചോദ്യത്താല്‍ സ്വയം നാടോടിയായിയാണ് ഉത്തരങ്ങള്‍ക്കു അലയുന്നത്. ഇവിടെ നിന്നും നമുക്ക് നമ്മുടെ അടുത്ത ആശയത്തിലേക്ക് കടക്കാം: നാടോടി ആവുക എന്നത് പരമ പ്രധാനമാണ്. 

ബുദ്ധനു ആ ചോദ്യത്തിനു ഉത്തരം തേടി സ്വന്തം കുടുംബവും കൊട്ടാരവും വിട്ട് അലയേണ്ടി വന്നു. ക്രിസ്തുവിന് കുരിശുമായി ഗാഗുല്‍ത മല കയറേണ്ടി വന്നു. നബിക്ക് മക്കയില്‍ നിന്നും മദീനയിലേക്കുള്ള ചരിത്രപരമായ ആ പലായനം ചെയ്യേണ്ടി വന്നു.

എന്തുകൊണ്ട്?  
ഉത്തരം ലളിതമാണ്. പരമ്പരാഗത സ്‌കൂളിലെ ചില അധ്യാപകരെ നമുക്ക് ഉദാഹരണമായി എടുക്കാം. ഇപ്പോള്‍ ഞാനൊരു മെയ്ല്‍ ഷോവനിസ്റ്റ് ഹാഡ് ലൈനര്‍ ആയി അനുഭവപ്പെട്ടേക്കാം. തല്കാലം ക്ഷമിക്കുക. എന്റെ മനസ്സിലെ ഉദാഹരണങ്ങള്‍ ബുദ്ധനും, ക്രിസ്തുവും, മുഹമ്മദ് നബിയും ആണ്. ഒരുപാട് ഭ്രമാത്മകവും വിരസവും ആയ കാര്യങ്ങള്‍ അവര്‍ നമ്മള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ അവരുടെ മുഖ്യമായ അന്വേഷണം ഒരു പ്ലെയ്‌റ്റോണിക് ആശയത്തിലേക്ക് നമുക്ക് ചുരുക്കാം. അവരെല്ലാം വളരെ ലഘുവായ ഒരു ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരിന്നു: 'എന്താണ് നല്ല ജീവിതം?' നമ്മുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ചു ഇവര്‍ നല്‍കിയ/നല്‍കുന്ന ഉത്തരങ്ങള്‍ നമുക്ക് സ്വീകാര്യമായും അല്ലാതെയും അനുഭവപ്പെട്ടേക്കാം. അതല്ല കാര്യം. കാരണം, നമ്മള്‍ മുന്‍പേ തന്നെ വ്യക്ത്തമാക്കിയിട്ടുണ്ട്, നമുക്ക് ഉത്തരങ്ങളില്‍ വലിയ താല്‍പര്യം ഇല്ല എന്ന്. നമുക്ക് കൂടുതല്‍ താല്പര്യം ജീവിത യാത്രകളിലും ജീവിത പദ്ധതികളിലും അവ നമുക്ക് മുന്നിലേക്ക് നീട്ടിവെക്കുന്ന ചോദ്യങ്ങളിലുമാണ്. 

ഒരു കാര്യം ഓര്‍ക്കണം. ഇവിടെ യാത്ര എന്ന് പറയുന്നത് യാത്രയേയല്ല. Diamond Sturaയിലെ ബുദ്ധനെ അനുകരിക്കുകയാണെങ്കില്‍, യാത്ര എന്ന് പറയുന്നത് യാത്രയേയല്ല, അതിനാലാണ് അതിനെ യാത്ര എന്ന് പറയുന്നത്! നമ്മള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്ന ആശയം ഇതാണ്. മൂവരും അവര്‍ ചോദിച്ച ചോദ്യത്തിനു അവരുടെ ജീവിതത്തിലൂടെയാണ് ഉത്തരം നല്കിയത്. ബുദ്ധനു ആ ചോദ്യത്തിനു ഉത്തരം തേടി സ്വന്തം കുടുംബവും കൊട്ടാരവും വിട്ട് അലയേണ്ടി വന്നു. ക്രിസ്തുവിന് കുരിശുമായി ഗാഗുല്‍ത മല കയറേണ്ടി വന്നു. നബിക്ക് മക്കയില്‍ നിന്നും മദീനയിലേക്കുള്ള ചരിത്രപരമായ ആ പലായനം ചെയ്യേണ്ടി വന്നു. ഇതാണു വളരെ ലളിതമെന്നു തോന്നിപ്പിക്കുന്ന ആ ചോദ്യത്തിനോട് സത്യസഞ്ചയത (fideltiy) പുലര്‍ത്തിയപ്പോള്‍ അവര്‍ക്ക് സംഭവിച്ചത്. 

ഒരാള്‍ സ്വയം ഒരു ഭ്രഷ്ട്ടനാവുകയാണു (exile) ചെയ്യുന്നത്. എല്ലാ സ്ഥലകാലങ്ങളില്‍ നിന്നും വിമോചിതനായി, എല്ലാ കാലത്തെയും ഭ്രമിപ്പിക്കുന്ന, എല്ലാ സ്ഥലത്തെയും അസ്വസ്ഥമാക്കുന്ന, എല്ലാ സ്ഥലകാലത്ത് നിന്നും തെറിച്ചു നില്ക്കുന്ന, ഒന്നിനോടും ഒട്ടിച്ചേരാത്ത, ഒരു നിതാന്ത നാടോടിയാവുകയാണ് ചെയ്യുന്നത്.  

അവസാനമായി നമുക്ക് നമ്മുടെ ചോദ്യം ചോദിക്കാം. അനുഗ്രഹത്തിനായി അധ്യാപക അധിപരുടെ മുന്‍പില്‍ കുട്ടികള്‍ കുമ്പിടുന്ന ഉത്തരാധുനിക കാലത്ത് എന്താണ് വിദ്യഭ്യാസം? പരമ്പരാഗത പിതൃബിംബങ്ങള്‍ ഉത്തരം തരാന്‍ ശ്രമിച്ച ചോദ്യം ഒരു ധാര്‍മിക (moral/ethical) ചോദ്യമാണ്: എന്താണ് ഒരു നല്ല ജീവിതം? അത് എല്ലാ സ്ഥലകാലങ്ങളെയും പ്രശ്‌നവല്ക്കരികുന്ന ഒരു പ്രശ്‌നമാണ് ('മഹാഭാരത'ത്തില്‍ ദ്രൗപദി അപമാനിതയാകുന്ന സമയത്ത് ചാര്‍വാക ദര്‍ശനത്തിന്റെ സ്വാധീനത്താല്‍ ദ്രൗപതി ഭീഷ്മരോട് ധര്‍മം എന്താണെന്ന് ചോദിക്കുമ്പോള്‍, അത് വളരെ സൂക്ഷ്മമാണെന്ന് പറഞ്ഞു അദ്ദേഹം വൃത്തിയായി ഒഴിഞ്ഞു മാറിയത് ഓര്‍ക്കുക). മനുഷ്യരാശിക്ക് നല്കുവാന്‍ കഴിയുന്ന എല്ലാ ഉത്തരങ്ങള്‍ നല്‍കിയാലും, അപ്പോഴും ബാക്കിയാവുന്ന ഒരു ചോദ്യം ആണത്. നമ്മള്‍ മഹത്തായ ചിന്തകന്മാരുടെ ഉത്തരങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ, യാത്രയല്ലാത്ത അവരുടെ യാത്രയോട് പുറം തിരിഞ്ഞു നില്ക്കുന്നില്ല. ഇവരുടെ മഹത്തായ യാത്രകള്‍ക്ക് പകരം സമകാലീന വിദ്യഭ്യാസം എന്താണ് കുട്ടികളോട് ആവശ്യപെടുന്നത്: കുമ്പിടാന്‍, ഇന്റേണല്‍ മാര്‍ക്കിനു യാചിക്കാന്‍, ആരോ ചോദിച്ച ചോദ്യങ്ങള്‍ക്ക്, ആരോ കണ്ടെത്തിയ ഉത്തരങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍, അനുസരിക്കാന്‍, അച്ചടക്കം പാലിക്കാന്‍, ഐഡന്റിറ്റി  കാഡ് ധരിക്കാന്‍.സര്‍വോപരി, ചോദ്യങ്ങള്‍ ചോദിക്കാതെ മിണ്ടാതെ നില്‍ക്കാന്‍! 
ചുരുക്കത്തില്‍, ഭാവിയിലെ ബോസ്സിന്റെ മുന്നില്‍ നില്‍ക്കുവാനുള്ള റിഹേഴ്‌സല്‍ ആണ് സമകാലീന വിദ്യാഭ്യാസം.    .

.............................................................................................

(പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )  

click me!