'മഹാബലി തവള' അഥവാ 'പാതാള തവള' ഇനി കേരളത്തിന്‍റെ ഔദ്യോഗിക തവളയാവും?

By Web TeamFirst Published Nov 9, 2020, 11:05 AM IST
Highlights

ലോകമെമ്പാടുമുള്ള ബയോ-ജിയോഗ്രാഫർമാർ പർപ്പിൾ തവളയെ അപൂർവ ഇനങ്ങളിൽ ഒന്നായിട്ടാണ്   അംഗീകരിച്ചിട്ടുള്ളത്. അതുംപോരാതെ 'ഒരു നൂറ്റാണ്ടിലൊരിക്കൽ കണ്ടെത്തുന്ന' ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ ഇനങ്ങളിലൊന്നായ പർപ്പിൾ തവളയെ ഉടൻ തന്നെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. ഇതിനെ പിഗ്നോസ് തവളയെന്നും, പന്നിമൂക്കൻ താവളയെന്നും ഒക്കെ വിളിക്കുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയായി ഈ തവളയെ പ്രഖ്യാപിക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും ഉടൻ തന്നെ ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി മാറിയേക്കാമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പിടിഐയോട് പറഞ്ഞു. 

കേരളത്തിലെ തവളകളെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള അഭിപ്രായം മുന്നോട്ടുവച്ചത്. ദില്ലി സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 -ൽ ഇടുക്കി ജില്ലയിൽ ഈ തവളയെ കണ്ടെത്തിയത്. ഇത് അപൂർവമായ ഇനമാണെന്ന് മാത്രമല്ല, അതുല്യമായ ഉഭയജീവികളിൽ ഒന്നാണെന്നും ബിജു പറഞ്ഞു. ഈ തവളയ്ക്ക് മറ്റൊരു പേരുമുണ്ട്. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്‍റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു. കേരളത്തിലെ പശ്ചിമഘട്ടത്തിലാണ് ഇതിനെ കൂടുതലായും കാണപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഒരു വനമേഖലയിലും തവളയെ കണ്ടെത്തിയതായി ബിജു പറയുന്നു. പർപ്പിൾ തവളയുടെ ശാസ്ത്രീയ നാമം ‘നാസികബട്രാകസ് സഹ്യാദ്രെൻസിസ്’ എന്നാണ്. വംശനാശ ഭീഷണി നേരിടുന്ന ഇതിനെ ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഭീഷണി നേരിടുന്ന ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഡബ്ല്യു‌ഡബ്ല്യു‌എഫിന്റെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള ബയോ-ജിയോഗ്രാഫർമാർ പർപ്പിൾ തവളയെ അപൂർവ ഇനങ്ങളിൽ ഒന്നായിട്ടാണ്   അംഗീകരിച്ചിട്ടുള്ളത്. അതുംപോരാതെ 'ഒരു നൂറ്റാണ്ടിലൊരിക്കൽ കണ്ടെത്തുന്ന' ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇരുണ്ട പർപ്പിൾ നിറമുള്ള ഈ തവളയ്ക്ക് തീരെ ചെറിയ കൈകാലുകളാണുള്ളത്. ഏകദേശം ഏഴ് സെന്‍റിമീറ്റർ നീളമുള്ള അവയുടെ ശരീരം ഊതിവീർപ്പിച്ച പോലെയാണ് ഇരിക്കുന്നത്. മൂക്ക് കൂർത്തിരിക്കുന്നത് കൊണ്ട് അതിനെ 'പന്നിമൂക്കൻ' എന്നും വിളിക്കുന്നു.  

കട്ടിയുള്ള പേശിയോട് കൂടിയ നീളം കുറഞ്ഞ മുൻകാലുകളും, കൈകളും മണ്ണ് കുഴിക്കാൻ അതിനെ സഹായിക്കുന്നു. മറ്റ് തവളകളിൽ നിന്ന് വ്യത്യസ്‍തമായി, ഇതിന് വളരെ ചെറിയ പിൻ‌കാലുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ അതിന് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിക്കാൻ സാധിക്കില്ല. ചിതലും, മണ്ണിരയും, ചെറിയ പ്രാണികളുമാണ് അതിന്റെ ഭക്ഷണം. 

click me!