
ബ്രിട്ടീഷ് മനോവൈജ്ഞാനികനായ ആദം ഫിലിപ്‌സ് നിരീക്ഷിക്കുന്നത്, നമ്മള്‍ കാമിക്കുന്ന പങ്കാളിയോടുള്ള നമ്മുടെ കാല്‍പനികമായ അഭിനിവേശം, അയാളുടെ വൈകാരിക താത്പര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ മുന്നറിവുകളെയല്ല, അവരെപ്പോലെ ഒരാളെ എന്നെങ്കിലും കണ്ടുമുട്ടുന്ന അവസരത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.
വിഖ്യാത കമ്യൂണിസ്റ്റ് ചിന്തകന്‍ അലന്‍ ബദ്യു (Alain Badiou) തന്റെ 'പ്രണയത്തെ വാഴ്ത്തിക്കൊണ്ട്' ( In Praise of Love' ) എന്ന പുസ്തകത്തില്‍ ഡേറ്റിംഗ് സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന, 'അപകടരഹിതമായ പ്രണയം' അഥവാ 'പ്രണയത്തില്‍ അകപ്പെടാതുള്ള പ്രണയം' എന്ന സങ്കല്പത്തെ കടന്നാക്രമിക്കുന്നുണ്ട്. കെട്ടുപാടില്ലാത്ത, എന്ന വാഗ്ദാനത്തോടെ വില്പനയ്ക്കെത്തുന്ന ഈ പ്രണയം, അദ്ദേഹത്തിന്റെ കണ്ണില്‍, പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിശ്ചയിച്ചാലോചിച്ചു നടത്തിക്കൊണ്ടു വരുന്ന പരമ്പരാഗത വിവാഹങ്ങളുടെ ഒരു വകഭേദം മാത്രമാണ്. ഈ ആധുനിക പ്രണയവ്യാപാരങ്ങള്‍ അപായ സാധ്യതകളോട് വിമുഖത കാത്തുസൂക്ഷിച്ച്, വ്യതിരിക്തതകളോട് പരമാവധി അകലം പാലിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നുണ്ട്. വളരെ വിചിത്രമായൊരു രീതിയാണത്. ഏതാണ്ട് ഒരേ മനോരാജ്യങ്ങളില്‍ വ്യാപരിക്കുന്ന, ഒരേനാടുകളിലേക്ക് യാത്രപോവാന്‍ ആഗ്രഹിക്കുന്ന, ഒരേയെണ്ണം കുഞ്ഞുങ്ങളെ വരെ പോറ്റാന്‍ കൊതിക്കുന്നൊരു ജീവിതപങ്കാളിയെ കണ്ടെത്തുകയാണ് നമ്മള്‍, ഒരുപാട് കൂട്ടിക്കിഴിക്കലുകള്‍ക്കു ശേഷം. സാംസ്‌കാരിക സൈദ്ധാന്തികനായ സിസെക്കും (Slavoj Žižek) ഏതാണ്ട് ഇവ്വിധമൊക്കെത്തന്നെയാണ് ഇതേപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്, 'ആധുനികതയ്ക്കും മുമ്പുള്ള സമ്പ്രദായം' എന്ന്.
നിശ്ചയിച്ചുറപ്പിച്ച നടത്തുന്ന വിവാഹങ്ങളെക്കുറിച്ച് പടിഞ്ഞാറ് പരക്കെ പ്രചരിച്ചിട്ടുള്ള ധാരണകളോട് തട്ടിച്ചു നോക്കിയാല്‍ സിസെക്കിന്റെയും ബദ്യുവിന്റേയും നിലപാടുകള്‍ ഒട്ടു സൗമ്യമാണെന്നു വേണം കരുതാന്‍. ഇക്കാര്യത്തില്‍ പടിഞ്ഞാറുള്ള ജനകീയവും അക്കാദമിക്കുമായ ധാരണകളില്‍ അതിനെ പലപ്പോഴും സമീകരിക്കുന്നത് ദുരഭിമാനക്കൊലകളോടും, ആസിഡ് ആക്രമണങ്ങളോടും, ശൈശവവിവാഹങ്ങളോടും ഒക്കെയാവും. ബലാല്‍ക്കാരമായി നിശ്ചയിച്ച്, നിര്‍ബന്ധതമായി നടപ്പിലാക്കുന്ന ഒരുതരം 'അടിമ -ഉടമ' വ്യവസ്ഥിതി എന്ന നിലയ്ക്കായിരിക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും കാല്‍പനിക പ്രണയങ്ങളുടെയും ഒക്കെ നേര്‍ വിപരീതം.
കെട്ടുപാടില്ലാത്ത, എന്ന വാഗ്ദാനത്തോടെ വില്പനയ്ക്കെത്തുന്ന ഈ പ്രണയം, അദ്ദേഹത്തിന്റെ കണ്ണില്‍, പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിശ്ചയിച്ചാലോചിച്ചു നടത്തിക്കൊണ്ടു വരുന്ന പരമ്പരാഗത വിവാഹങ്ങളുടെ ഒരു വകഭേദം മാത്രമാണ്.
അലന്‍ ബദ്യു
രാജ്യാന്തരപ്രവാസജീവിതങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത്, നിശ്ചയിച്ചുറപ്പിച്ച നടത്തപ്പെടുന്ന വിവാഹങ്ങളെ പാശ്ചാത്യ സമൂഹങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവ്, അത്തരം വിവാഹങ്ങള്‍ പരക്കെ പ്രചാരത്തിലുള്ള പ്രവാസി സമൂഹത്തിന്റെ വൈകാരിക ജീവിതങ്ങളെ അവര്‍ എങ്ങനെ പരിചരിക്കുന്നു എന്നതിലേക്കുള്ള ഒരു ചൂണ്ടു പലക കൂടിയായിരിക്കും. പ്രസ്തുത വിവാഹ വ്യവസ്ഥയുടെ നീതികേടു സംബന്ധിച്ച അവരുടെ മുന്‍ ധാരണകളില്‍ മിക്കതും, പൗരസ്ത്യ സംസ്‌കാരങ്ങളെക്കുറിച്ചുള്ള അവരുടെ ഉള്‍ക്കാഴ്ചയില്ല്‌ലായ്മയ്ക്കും അധിഷ്ഠിതമാണ്.
ഉപരിപ്ലവമായ, ആത്മരതിയില്‍ അധിഷ്ഠിതമായ വിഷയ ലോലുപതയെ ബജ്യു നിശിതമായി വിമര്‍ശിക്കുന്നുണ്ട്. വൈകാരികമായ കാടുകേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തികച്ചും ജൈവികവും നൈസര്‍ഗികവുമായ ഒരു അദമ്യവികാരം, അതില്ലാതെ നിശ്ചയിച്ചുറപ്പിക്കുന്ന സാമ്പ്രദായിക വിവാഹങ്ങളെയും അത്രതന്നെ വിമര്‍ശിക്കുന്നുണ്ട് ബദ്യു. ഒരു പ്രണയം സത്യമാവുന്നത്, അത് കാടുകേറാനുള്ള വ്യക്തിയുടെ തൃഷ്ണ കെടാതെ കാക്കുമ്പോഴാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിക്കുമ്പോഴും പൊതുവായ ഒരു സഹജീവനത്തിനുള്ള സാധ്യത കളയാതെ സൂക്ഷിക്കുമ്പോഴാണ്. അഹംബോധത്തെ അതിജീവിക്കാനുള്ള, സ്വാര്‍ത്ഥതയുടെ പിടച്ചിലുകളെ അടക്കിപ്പിടിക്കാനുള്ള, ആകസ്മികമായൊരു കൂടിക്കാഴ്ചയെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു തുടര്‍ച്ചയിലേക്ക് വളര്‍ത്തിയെടുക്കാനുള്ള അപാരമായൊരു ശക്തിയുണ്ടതിന്. അദ്ദേഹത്തിന്റെ കണ്ണില്‍ പ്രണയമെന്നത് ചേര്‍ച്ചയുള്ള ഒരു പങ്കാളിക്കായുള്ള തിരച്ചില്‍ മാത്രമല്ല. ഒരാളുടെ എന്ന നിലയില്‍ നിന്നും ഉയര്‍ന്ന്, രണ്ടാളുടെ കണ്ണുകളിലൂടെ പുറംലോകത്തെ നോക്കിക്കാണാന്‍ കരുത്തുപകരുന്ന അതിക്ലിഷ്ടമായൊരു മാറ്റമാണ്.
അപ്പോള്‍പ്പിന്നെ, ഈ വിവാഹമെന്നത് മേല്‍പ്പറഞ്ഞ അതിലംഘന ത്വരയെ തീര്‍ത്തും വരിഞ്ഞു കെട്ടുന്ന ഒന്നാണോ..? അത് ഒരു സ്വതന്ത്ര വ്യക്തിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പല്ലാതാവുന്നുണ്ടോ..? നിശ്ചയിച്ചുറപ്പിച്ച് പരമ്പരാഗതമായ രീതികള്‍ക്ക് വഴങ്ങി വിവാഹിതനാവുന്ന ഒരാള്‍ക്ക് പഠിക്കുന്നതിനിടെ കോളേജില്‍ വെച്ച് കണ്ടുമുട്ടിയോ, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ വഴി തമ്മിലടുത്തോ, അല്ലെങ്കില്‍ ഒരു ഡേറ്റിങ്ങ് ആപ്പ് വഴി കണ്ടുമുട്ടിയോ ഒക്കെ വിവാഹിതരാവുന്നവരെപ്പോലെ അടുത്തിടപഴകാനാവുമോ തന്റെ നവാഗത ജീവിത പങ്കാളിയോട്..? അതിനുത്തരം പറയുന്നതിന് മുമ്പ്, നിശ്ചയിച്ചുറപ്പിച്ചു നടത്തപ്പെടുന്ന പരമ്പരാഗത വിവാഹങ്ങളില്‍ നടപ്പിലുള്ള വൈവിധ്യമാര്‍ന്ന സമ്പ്രദായങ്ങള്‍ കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. പങ്കാളിയുടെ അംഗീകാരത്തെക്കൂടി വിലവെക്കുന്ന പരമ്പരാഗത വിവാഹങ്ങളെ, ആ പറഞ്ഞതിന് പുല്ലുവിലപോലും കല്‍പിച്ചുകൊടുക്കാത്ത നിര്‍ബന്ധിത വിവാഹങ്ങളില്‍ നിന്നും വേറിട്ടുതന്നെ കാണേണ്ടതുണ്ട്. അങ്ങനെ കണ്ടാല്‍ മാത്രമേ പരമ്പരാഗത വിവാഹ വ്യവസ്ഥയുടെ യുക്തികളെയും ആധുനിക വൈവാഹിക സംഘാടന രീതികളെയുമെല്ലാം ഇഴപിരിച്ച് മനസ്സിലാക്കാനാവൂ..
സാംസ്‌കാരിക സൈദ്ധാന്തികനായ സിസെക്കും (Slavoj Žižek) ഏതാണ്ട് ഇവ്വിധമൊക്കെത്തന്നെയാണ് ഇതേപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്, 'ആധുനികതയ്ക്കും മുമ്പുള്ള സമ്പ്രദായം' എന്ന്.
സിസെക്
നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ എന്ന് പൊതുവില്‍ വ്യവഹരിക്കുന്ന സമ്പ്രദായങ്ങളില്‍ സാധാരണയായി, ചേര്‍ച്ചയുള്ളവരെ തമ്മില്‍ ചേര്‍ക്കുന്നത് അവരുടെ അച്ഛനമ്മമാരുടെ കാര്‍മ്മികത്വത്തിലും അനുഗ്രഹത്തോടെയുമാണ്. അച്ഛനമ്മമാരാവട്ടെ, ഒരേ താല്‍പര്യങ്ങളുണ്ടാവാന്‍ സാധ്യതയുള്ള യുവതീയുവാക്കളെ തമ്മില്‍ അടുത്തിടപഴകാന്‍ അനുവദിച്ച് അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഏഷ്യയിലും അറബിനാടുകളിലുമൊക്കെ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഈ സമ്പ്രദായത്തില്‍ മുന്നേകൂട്ടി നിശ്ചയിച്ചുറപ്പിക്കുന്ന നിരവധി അവസരങ്ങളില്‍ പരസ്പരം കണ്ടുമുട്ടിയ ശേഷമാണ് പ്രതിശ്രുതവധൂവരന്മാര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. ഇപ്പോള്‍ മറ്റൊരു രീതി നിലവിലുള്ളതില്‍, അനുരക്തരായ മിഥുനങ്ങള്‍ വിവാഹം പരമ്പരാഗതമായി നടത്തിക്കിട്ടാന്‍ അച്ഛനമ്മമാരുടെ അനുഗ്രഹത്തിനായി അവരെ സമീപിക്കുന്ന പതിവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലും പക്ഷേ, സാമൂഹികവും കുടുംബപരവുമായ സമ്മര്‍ദ്ദങ്ങള്‍ അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. പാശ്ചാത്യ വിവാഹങ്ങളില്‍ പോലും തത്സമാന ഘടകങ്ങള്‍ ഉപബോധാവസ്ഥയിലാണെങ്കില്‍പ്പോലും പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാ. കുടുംബ മഹിമ, സാമ്പത്തികനില, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ പല ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ടുണ്ടാവുന്ന അടുപ്പവും പൊരുത്തവും ഒക്കെത്തന്നെയാണ് അവിടെയും കാര്യങ്ങളെ വിവാഹത്തിലേക്കെത്തിക്കുന്ന രാസത്വരകങ്ങള്‍. നമ്മള്‍ വളര്‍ന്നുവരുന്ന സാമൂഹിക സാഹചര്യങ്ങളാണ് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെപ്പോലും പരുവപ്പെടുത്തുന്നത്. ബദ്യുവിനെ സംബന്ധിച്ചിടത്തോളം, ഉപഭോഗ ത്വരയില്‍ അധിഷ്ഠിതമല്ലാത്തൊരു രാഷ്ട്രീയമുണ്ടെങ്കിലേ പ്രണയം സാര്‍ത്ഥകമാവുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് പലപ്പോഴും സായൂജ്യം കിട്ടുന്നത് മറ്റുപല ആദര്‍ശങ്ങളിലുമാവും.
പലപ്പോഴും, വിവാഹതാല്‍പര്യമുള്ള യുവതീയുവാക്കള്‍ അവരവരുടെ കുടുംബങ്ങള്‍ ഒരുക്കുന്ന സമാഗമങ്ങളില്‍ വെച്ച് തന്നെ പരസ്പരം പ്രണയം കണ്ടെത്താറുണ്ട്. കാരണം ഈ സമാഗമങ്ങള്‍ അവരില്‍ കാലങ്ങളായി ഊട്ടിയുറപ്പിച്ചിരിക്കുന്ന മൂല്യചിന്തകളോട് അനായാസം സംവദിക്കും. അത്തരം സമാഗമം അവരോടു പറയുന്നത് വൈകാരിക ബന്ധങ്ങളുടെ ഇഴയടുപ്പത്തെക്കുറിച്ചാവും, അല്ലാതെ നൈമിഷിക സുഖം പകര്‍ന്നുതരുന്ന ശാരീരിക ബന്ധങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ മറ്റു സ്വാര്‍ത്ഥമായ വ്യക്തിഗതപരിഗണനകളെക്കുറിച്ചോ ആവില്ല. ഇതേ മൂല്യങ്ങളുടെ സ്വാധീനം കൊണ്ടുതന്നെയാവാം, പലപ്പോഴും നിശ്ചയിച്ചുറപ്പിച്ച് നടത്തുന്ന ഭൂരിഭാഗം വിവാഹങ്ങളിലും പങ്കാളികള്‍ക്ക് പലപ്പോഴും പ്രണയ വിവാഹങ്ങളിലെ ദമ്പതികളെക്കാള്‍ കൂടിയ അളവില്‍ സംതൃപ്തി അനുഭവിക്കാനാവുന്നത്.
മുന്‍കൂര്‍ ആലോചിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളെപ്പറ്റി പൊതുവെ പറഞ്ഞുകേള്‍ക്കുന്ന ഒരാക്ഷേപമുണ്ട്. തങ്ങളുടെ പങ്കാളികളെപ്പറ്റി വേണ്ടും വണ്ണം അടുത്തറിയാത്തതിനാല്‍ അവരുടെ വൈകാരികതകളെപ്പറ്റി പരസ്പരം കൃത്യമായ ധാരണകളുണ്ടാവില്ല എന്ന്. എന്നാല്‍ ബ്രിട്ടീഷ് മനോവൈജ്ഞാനികനായ ആദം ഫിലിപ്‌സ് നിരീക്ഷിക്കുന്നത്, നമ്മള്‍ കാമിക്കുന്ന പങ്കാളിയോടുള്ള നമ്മുടെ കാല്‍പനികമായ അഭിനിവേശം, അയാളുടെ വൈകാരിക താത്പര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ മുന്നറിവുകളെയല്ല, അവരെപ്പോലെ ഒരാളെ എന്നെങ്കിലും കണ്ടുമുട്ടുന്ന അവസരത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്.
'നഷ്ടപ്പെടുത്തല്‍' ( Missing Out) എന്ന തന്റെ കൃതിയില്‍ അദ്ദേഹം എഴുതുന്നു, 'നിങ്ങള്‍ പ്രണയിച്ചു പോവുന്നയാള്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളിലെ ആളാണ്. കണ്ടുമുട്ടുന്നതിനൊക്കെ എത്രയോ മുമ്പുതന്നെ നിങ്ങള്‍ക്ക് അയാളെ അറിയാം. അയാളെ നിങ്ങള്‍ എത്രയോ വട്ടം നിങ്ങളുടെ സ്വപ്നങ്ങളില്‍ കണ്ടുമുട്ടിയിരിക്കുന്നു. നേരിട്ടുകാണുമ്പോള്‍ നിങ്ങള്‍ക്ക് വിശേഷിച്ചു ഞെട്ടലൊന്നും കാണില്ല, കാരണം നിങ്ങള്‍ പ്രതീക്ഷിച്ച പോലൊക്കെത്തന്നെ ആയിരിക്കും അയാള്‍. അയാളെ യുഗങ്ങളായി നിങ്ങള്‍ക്കറിയാം എന്നുതന്നെ തോന്നും നിങ്ങള്‍ക്ക്. എന്നാല്‍ അത്രതന്നെ നിങ്ങള്‍ക്ക് അപരിചിതനുമായിരിക്കുമയാള്‍. 'പരിചിതനായൊരു അപരിചിതനാ'യിരിക്കും നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളി. ഇങ്ങനെ സങ്കല്‍പ്പിച്ചു കൂട്ടിയ അടുപ്പത്തിന്റെ പുറത്ത് ആളുകള്‍ ശരിക്കുള്ള അടുപ്പം വളര്‍ത്തിയെടുക്കുന്ന, നിശ്ചയിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങള്‍ വിജയിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഉപരിപ്ലവമായ, ആത്മരതിയില്‍ അധിഷ്ഠിതമായ വിഷയ ലോലുപതയെ ബജ്യു നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
'പ്രണയത്തെ വാഴ്ത്തിക്കൊണ്ട്' ( In Praise of Love' )
പ്രണയം എന്ന സങ്കല്‍പത്തെ സാര്‍വ്വദേശീയമായ ഒരൊറ്റ ചട്ടക്കൂടിനകത്തേക്ക് ഒതുക്കാനാവില്ല. കാരണം അത് സര്‍വ്വഥാ ചലനാത്മകവും, അതി സൂക്ഷ്മവും, അത്രമേല്‍ത്തന്നെ സങ്കീര്‍ണവുമായ ഒന്നാണ്. പാശ്ചാത്യ നിരീക്ഷകര്‍ മറന്നുപോവുന്ന ഒരു യാഥാര്‍ത്ഥ്യം, മറ്റു സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവര്‍, അവരെ പാശ്ചാത്യര്‍ ഒതുക്കിനിര്‍ത്തിയിരിക്കുന്ന ചട്ടക്കൂടുകളില്‍ നിന്നും പതിയെ പുറത്തേക്കിറങ്ങാനുള്ള ചെറു പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുക തന്നെയാണെന്ന്. പോസ്റ്റ് കൊളോണിയല്‍ ഫെമിനിസ്റ്റ് ആശയങ്ങള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുവെക്കുന്നത്, നിശ്ചയിച്ചുറപ്പിച്ച നടത്തുന്ന വിവാഹങ്ങള്‍ക്ക് തയ്യാറാവുന്ന യുവതികള്‍ ഒരിക്കലും പുരുഷ കേന്ദ്രീകൃത ആശയങ്ങള്‍ക്ക് വശപ്പെട്ടുപോവുന്നവരല്ല. മറിച്ച് പരമ്പരാഗത വിവാഹ സമ്പ്രദായങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി, അധികാരത്തെ തങ്ങളുടെ ഭാഗത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നവരാണ്. ഇങ്ങനെ മുന്‍കൂര്‍ നിശ്ചയിച്ചു നടത്തപ്പെടുന്ന വിവാഹങ്ങള്‍ പൗരാണികതയുടെ കെട്ടുമാറാപ്പുകളല്ല, അനുനിമിഷം വികസിതമായിക്കൊണ്ടിരിക്കുന്ന ഒരു ആധുനിക പ്രതിഭാസം തന്നെയാണ്. അതിനെ അങ്ങനെതന്നെ മനസ്സിലാക്കാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടതുണ്ട്.
ഉദാത്ത പ്രണയങ്ങളെക്കുറിച്ചുള്ള ബദ്യുവിന്റെ ധാരണകള്‍, അദ്ദേഹം പരിചയിച്ചിട്ടില്ലാത്ത സംസ്‌കാരങ്ങളെക്കുറിച്ചുള്ള അജ്ഞതയാല്‍ പരിമിതമാണ്. ഈ അജ്ഞത, അദ്ദേഹത്തിന്റെ ഈ പരിമിതി, നമ്മുടെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ അപകടകരമാവുന്നു. സ്വതവേ പ്രക്ഷുബ്ധമായ പാശ്ചാത്യ രാഷ്ട്രീയ ലോകം, അപരിചിതമായ എന്തിനോടുമുള്ള സഹജമായ വെറുപ്പിലും, സ്വദേശി വാദത്തിലും മറ്റും അഭിരമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സഹാനുഭൂതി അനുനിമിഷം അപകടാവസ്ഥയിലാണ്. ഇത്തരത്തിലുള്ള പരിഹാസങ്ങളും, മന:പൂര്‍വ്വമുള്ള ഇകഴ്ത്തലുകളുമെല്ലാം, പാശ്ചാത്യരുടെ കണ്ണില്‍ പൗരസ്ത്യരെ ബഹുമാനത്തിനും മാനുഷിക പരിഗണനയ്ക്കും അര്‍ഹരല്ലാത്തവരായി തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ജനതയെ സ്‌നേഹക്കാനറിയാത്തവരായി ചാപ്പ കുത്തുക എന്നത് അവരോട് മോശമായി പെരുമാറുന്നതിനുള്ള ഒരു മുന്നുപാധിയായിരുന്നു എക്കാലത്തും എന്ന് ചരിത്രം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ബലപ്രയോഗത്തില്‍ അധിഷ്ഠിതമായ നിര്ബന്ധിതവിവാഹങ്ങളെപ്പോലുള്ള അധമവൃത്തികളെ അപലപിക്കേണ്ടുന്ന അത്ര തന്നെ പ്രസക്തമാണ് ഒരു സംസ്‌കാരത്തെ മുഴുവന്‍ സ്‌നേഹിക്കാനറിയാത്തവരായി മുദ്രകുത്തി ഇങ്ങനെ ഇരുട്ടില്‍ നിര്‍ത്തുന്നതും. ഇല്ലെങ്കില്‍പ്പിന്നെ, നമ്മുടെയീ സ്‌നേഹമൊക്കെ എന്തിനു കൊള്ളാം.
വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍
Courtesy: aeon