64 കൊലകള്‍ ലക്ഷ്യമിട്ട റഷ്യയിലെ ചെസ്‌ബോര്‍ഡ് കില്ലര്‍; രക്തമുറയുന്ന ജീവിത കഥ

By Web TeamFirst Published Feb 19, 2020, 5:37 PM IST
Highlights

അയാളുടെ ജീവിതത്തിലെ ആദ്യത്തെ കൊലപാതകം നടന്ന ദിവസം. ജന്മദിന സമ്മാനമായി അയാൾ സ്വയം തിരഞ്ഞെടുത്തത് കൊലപാതകമായിരുന്നു. അതിനെ കുറിച്ച് അയാൾ പറഞ്ഞത് ഇങ്ങനെയാണ് "ആദ്യ കൊലപാതകം, ആദ്യ പ്രണയം പോലെയാണ്. മറക്കാനാവില്ല. ”
 

റഷ്യയുടെ ചരിത്രത്തില്‍ അനവധി സീരിയല്‍ കില്ലര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു അലക്‌സാണ്ടര്‍ പിച്ചുഷ്‌കിന്‍. അയാളുടെ കൊലപാതകങ്ങള്‍ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പിന്തുണ അയാള്‍ക്ക് ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് അയാളുടെവധശിക്ഷാ വിധി രാഷ്ട്രം വീണ്ടും പരിഗണിച്ചത്.

1974 ല്‍ ജനിച്ച അലക്‌സാണ്ടറിന്റെ കുട്ടിക്കാലം തീര്‍ത്തും സാധാരണമായിരുന്നു. അന്ന് റഷ്യ യു എസ് എസ് ആര്‍ ആയിരുന്നു. റഷ്യയിലെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് അലക്‌സാണ്ടര്‍ ജനിച്ചത്. അവനെ സ്‌നേഹിക്കാന്‍ അമ്മയും മുത്തച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന, എല്ലാത്തിനോടും ദയവുള്ള, ഒരു പാവം കുട്ടിയായിരുന്നു അവന്‍ ചെറുപ്പത്തില്‍. തന്റെ പൂച്ച ചത്ത ദുഃഖം സഹിക്കാനാകാതെ ഒരു ദിവസം കെട്ടിടത്തിന്റെ ഗോവണിയില്‍ ഇരുന്ന് വാവിട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന അവനെ അയല്‍ക്കാര്‍ ഇന്നും ഓര്‍ക്കുന്നു. അവന് മൃഗങ്ങളോടുള്ള സഹാനുഭൂതി എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. പിന്നെ എപ്പോഴാണ് അവന് തെറ്റിയത്? എപ്പോഴാണ് അവന്‍ സ്നേഹത്തെ വെറുപ്പ് കൊണ്ട് തോല്‍പിക്കാന്‍ തുടങ്ങിയത്? ഒരു ജീവന്‍ നഷ്ടമാകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെ വാവിട്ടുകരഞ്ഞിരുന്ന അവന്‍ എപ്പോഴാണ് ചോരയുടെ മണം ഇഷ്ടപ്പെട്ട് തുടങ്ങിയത്?

നാല് വയസുള്ളപ്പോഴാണ് ആ അപകടം സംഭവിച്ചത്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ പെട്ടെന്നു താഴെ വീണു. എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഊഞ്ഞാലില്‍ തല ശക്തിയായി വന്നിടിച്ചു. കോപം, എടുത്തു ചാട്ടം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായിരുന്നു അത്. അതിലേറ്റ ക്ഷതം അവന്റെ സ്വഭാവത്തെ അടിമുടി മാറ്റി. അതിനുശേഷം തികച്ചും വ്യത്യസ്തമായ ഒരു ആണ്‍കുട്ടിയായി അലക്‌സാണ്ടര്‍ മാറി. അവന്‍ അക്രമകാരിയും, മുന്‍കോപിയുമായി. അവന്റെ സ്വഭാവം കണ്ട അമ്മ അവനെ പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ ചേര്‍ത്തു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അവിടെ മറ്റ് കുട്ടികള്‍ നിര്‍ഭാഗ്യവശാല്‍, അലക്‌സാണ്ടറിനെ നിരന്തരം ഉപദ്രവിയ്ക്കുമായിരുന്നു.

എന്നാല്‍ അവന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയ മുത്തച്ഛന്‍ അവനില്‍ ചെസ്സിനോടുള്ള ഇഷ്ടവും കഴിവും വളര്‍ത്തി. തല്‍ഫലമായി, തെക്കുകിഴക്കന്‍ മോസ്‌കോയിലെ പാര്‍ക്കായ ബിറ്റ്‌സ പാര്‍ക്കില്‍ അലക്‌സാണ്ടര്‍ ധാരാളം സമയം ചെലവഴിക്കാന്‍ തുടങ്ങി. അവിടെ അവന്‍ ചങ്ങാതിമാരുമായി ചെസ്സ് കളിച്ചു. അപ്പോഴും പക്ഷേ അവനെ മറ്റ് കുട്ടികള്‍ ഉപദ്രവിക്കുകയും, കളിയാക്കുകയും ചെയ്യുമായിരുന്നു. ഇത് അലക്‌സാണ്ടറിനെ കൂടുതല്‍ ചൊടിപ്പിച്ചു. താമസിയാതെ മുത്തച്ഛനും മരിച്ചു. അങ്ങനെ തീര്‍ത്തും ഒറ്റപ്പെട്ട് പോയ അവന്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ മദ്യപാനം ശീലമാക്കി.

എല്ലാവരും ദുഃഖ പുത്രനായി അയാളെ കണ്ടപ്പോള്‍, അയാള്‍ പക്ഷേ വലിയ ചില കളികള്‍ക്കായുള്ള കരുക്കള്‍ നീക്കുകയായിരുന്നു. 1992 ഏപ്രില്‍ 14. അലക്‌സാണ്ടറിന്റെ 18-ാം ജന്മദിനത്തിന് ശേഷമായിരുന്നു അത്. അയാളുടെ ജീവിതത്തിലെ ആദ്യത്തെ കൊലപാതകം നടന്ന ദിവസം. ജന്മദിന സമ്മാനമായി അയാള്‍ സ്വയം തിരഞ്ഞെടുത്തത് കൊലപാതകമായിരുന്നു. അതിനെ കുറിച്ച് അയാള്‍ പറഞ്ഞത് ഇങ്ങനെയാണ് 'ആദ്യ കൊലപാതകം, ആദ്യ പ്രണയം പോലെയാണ്. മറക്കാനാവില്ല'.

അലക്‌സാണ്ടറിന്റെ ഒരു സഹപാഠിയായിരുന്നു മിഖായേല്‍ ഒഡിച്ചുക്. ഒരു 'കൊലപാതക പര്യവേഷണ'ത്തില്‍ തന്നോടൊപ്പം ചേരണമെന്ന് മിഖായേലിനോട് അവന്‍ ആവശ്യപ്പെട്ടു. തമാശയായിരിക്കും എന്ന് കരുതി മിഖായേല്‍ സമ്മതിച്ചു. അവര്‍ ഒരുമിച്ച് ബിറ്റ്‌സ പാര്‍ക്കില്‍ നടക്കുമ്പോള്‍ അലക്‌സാണ്ടര്‍ അതിനെ കുറിച്ച് ഗൗരമായി സംസാരിക്കാന്‍ തുടങ്ങി. മിഖായേല്‍ പിന്നീട് വിസമ്മതിച്ചിരിക്കണം. അനിശ്ചിതത്വത്തിലായ അലക്‌സാണ്ടര്‍ ആ നിമിഷത്തില്‍ തന്റെ ആദ്യ ഇരയെ കണ്ടെത്തി-മിഖായേല്‍. തലയോട്ടിയില്‍ കുറഞ്ഞത് 21 പ്രഹരങ്ങളെങ്കിലും മിഖായേലിന് ഏറ്റിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടന്നില്ല. എന്നാല്‍ പിന്നീട് ഒരു നീണ്ട ഇടവേളയായിരുന്നു. എന്തുകൊണ്ടാണ് അയാള്‍ ആ കാലയളവില്‍ കൊലപാതകത്തിന് അലക്‌സാണ്ടര്‍ മുതിരാതിരുന്നത് എന്നത് നിഗൂഢതയാണ്.

എന്നാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വേട്ടനായ വീണ്ടും ഇരകളെ തേടി ഇറങ്ങി. ചോരയുടെ ഗന്ധം രുചിച്ചു അത് അലഞ്ഞുനടന്നു. പിന്നീടങ്ങോട്ട് കൊലപാതങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു. അയാള്‍ കൂടുതല്‍ സമയം ചിലവഴിച്ചിരുന്ന ബിറ്റ്‌സ പാര്‍ക്ക് ഒരു ശവപ്പറമ്പായി മാറി. അയാള്‍ കൊന്നവരില്‍ ഉറ്റവരും, സുഹൃത്തുക്കളും, ഒപ്പം ജോലി ചെയ്തവരും ഉള്‍പ്പെട്ടു. ''കൂടുതല്‍ അടുപ്പമുള്ളവരെ കൊല്ലുന്നത്, വളരെ സന്തോഷമുള്ള ഒരേര്‍പ്പാടാണ്'-അയാള്‍ പിന്നീട് അഭിപ്രായപ്പെട്ടു. കൊലപാതകത്തിന് മുന്‍പ് അയാള്‍ ആളുകള്‍ക്ക് മദ്യം നല്‍കി അവരെ മദോന്മത്തരാക്കി. അതിന് ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലക്കടിച്ച് കെന്നു. ആ അടിയില്‍ തലച്ചോറ് പിളരും. പിളര്‍ന്ന തലച്ചോറിലേക്ക് കുപ്പിയോ, വടിയോ കുത്തിയിറക്കുന്നത് അയാളുടെ ഒരു ശൈലിയായിരുന്നു. അയാള്‍ കൊന്നവരില്‍ കൂടുതലും അനാഥരും, പ്രായമായവരുമായിരുന്നു. ആളുകള്‍ അയാളെ ബിറ്റ്‌സ പാര്‍ക്ക് മാനിയാക്ക് എന്ന് വിളിച്ചു.

അയാള്‍ക്ക് മറ്റൊരു പേരുമുണ്ടായിരുന്നു, 'ചെസ്ബോര്‍ഡ് കില്ലര്‍'. ഒരു ചെസ്സ് ബോര്‍ഡില്‍ 64 ചതുരങ്ങളാണല്ലോ ഉള്ളത്. ചെസ്സ് ബോര്‍ഡിലെ കളങ്ങളുടെ എണ്ണത്തോളം കൊലപാതകങ്ങള്‍ ചെയ്യാന്‍ ഒരു ചെസ്സ് കളിക്കാരനായ അയാള്‍ പദ്ധതിയിട്ടു. എന്നാല്‍ അയാള്‍ക്ക് 64 കൊലപാതകങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 61 ല്‍ നിര്‍ത്തേണ്ടി വന്നു. അയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു ചെസ്സ് ബോര്‍ഡില്‍ ഏകദേശം 61 കളങ്ങള്‍ അടയാളപ്പെടുത്തിയിരുന്നതായി അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഓരോ കളത്തിലും കൊലനടത്തിയ തീയതികള്‍ അയാള്‍ രേഖപ്പെടുത്തിയിരുന്നു.

തന്റെ മുന്‍ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയപ്പോഴാണ് അലക്‌സാണ്ടര്‍ പിടിക്കപ്പെട്ടത്. കാമുകനെ അറിയിച്ച ആ സ്ത്രീ, താന്‍ അലക്‌സാണ്ടറിനൊപ്പം കുറച്ച് സമയം ചെലവഴിക്കുമെന്ന് അറിയിക്കുകയും ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുകയും ചെയ്തു. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ചില ഫൂട്ടേജുകള്‍ അലക്‌സാണ്ടറിനെയും ഇരയെയും കണ്ടെത്തി. അയാള്‍ നടത്തിയ 62 കൊലപാതകങ്ങളില്‍ 49 എണ്ണത്തിന് മാത്രമേ പൊലീസിന് തെളിവ് ലഭിച്ചുള്ളൂ. വിചാരണയ്ക്കിടെ, അയാള്‍ ഒന്നും നിഷേധിച്ചില്ല. കാരണം ആ കൊലപാതകങ്ങളുടെ പേരിലുള്ള കീര്‍ത്തി അയാള്‍ക്ക് വേണമായിരുന്നു. തന്റെ നേട്ടങ്ങള്‍ ലോകം കാണണമെന്നും, പ്രശംസിക്കണമെന്നും അയാള്‍ ആഗ്രഹിച്ചു. വിചാരണ വേളയില്‍, റഷ്യന്‍ അധികാരികള്‍ അലക്‌സാണ്ടറിനെ കോടതി മുറിയില്‍ പൂട്ടിയിട്ട ഗ്ലാസ് കൂട്ടില്‍ സൂക്ഷിച്ചു. അത്രയും അപകടകാരിയും, ക്രൂരനുമായിരുന്നു അയാള്‍. കോടതി അലക്‌സാണ്ടറിനെ ജീവപര്യന്തം തടവിന് വിധിച്ചു. ശിക്ഷയുടെ ആദ്യ 15 വര്‍ഷം അയാള്‍ ഏകാന്തതടവില്‍ കഴിഞ്ഞു.

കൊലപാതകങ്ങളെ കുറിച്ചുള്ള അയാളുടെ ന്യായീകരണങ്ങള്‍ വിചിത്രങ്ങളായിരുന്നു. കൊലകള്‍ ചെയ്യാനുള്ള ആഗ്രഹമാണ് അയാളെ ജീവിപ്പിച്ചത് എന്നയാള്‍ പറയുമായിരുന്നു. അത് ചെയ്യാനുള്ള ആവേശവും ആസക്തിയുമായിരുന്നു അയാളുടെ ചേതന. കൊലപാതകങ്ങളില്ലാതെ അയാളുടെ ജീവിതം ശൂന്യമായി തോന്നുമായിരുന്നുവെന്നും അയാള്‍ പറഞ്ഞു. 

'ഞാന്‍ കൊന്ന എല്ലാവരും എന്നെ പിതാവായിട്ടാണ് കാണുന്നതെന്നു എനിക്ക് തോന്നുന്നു. കാരണം ഞാന്‍ തന്നെയാണ് അവര്‍ക്ക് മറ്റൊരു ലോകത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. 500 ദിവസമായി ഞാന്‍ അറസ്റ്റിലായിട്ട്. ഇത്രയും കാലമെടുത്തു എല്ലാവര്‍ക്കും എന്റെ വിധി തീരുമാനിക്കാന്‍. എന്നാല്‍ ഞാന്‍ ഒരു സമയത്ത് 60 പേരുടെ വിധി സ്വയം തീരുമാനിച്ച വ്യക്തിയാണ്. ഞാന്‍ തന്നെയായിരുന്നു ജഡ്ജിയും പ്രോസിക്യൂട്ടറും ആരാച്ചാരും എല്ലാം. ഞാന്‍ തന്നെ ദൈവവും'- അയാള്‍ വിചാരണക്കിടെ പറഞ്ഞു.

click me!