സര്‍വ്വ'കല'കളും ഇല്ലാതാവുന്ന 'ശാല'കള്‍

By ഡോ കെ.എം.സീതിFirst Published Aug 5, 2017, 2:38 PM IST
Highlights

സര്‍വ്വകലാശാലകള്‍ ഔന്നത്യം കൈവരിക്കുന്നത് അവിടെ പഠിപ്പിക്കുന്നവരും അവിടെനിന്നും പഠിച്ചിറങ്ങുന്നവരും സമൂഹത്തിനു വ്യത്യസ്തമായ പാഠങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ്. ശാസ്ത്രസാങ്കേതിക മേഖലയിലെ പോലെ തന്നെ ഈ പാഠങ്ങള്‍ സാമൂഹികവും സാംസ്‌കാരികവും കൂടിയാകുമ്പോഴാണ് 'പാഠ'ശാലകള്‍ 'സര്‍വകല'കളുടെയും സങ്കേതമാകുന്നത്. ഈ ജ്ഞാന'സ്‌നാന പ്രക്രിയയില്‍ ജ്ഞാനോല്‍പ്പാദനം പോലെ തന്നെ പരമപ്രധാനമാണ് അതിന്റെ സാംസ്‌കാരിക വിപണനവും. സര്‍വ്വകലാശാലകള്‍ ഇത്തരം സാംസ്‌കാരിക 'വിപണി' സൃഷ്ടിക്കുന്നത് അത് സമൂഹത്തിലേക്ക് പ്രസരിക്കുമ്പോഴാണ്. ഈ പ്രസരണത്തിലൂടെയാണ് സമൂഹം തന്നെ അതിന്റെ അസ്തിത്വവും അതിജീവനവും കണ്ടെത്തുന്നത്. 

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ ചിലവിട്ട ഒരാളാണ് ഈ വരികള്‍ കുറിക്കുന്നത്. ഇത് പറയേണ്ടിവരുന്ന സന്ദര്‍ഭം അത്യന്തം വേദനാജനകമാണ്. കാല്‍നൂറ്റാണ്ടിലേറെക്കാലം എന്റെ സഹപ്രവര്‍ത്തകനും നമ്മുടെ സാംസ്‌കാരിക ജീവിതത്തിലെ സജീവസാന്നിധ്യവുമായ വി.സി.ഹാരിസ് തന്റെ അക്ഷരക്കളരിയായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ നേതൃസ്ഥാനത്തു നിന്നും പടിയിറക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത മറ്റെല്ലാവരെയും പോലെ എന്നെയും ദുഃഖിപ്പിക്കുന്നു. 

ഹാരിസിന്റെ സാമൂഹിക, സാംസ്‌കാരിക ജീവിതം തന്റെ കേവല വ്യക്തിജീവിതത്തിനപ്പുറം നീണ്ടൊഴുകുന്ന ഒരു പ്രവാഹമാണ്. അത് സാഹിത്യത്തിലും കലയിലും, നാടകത്തിലും, സിനിമയിലും കൂടിയൊഴുകുന്ന ഒരു ബൗദ്ധികധാരയാണ്. അസ്വസ്ഥമാകാന്‍ കഴിയുന്ന മനസ്സുകള്‍ക്കേ സാമൂഹികസാംസ്‌കാരിക നിര്‍മിതിക്കുള്ള കുമ്മായക്കൂട്ടു കൊണ്ടുനടക്കാന്‍ കഴിയൂ. ഹാരിസിനെപോലെ ഒരേസമയം അസ്വസ്ഥമാകാനും പ്രതികരിക്കാനും കഴിയുന്ന പ്രാഗല്‍ഭ്യമുള്ള ഒരു വ്യക്തിത്വത്തെ കേവലസാങ്കേതികതകള്‍ പറഞ്ഞു പടിയിറക്കാന്‍ സര്‍വകലാശാലക്കു പ്രയാസമുണ്ടാവില്ല. കാരണം അത് 'പാഠ'ങ്ങള്‍ വിട്ടു, 'സര്‍വകല'കളും വിട്ടു സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. പൗരാവകാശങ്ങളെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന നമ്മള്‍ ഇത്തരം 'ശിക്ഷാ'നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അജ്ഞരാണ്! അതിനു സുപ്രീംകോടതി വിധികള്‍ അന്വേഷിച്ചു പോകേണ്ട കാര്യമൊന്നുമില്ല. 

ഒരു നല്ല അധ്യാപകനായ, സിനിമാ,നാടക,സാഹിത്യ കളരി തന്റെ ജീവിതമാണെന്ന് ഒരു കൂസലും കൂടാതെ  പ്രഖ്യാപിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരികദാര്‍ശനികന്‍ കൂടിയായ ഹാരിസിനെ മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ആദ്യം സ്വയം മനസ്സിലാക്കാന്‍ തുടങ്ങണം എന്നേ പറയേണ്ടു. 

സര്‍വകലാശാലയുടെ 'അക്ഷരകളരി' (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്) അതിന്റെ സാമൂഹികസാംസ്‌കാരിക അസ്തിത്വത്തിന്റെ ചിഹ്നമാണ്. അതില്‍ അധിവസിക്കുന്നവര്‍, അതിലൂടെ കടന്നുവന്നവര്‍, കേരളീയ  സാംസ്‌കാരിക ജീവിതത്തിന്റെ ഇഴപിരിക്കാന്‍ പറ്റാത്ത കണ്ണികളാണ്. ഹാരിസിനെ അംഗീകരിക്കുക എന്ന് പറയുന്നത് നമ്മുടെ ജൈവസംസ്‌കാരത്തെ തന്നെ അംഗീകരിക്കുക എന്നാണ് മനസ്സിലാക്കപ്പെടേണ്ടത്.    

click me!