കൊറോണയ്ക്ക് മുന്നില്‍ സ്‌പെയിന്‍  തകര്‍ന്നടിഞ്ഞത് എങ്ങനെ?

By corona daysFirst Published Apr 22, 2020, 5:02 PM IST
Highlights

കൊറോണക്കാലം. കൊവിഡ് 19 സ്‌പെയിനിനോട് ചെയ്തത്  . മാഡ്രിഡില്‍നിന്നും ഷെബിന്‍ ചീരംവേലില്‍ എഴുതുന്നു 

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

സ്‌പെയിനിന്റെ വര്‍ണ്ണ ചാരുതകളെ കൊറോണ വിഴുങ്ങിയിരിക്കുന്നു. ഫ്ളമെന്‍കോയുടെ ചടുലതാളം അകമ്പടി ചാര്‍ത്തിയ ആഘോഷ രാവുകള്‍ ഗൃഹാതുരയാര്‍ന്ന ഓര്‍മ്മകളായിരിക്കുന്നു. കാളപ്പോരിന്റെ തലയെടുപ്പ്, ഫുട്ബോള്‍   ലഹരിയുടെ വശ്യത,  ഓപ്പറയുടെ   വര്‍ണശോഭ, പയേജയുടെയും റ്റോര്‍ട്ടിജയുടെയും രുചി-എല്ലാം മയക്കത്തിലാണ്. ടൂറിസ്റ്റുകള്‍  നിറഞ്ഞു കവിഞ്ഞിരുന്ന മാഡ്രിഡും ബാര്‍സലോണയും കാനേരിന്‍ ദ്വീപുകളും വിജനതയില്‍, ഒറ്റപ്പെട്ടു നില്‍ക്കുന്നു. 

'ലോക്ക് ഡൗണ്‍ കഴിഞ്ഞു വീണ്ടും നിരത്തുകളില്‍ ഇറങ്ങുമ്പോള്‍, ബോംബുകളില്ലാത്ത ഒരു യുദ്ധത്തില്‍ തകര്‍ന്ന നാശങ്ങള്‍ ചുറ്റുപാടും നിങ്ങള്‍ കണ്ടെത്തും'- മാര്‍ച്ച് 14 നു തുടങ്ങിയ ലോക്ഡോണ്‍ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞ വാക്കുകള്‍. പ്രധാനമന്ത്രി  നാടകീയമായി മുന്‍കൂര്‍ ജാമ്യമെടുക്കുന്നതാണെന്ന പ്രതിപക്ഷ ആരോപണത്തിന്റെ വസ്തുത ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട്. 

ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള  ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. ചരിത്രം പ്രതിസന്ധികളാല്‍ രൂപപ്പെടുന്നു എന്നാണല്ലോ. രണ്ടുലക്ഷത്തില്‍ അധികം രോഗബാധിതര്‍. ഇരുപത്തിനായിരത്തില്‍ അധികം മരണം. സ്‌പെയിന്‍ ഈ ദുരന്തം ഇരന്നു വാങ്ങിയതാണ് എന്നും വിമര്‍ശനം ഉണ്ട്. 20% ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതര്‍  ആയി.  ജനുവരി 31-ന്് രാജ്യത്തെ ആദ്യ പോസിറ്റീവ് കോവിഡ് കേസ് ജര്‍മന്‍ സഞ്ചാരിയിലൂടെ കാനാരിയാന്‍ ദ്വീപില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  അപ്പോഴും,  പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം മുന്‍നിര്‍ത്തി ലോക്ക് ഡൗണ്‍ അടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്ന് രാജ്യം വിട്ടു നിന്നു. മാര്‍ച്ച് 14 നാണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്,  അപ്പോഴേക്കും സ്ഥിതിഗതികള്‍ തകിടം മറിഞ്ഞിരുന്നു, രോഗബാധിതര്‍ എണ്ണായിരം കവിഞ്ഞു മരണ സംഖ്യ എണ്ണൂറില്‍ തൊട്ടു. ലോക്ക് ഡൗണിനു തൊട്ട് മുന്നേ നടന്ന യൂറോപ്യന്‍ കാര്‍ണിവലില്‍  തടിച്ചു കൂടിയത്  ആയിരത്തോളം യുവജനങ്ങള്‍ ആണ്.  മാര്‍ച്ച് എട്ടിന് അന്താരാഷട്ര വനിതാദിനത്തില്‍,  പ്രധാമന്ത്രിയുടെ ഭാര്യ മരിയ ഗോമേസിന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തി ഇരുപത്തിനായിരത്തില്‍പരം ആളുകള്‍ നിരത്തില്‍ ഇറങ്ങിയതും സ്ഥിതിഗതികള്‍ വഷളാക്കി. രണ്ട് ദിവസം കഴിഞ്ഞു  ലോക്ക് ഡൗണ്‍ എന്നു കേട്ടവര്‍ വണ്ടി എടുത്തു ഉല്ലാസയാത്രക്ക് പുറപ്പെട്ടു. ആസന്നമാകുന്ന വലിയ ദുരന്തത്തെപ്പറ്റി അവര്‍ ബോധവാന്മാര്‍ അല്ലായിരുന്നു. 

 

 

1918 ലെ സ്പാനിഷ് ഫ്‌ളൂവിന്റെയും 1938 കാലങ്ങളിലെ സിവില്‍ യുദ്ധങ്ങളുടെയും കെടുതികള്‍ നേരില്‍ കണ്ട സ്‌പെയിന്, കൊറോണ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. 1975 നു ശേഷം രണ്ടാം വട്ടമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതു. അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. പൊതു ഗതാഗതം സ്തംഭിച്ചു, ആരോഗ്യരംഗത്തു സ്വകാര്യ കുത്തകള്‍ക്കു അനുകൂലമായ നടപടികള്‍ സ്വീകരിച്ചിരുന്ന സ്പാനിഷ് ഭരണകൂടം സ്വകാര്യ  ആശുപത്രി സേവനങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ എത്തി കാര്യങ്ങള്‍. നിയമം ലംഘിച്ചവര്‍ക്കു കനത്ത പിഴ ചുമത്താന്‍ തുടങ്ങി. അതിരുകള്‍ ഇല്ലാതെ സ്വാതന്ത്ര്യം പങ്കിട്ട യൂറോപ്യന്‍ രാജ്യങ്ങള്‍, കൊറോണ ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ചു. പ്രവിശ്യകളും നഗരങ്ങളും അടഞ്ഞു കിടക്കുന്നു, ഷെന്‍ഗെന്‍
വിസ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. യൂറോപ്പില്‍ പ്‌ളേഗ് എന്ന മഹാമാരി ഉണ്ടായപ്പോള്‍ നഗരങ്ങളും പട്ടണങ്ങളും കൊട്ടിയടക്കപ്പെട്ടതിന്റെ ആവര്‍ത്തനം.

സ്‌പെയിനിനെ കൊറോണ എങ്ങനെ ഇത്രയ്ക്ക് ബാധിച്ചു? മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ ഉള്ള പരാജയം, പ്രായമായവരുടെ എണ്ണക്കൂടുതല്‍, രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ അപര്യാപ്തത,   ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവ് ഇങ്ങനെ അനേകം കാരണങ്ങള്‍ മുന്നിലുണ്ട്.ആദ്യമേ ജനങ്ങള്‍ ക്രിയാത്മകമായി ലോക്ക് ഡൗണിനോടു  പ്രതികരിച്ചിരുന്നെങ്കില്‍ ഇത്ര വലിയ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ജനം ഭീകരത മനസിലാക്കി പോസിറ്റീവ് ആയി പ്രതികരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും  പ്രതിപക്ഷ നേതാവ് പാബ്ലോ കസാദോയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ നിര്‍ണായകമായ  തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് സര്‍ക്കാറിനെ പിന്നോട്ട് വലിക്കുന്നു.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ, ശക്തം എന്നു കരുതിയിരുന്ന ആരോഗ്യവ്യവസ്ഥയുടെ അടിത്തറ ഇളകി. പരിവര്‍ത്തനം സംഭവിച്ച കൊറോണ  വൈറസ് ആണ് സ്‌പെയിനില്‍ എന്നാണ്, കാര്‍ലോസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം.  50 വയസിനു താഴെയുള്ളവര്‍ ശ്വസനതടസ്സമടക്കം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഹോസ്പിറ്റലില്‍ വരേണ്ട ആവശ്യമില്ല. അസുഖം ഉണ്ടെങ്കില്‍ തന്നെ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ കഴിച്ച് വീട്ടില്‍ വിശ്രമിക്കാന്‍നായിരുന്നു നിര്‍ദേശം.  എന്നിട്ടും, ലാ പാസ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ കണക്കുകള്‍ അനുസരിച്ച്  മണിക്കൂറില്‍ 300 -ലധികം ആള്‍ക്കാര്‍ ചികിത്സക്കായി എത്തിക്കൊണ്ടിരുന്നു. വെന്റിലേറ്ററുകളുടെ അഭാവവും, രോഗം ഗുരുതരമായവര്‍ക്ക് ബെഡ് സര്‍വീസ് ലഭ്യമാക്കാന്‍ സാധിക്കാത്തതും മാസ്‌ക്കുകളുടെയുടെ സാനിറ്റൈസറുകളുടെയും എണ്ണക്കുറവും ഒക്കെ മരണനിരക്ക് ഉയരാന്‍ കാരണം തന്നെയാണ്.

പ്രായമായവരെയും പ്രതിരോധശക്തി കുറഞ്ഞവരെയും മാത്രമേ  കൊറോണ ബാധിക്കു  എന്ന വിശ്വാസത്തില്‍ തെരുവിലിറങ്ങിയ യുവജനങ്ങള്‍ അസുഖം പടര്‍ത്തുന്നതില്‍ ചില്ലറ പങ്കൊന്നുമല്ല വഹിച്ചത്.  മുപ്പതു വയസും 80 വയസും ഉള്ള രോഗികള്‍ ഒരേ സമയം ഹോസ്പിറ്റലില്‍  കടന്നു വന്നാല്‍ 30 വയസുള്ള രോഗിക്കാണ് മുന്‍ഗണന.  പ്രായമായവരെ മരണത്തിനു വിട്ടുകൊടുത്തിരുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കാറ്റലോണിയന്‍ പാര്‍ലമെന്റിലെ അല്‍ഫോന്‍സ് ലോപ്പസ് പ്രായമായ രോഗികള്‍ക്കു മോര്‍ഫിന്‍ കൊടുത്തു മരണത്തിലേക്ക് തള്ളിയിടുന്നതിനെ അപലപിച്ചിരുന്നു. വളരെ കുറച്ചുകാലം ജീവിതം ബാക്കിയുള്ളവരെ മരിക്കാന്‍ അനുവദിക്കുക, 80 വയസിനു മുകളില്‍ രോഗികളായവരെ ഹോസ്പിറ്റലുകളില്‍ സ്വീകരിക്കാതിരിക്കുക എന്നി നിലപാടുകള്‍ പ്രായമായവരെ കൂടുതലായി മരണത്തിലേക്ക് തള്ളിയിട്ടു.  ''ചികിത്സ ലഭിക്കുന്നതിന് മുമ്പേ  വെയ്റ്റിംഗ് റൂമില്‍ തന്നെ കിടന്നു മരിച്ചുപോയവര്‍,  പ്രായമായവരുടെ വെന്റിലേറ്റര്‍ മാറ്റി ചെറുപ്പക്കാരിലേക്കു വച്ചുകൊടുക്കുമ്പോള്‍ പ്രായമായവരുടെ നിഷ്‌കളങ്കമായ നോട്ടം,  ആരെ ജീവിക്കാന്‍ അനുവദിക്കണം  മരണത്തിനു നല്‍കണം എന്ന തിരഞ്ഞെടുപ്പ്,  അതൊക്കെ മനസിലെ മായാത്ത വിങ്ങല്‍ ആണ്'' എന്ന് ലാപാസ് ആശുപത്രിയിലെ ഡാനിയേല്‍ ബെര്‍ണാബ്യൂ എന്ന ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.  അണുമുക്തമാക്കാന്‍ കരസേനാ യൂണിറ്റുകള്‍ അണിനിരന്നപ്പോള്‍ പല വീടുകളിലും പ്രായമായവര്‍ കട്ടിലുകളില്‍ മരിച്ചു കിടന്നതായി കണ്ടെത്തിയെന്ന് പ്രതിരോധമന്ത്രി മാര്‍ഗരീത്ത റോബിന്‍സ് കുറിക്കുമ്പോള്‍ വായിക്കുന്നവരുടെ കണ്ണ് നിറയാതെ വഴിയില്ല.  പ്രായമായവരെ നോക്കുന്ന കെയര്‍ഹോമിലെ ആള്‍ക്കാര്‍ അവരെ ഇട്ടിട്ടു പോയതും മരണനിരക്ക് കൂട്ടി. 


രണ്ടാഴ്ച പനിയും ചുമയും വയറിളക്കവും ബാധിച്ചാണ് ഞാന്‍ ഹോസ്പിറ്റലില്‍ പോയത്. കൊറോണ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതെ, പാരസറ്റമോള്‍ നല്‍കി വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ന്യൂമോണിയ ബാധിച്ചു സീരിയസ് ആയി രാവിലെ എഴുന്നേല്‍ക്കാന്‍ പ്പോലും വയ്യാതെ ഞാന്‍ ആംബുലന്‍സ് വിളിച്ചു ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍  അഡ്മിറ്റ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു നിലപാട്.  വേറെ പല കാരണങ്ങള്‍ പറഞ്ഞപ്പോള്‍ ചെക്കപ്പ് നടത്താമെന്നു പറഞ്ഞു. കൊറോണ ടെസ്റ്റും നിര്‍ബന്ധിച്ചു നടത്തി,  ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും  അവിടെ ഇരുന്ന ആ അഞ്ചാറ് മണിക്കൂറുകളില്‍ അവരുടെ സമീപനങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു,  ഇങ്ങനെ ആണ് ഇവര്‍ രോഗികളെ ട്രീറ്റ് ചെയ്യുന്നതെങ്കില്‍ അവരൊക്കെ അവിടെ എത്തി നിമിഷങ്ങള്‍ക്കകം മരിച്ചുപോകും. 

 

"

 

ഇവിടെയും  ചൈനയിലെ പോലെ ഒരാഴ്ചകൊണ്ട് 1400 മുതല്‍ 5000 പേര്‍ക്ക് വരെ ബെഡ് സര്‍വീസുകള്‍ സൈന്യം നിര്‍മിച്ചിരുന്നു,  കൂടാതെ ഫെരിയാ ഡെ മാഡ്രിഡ് എന്ന കണ്‍സോട്ടോറിയം ഹോസ്പിറ്റലാക്കി. മോര്‍ച്ചറികള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ സ്‌കീയിങ് സെന്ററുകള്‍ മോര്‍ച്ചറികള്‍ ആയി. ഉള്ളത് കൊണ്ടു നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്,  പക്ഷെ തീരുമാനങ്ങള്‍ എടുക്കാന്‍ വൈകി എന്നുമാത്രം.  ശവപെട്ടികള്‍ക്കു ക്ഷാമം അനുഭവപ്പെട്ടു. കാസ്‌കേറ്റുകള്‍ ചൈനയില്‍ നിന്നും വരുന്നത് നിന്നപ്പോള്‍  ശവപ്പെട്ടികളുടെ ക്ഷാമം പോലും കൂടി. വടക്കു പടിഞ്ഞാറന്‍ സ്‌പെയിനിലെ പിന്‍ജോര്‍ ഗ്രാമത്തിലാണ് സാധാരണയായി ശവപ്പെട്ടി നിര്‍മ്മിച്ചിരുന്നത്. മാസം 400 പെട്ടികള്‍ക്കു പകരം ദിവസം 400 ആയപ്പോള്‍, ശവപെട്ടികള്‍ക്കുപോലും ക്ഷാമം വന്നു. അലങ്കാരപ്പണികളോട് കൂടിയ ശവപ്പെട്ടികള്‍ ഉപയോഗിച്ചിരുന്ന സ്പാനിഷ് ജനത കൊത്തുപണികള്‍ ഒന്നുമില്ലാത്ത ശവപ്പെട്ടി ഉപയോഗിച്ച് തുടങ്ങി. ആഡംബരങ്ങളെ ഇഷ്ടപെട്ടിരുന്നവര്‍ ലാളിത്യം പാലിക്കാന്‍ നിര്‍ബന്ധിതരായി. 
 
ആദ്യ രണ്ട് ലോക്ക് ഡൗണുകളുടെഫലങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഈ തിരിച്ചറിവുകളും മുന്‍കരുതലും അല്‍പ്പം നേരത്തെ ആയിരുന്നെങ്കില്‍ ഇന്നു അനുഭവിക്കുന്ന ദുരന്തത്തെ ഒഴിവാക്കാമായിരുന്നു. മരണനിരക്കും രോഗം  ബാധിക്കപ്പെടുന്നവരുടെ എണ്ണവും കുറയുകയാണ്. മൂന്നാമത്തെ ലോക്ക് ഡൌണ്‍ കാലത്ത് ഒത്തിരി ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രധാനമന്ത്രിയുടെ വാദം.  നിര്‍മാണ, ഉല്‍പ്പാദന മേഖലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്,  ഒരു മാസമായി അകത്തിരുന്ന ജനങ്ങള്‍ ഭയത്തോടെ ആണെങ്കിലും രണ്ട് ദിവസത്തെ ഇളവുകള്‍ പ്രകാരം പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. സ്‌പെയിനിലെ ജിഡിപി വളര്‍ച്ചാ നിരക്ക് എട്ടു ശതമാനം താഴേക്കുപതിക്കുമെന്നാണ് ഐ എം എഫിന്റെ കണക്ക്.  തൊഴിലില്ലായ്മ 14 ശതമാനത്തില്‍നിന്ന് 20 ശതമാനം കടക്കും. പലരുടെയും ജോലികള്‍ നഷ്ടമാവും. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതും വെല്ലുവിളിയാണ്.  200 ബില്യണ്‍ യൂറോയുടെ സാമ്പത്തിക പാക്കേജ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് കൂടുതല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

ആഗോള മുതലാളിത്തത്തെ ബലഹീനമാക്കുന്ന പ്രതിസന്ധികള്‍ക്കു മികച്ച ഉദാഹരണമാണ് മഹാമാരികള്‍.  കൊറോണക്കെതിരെയുള്ള യുദ്ധം ഇനി കുടിയേറ്റക്കാരുടെ യുദ്ധമായി പരിണമിക്കാം. കൊറോണ സമൂഹത്തില്‍ സൃഷ്ടിക്കുന്നത് ഒരു സമാന വികാരതയാണ്.  എല്ലാരും പരസ്പരം ചോദിക്കുന്നു,  സുഖമാണോ?  പേടിയുണ്ടോ?  പേടിക്കണ്ടടാ,  ഞങ്ങളെല്ലാരും കൂടെയില്ലേ.  മനുഷ്യമനസ്സില്‍ സൃഷ്ടിച്ച ഈ സാഹോദര്യം എന്നും നിലനില്‍ക്കണം. ഒന്നുകൂടി ഓര്‍ക്കണം: സൂത്രംകൊണ്ടായാലും ശക്തികൊണ്ടായാലും ആരെയെങ്കിലും പരാജയപ്പെടുത്തിയെന്നുവച്ച് ഞെളിയുന്നവര്‍ അനേകമുണ്ട്, അനേക രാജ്യങ്ങള്‍ ഉണ്ട് . പക്ഷേ, അവരെ പരാജയപ്പെടുത്താന്‍ പ്രകൃതിയുണ്ടാക്കിയ കെണിയെപ്പറ്റി അവരുണ്ടോ അറിയുന്നു. നാളത്തെ ദുരിതങ്ങള്‍ കുറക്കാന്‍ ഇന്നത്തെ സ്വഭാവത്തില്‍ മാറ്റം വരണം. ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമെന്ന് ഭരണകൂടങ്ങള്‍ മനസ്സിലാക്കണം. ആഡംബരങ്ങള്‍ ഇല്ലാതെ, ആഘോഷങ്ങള്‍ ഇല്ലാതെ ലളിതമായി ജീവിക്കാം എന്നൊരു ബോധം ഉണ്ടാവണം. ഒറ്റക്കെട്ടായി നിന്ന് സ്‌പെയിന്‍ ഫ്ളമെന്‍കോയുടെ നഷ്ടതാളത്തെ തിരിച്ചു പിടിക്കുമെന്നു പ്രതീക്ഷിക്കാം. 

ഒരു മെക്‌സിക്കന്‍ പഴമൊഴി ഇതോട് ചേര്‍ത്തു വായിക്കാം: 'അവര്‍, എന്നെ മണ്ണില്‍ കുഴിച്ചിട്ടപ്പോള്‍ അവരറിഞ്ഞില്ല ഞാന്‍ ഒരു വിത്താണെന്ന്. അതിജീവനം ആണ് മനുഷ്യന്റെ സംസ്‌കൃതി, പാരമ്പര്യം. ഇതും കടന്നു പോകും അതിജീവിക്കും. ഇന്നത്തെ  കിതപ്പുകള്‍ നാളയുടെ കുതിപ്പുകള്‍ ആകട്ടെ... 


(എം സി ബി എസ്  സന്യാസ സഭാസമൂഹത്തിലെ അംഗമായ ഷെബിന്‍ ചീരംവേലില്‍ മാഡ്രിഡില്‍ തത്വശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥിയാണ്.)

click me!