കല്ലും ചാണകവും ചളിയും വലിച്ചെറിഞ്ഞിട്ടും പിന്തിരിഞ്ഞോടാത്ത ഒരു സ്ത്രീ!

By Web TeamFirst Published Jan 3, 2019, 3:45 PM IST
Highlights

ജ്യോതിറാവു ഫൂലെ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത് 1873 -ലാണ്. അന്നുമുതല്‍ അതിന്‍റെ സജീവ പ്രവര്‍ത്തകയായി സാവിത്രി ഫൂലേയും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിധവകളുടെ മക്കള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍, വിധവാ വിവാഹം എന്നിവയ്ക്കെല്ലാം സംഘടന നേതൃത്വം നല്‍കി. അവിടം കൊണ്ടും തീര്‍ന്നില്ല.

ജനുവരി 3... പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച ഒരു ധീര വനിതയുടെ ജന്മദിനമാണ്. സാവിത്രിബായ് ഫൂലെ. 1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലാണ് സാവിത്രി ഫൂലെ ജനിച്ചത്. വെറും ഒമ്പത് വയസ് മാത്രമുള്ളപ്പോള്‍ പതിമൂന്ന് വയസുള്ള ജ്യോതിറാവു ഫൂലെയുമായി വിവാഹം നടന്നു. അന്ന് ശൈശവ വിവാഹം സാധാരണമായിരുന്നു. 

വിവാഹത്തിന് ശേഷമാണ് സാവിത്രി ഫൂലെ സ്കൂളില്‍ പോയി വിദ്യാഭ്യാസം നേടുന്നത്. സാവിത്രി ഫൂലെ പഠിക്കണമെന്ന് ജ്യോതി റാവുവിനും നിര്‍ബന്ധമായിരുന്നു. അങ്ങനെ വിദ്യാഭ്യാസം നേടിയ സാവിത്രി ഫൂലെ അധ്യാപികയായി. അന്ന്, പല ജാതികളിലേയും കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമില്ലായിരുന്നു. വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്ന ചമാര്‍, മഹര്‍, മാംഗ് എന്നീ ജാതികളിലുള്ളവര്‍ക്കായി അവര്‍ സ്വന്തമായി ഒരു സ്കൂള്‍ തന്നെ തുടങ്ങി. 

എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂള്‍ അടക്കേണ്ടി വന്നു സാവിത്രി ഫൂലേയ്ക്ക്. ആ സമയങ്ങളിലൊന്നും അവര്‍ വെറുതെ ഇരുന്നില്ല. ജ്യോതിറാവുവിനൊപ്പം സാമൂഹ്യരംഗത്ത് അവര്‍ സജീവമായിരുന്നു. സാമൂഹ്യ പ്രശ്നങ്ങളിലെല്ലാം അവര്‍ ഇരുവരും ഇടപെട്ടു. അപ്പോഴും വിദ്യാലയം എന്ന സ്വപ്നത്തിനായി അവര്‍ പ്രവര്‍ത്തിക്കാതിരുന്നില്ല. ഒടുവില്‍ സാവിത്രി ഫൂലേയുടെ പരിശ്രമത്തിന്‍റെ ഫലമായി 1851 ജൂലൈ മാസത്തില്‍ പെണ്‍കുട്ടികള്‍ക്കായി വീണ്ടും വിദ്യാലയം തുറന്നു. തുടക്കത്തില്‍ വെറും എട്ട് കുട്ടികള്‍ മാത്രമായിരുന്നു പഠിക്കാനെത്തിയിരുന്നതെങ്കില്‍ പിന്നീടത് വര്‍ധിച്ചു. 

ജ്യോതിറാവു ഫൂലെ 'സത്യശോധക് സമാജ്' എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത് 1873 -ലാണ്. അന്നുമുതല്‍ അതിന്‍റെ സജീവ പ്രവര്‍ത്തകയായി സാവിത്രി ഫൂലേയും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിധവകളുടെ മക്കള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍, വിധവാ വിവാഹം എന്നിവയ്ക്കെല്ലാം സംഘടന നേതൃത്വം നല്‍കി. അവിടം കൊണ്ടും തീര്‍ന്നില്ല. ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച ഇവര്‍ സംഘടനയുടെ നേതൃത്വത്തില്‍ ബദല്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ യാഥാസ്ഥിതിക സമൂഹത്തെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കിയത്. കല്ലും ചാണകവും ചളിയുമായാണ് അവര്‍ സാവിത്രി ഫൂലെയേ നേരിട്ടത്. പക്ഷെ, അതൊന്നും അവരെ തളര്‍ത്തിയില്ല. മാറ്റിയുടുക്കാന്‍ മറ്റൊരു സാരിയുമായി അവര്‍ വീണ്ടും വീണ്ടും സമൂഹത്തിലേക്കിറങ്ങി. പക്ഷെ, വീട്ടില്‍ നിന്നും അപ്പോഴേക്കും സാവിത്രി ഭായ് ഫൂലേയും ജ്യോതിറാവു ഫൂലേയും പുറത്തായിരുന്നു. പക്ഷെ, ഇരുവരും ശക്തമായി പൊതുപ്രവര്‍ത്തനത്തിനിറങ്ങി. പൊതു കിണറിൽനിന്ന് വെള്ളമെടുക്കുന്നത് തടയപ്പെട്ടിരുന്ന ആ കാലത്ത് അത് എല്ലാവരുടെയും അവകാശമാണെന്നും അത് നേടിയെടുക്കാൻ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട് എന്നും പറഞ്ഞ് മഹാരാഷ്ട്രയിൽ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അതിന്‍റെ നേതൃനിരയിൽ നിൽക്കാനും സാവിത്രി ഫൂലെയ്ക്ക് കഴിഞ്ഞു. 

1897 മാർച്ച് 10 -നാണ് സാവിത്രി ഫൂലെ അന്തരിക്കുന്നത്. പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ ആ സ്ഥലങ്ങളിലെത്തി രോഗം ബാധിച്ചവരെ പരിചരിക്കുകയായിരുന്നു സാവിത്രി ഫൂലെ. ഒടുവില്‍ രോഗം പകര്‍ന്നാണ് ഇവര്‍ മരിക്കുന്നത്. 1852 നവംബർ 16 -ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഫൂലെ ദമ്പതികളെ ആദരിക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് “മികച്ച അധ്യാപിക”(best teacher) ആയും സാവിത്രിബായ് പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ് എന്നും ഇവര്‍ അറിയപ്പെടുന്നു. 


 

click me!