ബെലാറൂസില്‍ പ്രതിഷേധം കനക്കുന്നു, രാജിവെച്ചൊഴിയേണ്ടി വരുമോ അലക്സാണ്ടര്‍ ലുക്കഷെങ്കോയ്‍ക്ക്?

By Web TeamFirst Published Aug 19, 2020, 10:13 AM IST
Highlights

1991 -ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ൽ അലക്സാണ്ടര്‍ ലുക്കഷെങ്കോ അധികാരത്തിൽ വരുന്നത്.

ബെലാറൂസിന്‍റെ തെരുവുകൾ പ്രതിഷേധത്തിൽ ഇളകിമറിയുകയാണ് ഇപ്പോൾ. പ്രാദേശിക, സ്വതന്ത്ര വാർത്താസൈറ്റായ Tut.by പറയുന്നതനുസരിച്ച്, കഴിഞ്ഞ ഞായറാഴ്‍ച മിൻസ്‍കിൽ നടന്ന പ്രതിപക്ഷ റാലി 'സ്വതന്ത്ര ബെലാറൂസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റാലി' ആയിരുന്നു. ഒരുലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധവുമായി അന്ന് തെരുവിൽ ഇറങ്ങിയത്. ബെലാറൂസിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും, റബ്ബർ ബുള്ളറ്റുകളും, സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. പ്രതിഷേധത്തിൽ അനവധി പേർക്ക് പരിക്കേൽക്കുകയും, മൂന്നുപേർ മരിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് പ്രധാന സംരംഭകരെല്ലാം പിൻവാങ്ങുകയാണ്. ബെലാറൂസിനെ പിടിച്ചു കുലുക്കുന്ന ഈ അസാധാരണമായ പ്രക്ഷോഭത്തിന് കാരണം എന്താണ്? ഓഗസ്റ്റ് ഒമ്പതിന് പുറത്തുവന്ന വിവാദ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നാണ് ഇതെല്ലാം. കഴിഞ്ഞ 26 വർഷമായി ബെലാറൂസ് ഭരിക്കുന്ന അലക്സാണ്ടര്‍ ലുക്കഷെങ്കോ വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് അവിടെ.      

ആരാണ്  അലക്സാണ്ടര്‍ ലുക്കഷെങ്കോ  

1991 -ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ൽ അലക്സാണ്ടര്‍ ലുക്കഷെങ്കോ അധികാരത്തിൽ വരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്റ് ലുകാഷെങ്കോ 26 വർഷമായി അധികാരത്തിൽ തുടരുകയായിരുന്നു. 'യൂറോപ്പിലെ അവസാനത്തെ സ്വേച്ഛാധിപതി'യെന്നാണ് ലുക്കഷെങ്കോയെ അമേരിക്ക വിശേഷിപ്പിച്ചത്. അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസത്തിനെ പിന്താങ്ങുന്ന ഒരാളാണ്. വിലകുറഞ്ഞ എണ്ണ, വാതക വിതരണത്തിന്റെ രൂപത്തിൽ റഷ്യ നൽകിയ ഉദാരമായ പിന്തുണയും, സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാത്തതും ശക്തനായി അധികാരത്തിൽ തുടരാൻ അദ്ദേഹത്തെ സഹായിച്ചു. പ്രധാന മാധ്യമ ചാനലുകളും, പൊലീസും അദ്ദേഹത്തോട് വിശ്വസ്‍തത പുലർത്തി. എന്നാൽ, കഴിഞ്ഞ കുറെ മാസങ്ങളായി അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽക്കാൻ തുടങ്ങി. വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവും ആളുകളിൽ നീരസം സൃഷ്ടിച്ചു. ഇതൊന്നും പോരാതെ, കൊറോണ വൈറസ് എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടതും കൂടുതൽ  രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കി.  

എന്നാൽ, തന്നെ എതിർക്കുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ലുക്കഷെങ്കോ ഒട്ടും മടിച്ചില്ല. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ തെരഞ്ഞെടുപ്പുകൾ വെറും തട്ടിപ്പായിരുന്നു. അവ മിക്കവാറും നിയമവിരുദ്ധവും അന്യായവുമായി കണക്കാക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പലപ്പോഴും പൂഴ്ത്തിവെക്കപ്പെടുന്നതിനാൽ ലുക്കഷെങ്കോയുടെ ജനപ്രീതി കണക്കാക്കാൻ പ്രയാസമായിരുന്നു. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ നിയന്ത്രിക്കുന്നത് അദ്ദേഹമാകയാൽ വിജയിയായി മറ്റൊരു പേരും ഉയർന്ന് വരില്ലെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. ഓരോ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപും എതിരാളികളെ അടിച്ചമർത്താൻ അദ്ദേഹം മറന്നില്ല. 

ഇക്കുറിയും രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾ ജയിലിലടക്കപ്പെടുകയും മറ്റൊരാൾ രാജ്യം വിട്ട് പലായനം ചെയ്യുകയുമുണ്ടായി. എന്നാൽ, ഇതിനെ തുടർന്ന് തീർത്തും അപ്രതീക്ഷിതമായ ഒരു എതിരാളിയെയാണ്  ലുക്കഷെങ്കോയ്ക്ക് ലഭിച്ചത്. 37 -കാരിയായ ഇംഗ്ലീഷ് അദ്ധ്യാപിക സ്വെറ്റ്‌ലാന തിഖാനോവ്സ്‍കിയ. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിപക്ഷ സ്ഥാനാർത്ഥിയായ സെർജി ടിഖാനോവ്സ്കിയുടെ ഭാര്യയാണ് അവർ. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ പതിവ് പോലെ അദ്ദേഹത്തിനെതിരെ പ്രതിഷേധം കനത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലെന്നും, ന്യായമല്ലെന്നും വാദിച്ച അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ ലുക്കഷെങ്കോ ഈ വർഷം വിലക്കി. ഒടുവിൽ ഫലപ്രഖ്യാപന ദിവസം വന്നു. എന്നാൽ, ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഇപ്രാവശ്യവും ലുക്കഷെങ്കോ 80 ശതമാനം ഭൂരിപക്ഷത്തോടെ വിജയിക്കുകയാണ് ഉണ്ടായത്. രാജ്യം മുഴുവൻ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. സ്വെറ്റ്‌ലാന നേടിയത് വെറും 10 ശതമാനം വോട്ട് മാത്രം. എന്നാൽ, ഈ ഫലം വെറും കള്ളമാണെന്നും, തനിക്ക് 60-70% വോട്ടുകൾ ലഭിച്ചു എന്നും പ്രതിപക്ഷ സ്ഥാനാർഥി വാദിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിപ്പെട്ടു. എന്നാൽ, പിന്നീട് മക്കളുടെ സുരക്ഷയിൽ ഭയന്ന സ്വെറ്റ്‌ലാന അയൽരാജ്യമായ ലിത്വാനിയയിലേക്ക് ഒളിച്ചോടുകയായിരുന്നു. പിന്തുണയ്ക്കുന്നവരോട് ഒരു വൈകാരിക വീഡിയോയിൽ, താൻ സ്വന്തം ശക്തിയെ അമിതമായി വിലയിരുത്തിയെന്നും, കുട്ടികൾക്കുവേണ്ടി പോകുകയാണെന്നും അവർ പറഞ്ഞു.
 
തെരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധമുയർന്നു, പ്രത്യേകിച്ച് മിൻസ്‍കിൽ. തെരഞ്ഞെടുപ്പ് രാത്രി മുതൽ മൂന്ന് രാത്രികൾ പൊലീസ് സമാധാനപരമായി പ്രകടനം നടത്തുന്ന ജനങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മിൻസ്‍കിലും മറ്റ് നഗരങ്ങളിലും 3,000 പേർ അറസ്റ്റിലായി. ഇൻറർനെറ്റ്, മൊബൈൽ ഫോൺ സേവനവും വലിയ തോതിൽ അടച്ചുപൂട്ടി. ആയിരക്കണക്കിന് പ്രകടനക്കാരെ പൊലീസ് തടഞ്ഞുവച്ചു. ഡസൻ കണക്കിന് ഉദ്യോഗസ്ഥർക്കൊപ്പം നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. സ്ഫോടകവസ്‍തു കയ്യിൽ ഇരുന്ന് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരൻ മരിക്കുകവരെ ഉണ്ടായിയെന്ന് അധികൃതർ പറഞ്ഞു. പരമ്പരാഗതമായി ലുക്കഷെങ്കോയെ പിന്തുണച്ചിരുന്ന ഫാക്ടറി തൊഴിലാളികളാണ് ജനാധിപത്യ അനുകൂല പ്രകടനക്കാരിൽ കൂടുതലും. 

തെക്കുപടിഞ്ഞാറൻ നഗരമായ ബ്രെസ്റ്റിലെ പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‍തതായി ബെലാറൂസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലുക്കഷെങ്കോയെ വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന ടിവി പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയ അനവധിപേർ രാജി വയ്ക്കുകയുണ്ടായി. സ്ലൊവാക്യയിലെ ബെലാറഷ്യൻ അംബാസഡർ ഇഗോർ ലെഷ്ചെനിയ പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തിങ്കളാഴ്ച ഒരു മിൻസ്‍ക് ട്രാക്ടർ പ്ലാന്‍റ് സന്ദർശിച്ചപ്പോൾ, അവിടെ പ്രതിഷേധിച്ച തൊഴിലാളികളോട് ലുക്കഷെങ്കോ പറഞ്ഞത് ഇതാണ്: "ഞങ്ങൾ തെരഞ്ഞെടുപ്പ് നടത്തി. ഇനി എന്നെ കൊന്നാലല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് ഇവിടെ  ഉണ്ടാകില്ല." റഷ്യയുമായുള്ള ബന്ധത്തിൽ അടുത്തകാലത്തായി വിള്ളലുകൾ വീണിട്ടുണ്ടെങ്കിലും, പ്രതിഷേധങ്ങളെ നേരിടാൻ റഷ്യയുടെ സഹായം തേടിയിരിക്കുകയാണ് അദ്ദേഹം. അധികാരത്തിലുള്ള തന്റെ പിടി ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ലുക്കഷെങ്കോ വാശിപിടിക്കുമ്പോഴും, അതിശക്തമായ ഒരു പോരാട്ടത്തെയാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത് എന്നതിൽ സംശയമില്ല. എന്നാൽ, ഇക്കുറി അദ്ദേഹത്തിന് അധികാരം ഒഴിഞ്ഞു കൊടുക്കേണ്ടതായി വരുമോ? കാത്തിരുന്ന് തന്നെ കാണണം.

click me!