ഇന്ത്യാ-പാക്കിസ്താന്‍ കളികള്‍ യുദ്ധമല്ല, അങ്ങനെയാക്കരുത്!

By ജിമ്മി ജെയിംസ്First Published Nov 8, 2016, 8:25 AM IST
Highlights

പാക്കിസ്ഥാനെ തോല്‍പ്പിച്ച് കഴിഞ്ഞ ആഴ്ച ഇന്ത്യ  ഹോക്കിയിലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഉയര്‍ത്തിയതിന്റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. തോല്‍പ്പിച്ചത് പാക്കിസ്ഥാനെ ആയതുകൊണ്ട് സന്തോഷം തീര്‍ച്ചയായും കൂടും. എപ്പോള്‍ വേണമെങ്കിലും അടുത്ത യുദ്ധം അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടാന്‍ തയ്യാറാവുകയാണല്ലോ. 'യുദ്ധം ജയിച്ച് ഇന്ത്യ' എന്നും 'അയല്‍പ്പോരില്‍ ഇന്ത്യ' എന്നുമൊക്കെ പത്രങ്ങള്‍ ഇത് പറയാതെ പറഞ്ഞ് തലക്കെട്ടുകള്‍ നിരത്തി. മറ്റ് ചിലര്‍ പച്ചയ്ക്ക് തന്നെ കാര്യം പറഞ്ഞു. 'ഉറി ആക്രമണത്തിന് ശേഷമുള്ള ആദ്യ ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു.... ' എന്നായിരുന്നു ഒരു ചാനലിലെ ബ്രേക്കിംഗ് ന്യൂസ്. ഇതൊക്കെ കണ്ടിട്ടാണോ എന്നറിയില്ല, ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് വിജയം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഗംഭീര ക്ലൈമാക്‌സ്. പക്ഷെ തോറ്റിരുന്നെങ്കിലോ?

കൊളംബിയിയിലെ പ്രമുഖ ഫുട്‌ബോളര്‍ ആന്ദ്രേ എസ്‌കോബാര്‍ വെടിയേറ്റു മരിച്ചിട്ട് 22 വര്‍ഷം കഴിയുന്നു. 1994 ലോക കപ്പിലെ അമേരിക്കയുമായുള്ള  മല്‍സരത്തില്‍ സ്വന്തം ടീമിന്റെ ഗോള്‍പോസ്റ്റിലേക്ക് അറിയാതെ പന്ത് തട്ടിയിട്ടതായിരുന്നു എസ്‌കോബാറിന്റെ തെറ്റ്. അതുവരെ നേടിയ ഗോളുകളും, ജയിപ്പിച്ച മല്‍സരങ്ങളും ഒന്നും ആ തെറ്റിന് പരിഹാരമായില്ല. കൊളംബിയ ലോകകപ്പില്‍ നിന്ന് പുറത്താകാന്‍ കാരണമായ ആള്‍ക്ക് ശിക്ഷ മരണം മാത്രമെന്ന് വെടിവച്ച ഹുബെര്‍ട്ടോ മുണോസിന് തോന്നി. ഫുട്‌ബോള്‍ ജീവന്‍മരണ പ്രശ്‌നത്തേക്കാളും വലുതാണല്ലോ!

ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് വിജയം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഗംഭീര ക്ലൈമാക്‌സ്. പക്ഷെ തോറ്റിരുന്നെങ്കിലോ?

കളികള്‍ വെറും കളികളല്ലാതായിട്ട് കാലമേറെ ആയി. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സ് ഹിറ്റ്‌ലറുടെ അഭിമാന പോരാട്ടമായിരുന്നെന്നും ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിന് വടക്കന്‍ കൊറിയയിലെ കായിക താരങ്ങള പ്രസിഡന്റ് കിം ജോങ് യുന്‍ തടവറയിലേക്ക് അയച്ചെന്നുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ ഇറാന് പിന്നിലായി പങ്കെടുക്കില്ലെന്ന ഇറാക്കിന്റെ വാശിയായിരുന്നു മറ്റൊരു പുകില്‍.

പക്ഷെ കളിക്കളത്തില്‍ ഇത് അതിരുവിടാതിരിക്കാന്‍ എല്ലാക്കാലത്തും ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിരുന്നു. ജര്‍മ്മനി ഒന്നാമതെത്തണമെന്ന് ഹിറ്റ്‌ലര്‍ വാശിപിടിച്ച ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ തന്നെയാണ് ജര്‍മ്മന്‍ ലോംങ് ജംപ് താരം ലുസ് ലോങ് അമേരിക്കക്കാരന്‍ ജെസ്സി ഓവന്‍സിനെ ഒന്നാമതെത്താന്‍ പ്രോല്‍സാഹിപ്പിച്ചത്. 'എനിക്ക് കിട്ടിയ എല്ലാ മെഡലുകളും ഉരുക്കിയെടുത്താല്‍ പോലും ആ നിമിഷം അയാളോട് തോന്നിയ സൗഹൃദത്തിന്  പകരമാവില്ലെന്ന്' ജെസ്സി ഓവന്‍സ് എഴുതിയിട്ടുണ്ട്. ലുസ് ലോങ് പിന്നീട് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കടുത്ത് മരിച്ചു. അതിന് ശേഷവും ആ കുടുംബവുമായുള്ള ജെസ്സി ഓവന്‍സിന്റെ ബന്ധം തുടര്‍ന്നു.

ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകളുടെ (നടന്നിരുന്ന കാലത്ത്) ടെലിവിഷന്‍ സംപ്രേഷണാവകാശം ഒരുപാട് കോടികള്‍ക്ക് വിറ്റുപോയിരുന്ന കാലത്തുപോലും കളിക്കാരുടെ നാവില്‍നിന്ന് അതിരുവിട്ടതൊന്നും വന്നില്ല. കളിക്കളത്തിലുണ്ടായ ചില്ലറ വാക്കേറ്റവും മറ്റും  പരമാവധി കൊഴുപ്പിച്ചുള്ള പരസ്യങ്ങള്‍ നല്‍കി ചാനലുകള്‍ക്ക് സായൂജ്യമടയേണ്ടിവന്നു.

ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന് മുറവിളി ഉയര്‍ന്നപ്പോഴും കളിക്കാര്‍ പ്രതികരിച്ചില്ല. സര്‍ക്കാര്‍ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മാത്രം ചിലര്‍ പറഞ്ഞു. മാധ്യമങ്ങളും പക്ഷം പിടിച്ചില്ല. 

കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ്. പക്ഷെ കളിക്കാനാണ് തീരുമാനമെങ്കില്‍ പിന്നെ കാര്യങ്ങള്‍ തീരുമാനിക്കുക കളിയുടെ നിയമങ്ങളാണ്. രാജ്യത്തിന്റെയല്ല. കളിക്കളത്തില്‍ ഏറ്റമുട്ടുന്നത് രാജ്യങ്ങളല്ല, രണ്ട് സംഘങ്ങളാണ്. അതുകൊണ്ടാണല്ലോ, രാജ്യങ്ങള്‍ക്ക് വേണ്ടി പരസ്പരം ഏറ്റമുട്ടുന്നവര്‍തന്നെ അതേ വീറോടെ ക്ലബ് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുന്നത്.  

അവിടെനിന്നാണ്, നമ്മള്‍ അതിര്‍ത്തിയിലെ യുദ്ധങ്ങള്‍ക്ക് കളിക്കളത്തിലെ വിജയങ്ങള്‍കൊണ്ട് പകവീട്ടിയെന്ന് പ്രഖ്യാപിക്കുന്ന കാലത്ത് എത്തിയിരിക്കുന്നത്.  തോറ്റ പാക്കിസ്ഥാന്‍ കളിക്കാര്‍ നാട്ടിലത്തിയാല്‍ എന്താകുമെന്ന് ആലോചിക്കേണ്ട. ശത്രുവാണല്ലോ. പക്ഷെ അടുത്ത മല്‍സരത്തില്‍ നമ്മള്‍ തോറ്റാല്‍ ഇപ്പോള്‍ വിജൃംഭിച്ച് കൈയ്യടിക്കുന്നവര്‍ എങ്ങനെ പെരുമാറുമെന്ന് ചിന്തിക്കേണ്ടെ? 

അടുത്ത മല്‍സരത്തില്‍ നമ്മള്‍ തോറ്റാല്‍ ഇപ്പോള്‍ വിജൃംഭിച്ച് കൈയ്യടിക്കുന്നവര്‍ എങ്ങനെ പെരുമാറുമെന്ന് ചിന്തിക്കേണ്ടെ? 

1986ലെ ഷാര്‍ജാ കപ്പ് ഫൈനലില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി മിയാന്‍ ദാദ് അവസാന പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയെ തോല്‍പ്പിച്ചത് കരഞ്ഞുകലങ്ങിയ കണ്ണുകള്‍ സഹിതം ഇന്നും മനസ്സിലുണ്ട്. 'ഉറി ആക്രമണത്തിന് ശേഷമുള്ള മല്‍സരങ്ങള്‍' എന്ന ഒരു സാഹചര്യം ജനമനസ്സുകളില്‍ എല്ലാവരും കൂടി സൃഷ്ടിച്ചെടുത്തുകഴിഞ്ഞാല്‍  അത്തരമൊരു തോല്‍വി ഇനി സങ്കല്‍പ്പിക്കാമോ?

അന്നൊന്നും സംഭവിച്ചില്ലല്ലോ എന്ന് മറുചോദ്യം ഉന്നയിക്കാം. ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നതും, കാലിക്കച്ചവടത്തിന്റെ പേരില്‍ ദളിതരെ കെട്ടിയിട്ട് തല്ലുന്നതും ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ? പാക്കിസ്ഥാന്‍കാരന്റെ പുസ്തകം പ്രസിദ്ധീകരിച്ച ആള്‍ കരിഓയില്‍ അഭിഷേകം നേരിട്ടത്? (അടിയന്തരാവസ്ഥക്ക് ശേഷം) രാജ്യവിരുദ്ധമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരില്‍ ഒരു ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവച്ചത്? ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കല്ലുവച്ച നുണയുടെ പേരില്‍ കേരളത്തില്‍ ഒരു മാധ്യപ്രവര്‍ത്തക നിരന്തരം ഭീഷണിപ്പെടുത്തപ്പെട്ടത്? 

കാലം മാറുകയാണ്. അതിന് അനുസരിച്ച് ജീവിക്കാന്‍ പഠിക്കുക. കളിക്കാരും. കളിയെഴുത്തുകാരും.

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?

സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ? 

എന്റമ്മോ.... പുളു! 

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

കേരളത്തിലെ 'ഐഎസ്' അക്രമങ്ങളെ ആര് തടുക്കും?

അതെങ്ങനെ ലൗ ജിഹാദ് ആവും?

അകറ്റിനിര്‍ത്തുന്നത് മാധ്യമങ്ങളെയല്ല സര്‍, ജനങ്ങളെ!

ആരാണ് ആ ഡോക്ടറെ കൊന്നത്?​

എന്താണ് ആരും ഒന്നും മിണ്ടാത്തത്?  ഇങ്ങനെ സഹിക്കുന്നത്...?

click me!