ബ്രിട്ടീഷ് രാജ്ഞിയടക്കം ജീവിച്ചിരിക്കുന്ന പലരും മരിച്ചെന്ന് വാർത്ത, ഒടുവിൽ സാങ്കേതികത്തകരാറിൽ ഖേദപ്രകടനം

By Web TeamFirst Published Nov 18, 2020, 2:51 PM IST
Highlights

എന്നാൽ, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ വാർത്ത പെട്ടെന്നുതന്നെ പിൻവലിക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന ആളുകളുടെ ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് വെട്ടിലായിരിക്കയാണ് ഒരു ഫ്രഞ്ച് പബ്ലിക് റേഡിയോ. അതും ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് II, ഫുട്ബോൾ കളിക്കാരനായ പെലെ തുടങ്ങിയ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഉന്നതവ്യക്തികളുടെ മരണവാർത്തയാണ് തെറ്റായി പ്രസിദ്ധീകരിച്ചത്. അതിനൊപ്പം ജീവിച്ചിരിക്കുന്ന നൂറോളം പ്രശസ്തരുടെ തെറ്റായ ചരമക്കുറിപ്പാണ് അവരുടെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. സാങ്കേതികകാര്യത്തിലെ പിശകുമൂലമാണ് ഇത് സംഭവിച്ചതെന്ന് റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ ഏറ്റുപറഞ്ഞു. കൂടാതെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നായപ്പോൾ അവർ മാപ്പ് പറഞ്ഞ് മുന്നോട്ട് വരികയും ചെയ്തു. “ബന്ധപ്പെട്ട ആളുകളോടും ഞങ്ങളെ പിന്തുടരുന്നവരോടും ഞങ്ങളെ വിശ്വസിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു” എന്ന് ആർ‌എഫ്‌ഐ പറഞ്ഞു.    

"England loses its Queen: Elizabeth II left her mark on the imagination" എന്ന തലക്കെട്ടോടെയാണ് രാജ്ഞിയുടെ ചരമകുറിപ്പ് അവർ പ്രസിദ്ധീകരിച്ചത്. “യുണൈറ്റഡ് കിംഗ്ഡം ഇന്ന് രാവിലെ ഒരു അനാഥയായിട്ടാണ് ഉണർന്നത്. എലിസബത്ത് രാജ്ഞിയുടെ മരണം ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിച്ച് മരിച്ച രാജ്ഞിക്ക് 2020 ഏപ്രിൽ 21 -ന് 94 വയസ്സ് തികഞ്ഞു" എന്നായിരുന്നു രാഞ്ജിയുടെ മരണത്തെ കുറിച്ച് അതിൽ എഴുതിയിരുന്നത്. എന്നാൽ, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ വാർത്ത പെട്ടെന്നുതന്നെ പിൻവലിക്കുകയായിരുന്നു.   

ജീവിച്ചിരിക്കുന്ന ആളുകൾക്ക് വേണ്ടി ആർ‌എഫ്‌ഐ മരണാനന്തര കുറിപ്പുകൾ നേരത്തെ തയ്യാറാക്കി വച്ചതിനെതിരെ പലരും പരാതിപ്പെട്ടുവെങ്കിലും,  അതേസമയം, ഇത് പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ഉടനീളം പതിവുള്ള  കാര്യമാണ് എന്ന് പറഞ്ഞായിരുന്നു മറ്റ് ചിലർ പ്രതികരിച്ചത്. ജീവിച്ചിരിക്കുന്നവരുടെ മരണവാർത്ത ഇതുപോലെ തെറ്റായി പ്രസിദ്ധീകരിക്കുന്നത് ആദ്യത്തെ സംഭവമല്ല. “കിർക്ക് ഡഗ്ലസ് മരണപ്പെട്ടു” എന്ന തലക്കെട്ടിൽ 2014 -ൽ പീപ്പിൾ മാഗസിൻ കിർക്ക് ഡഗ്ലസിനായി ഒരു മരണവാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ, അത് വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുൻപ് തന്നെ ഒരുപാട് പേർ വായിക്കാനും വ്യാപകമായി പങ്കിടാനും ഇടയായി. 2008 ൽ, ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് മരിച്ചുവെന്ന ഒരു വ്യാജവാർത്ത ബ്ലൂംബെർഗും പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം മരിച്ചത് അതും കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് 2011 -ലാണ്.  

യുകെയുടെ രാജ്ഞിയെ കൂടാതെ, ഇറാനിലെ പരമോന്നത നേതാവ് അയതോല്ല അലി ഖമേനി, മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, ക്യൂബൻ നേതാവ് റൗൾ കാസ്ട്രോ, അഭിനേതാക്കളായ സോഫിയ ലോറൻ, ബ്രിജിറ്റ് ബാർ‌ഡോട്ട് തുടങ്ങിയ 80 -ലും 90 -കളിലും എത്തി നിൽക്കുന്ന പ്രമുഖരുടെയും വ്യാജ മരണ വാർത്തകളും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചു. 
 

click me!