രണ്ടാം ലോക മഹായുദ്ധകാലത്ത് ബിബിസി -യില്‍ പ്രവര്‍ത്തിച്ച ഇന്ത്യൻ വനിത!

By Web TeamFirst Published Jul 14, 2020, 10:27 AM IST
Highlights

1940 -ൽ തന്നെയാണ് ചിതാലെ ബി‌ബി‌സിയിൽ ചേരുന്നതും. സാഹിത്യത്തോടുള്ള അർപ്പണബോധം, വാർത്തകൾ എഴുതുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള കഴിവ് എന്നിവ ചിറ്റാലെയ്ക്ക് ബിബിസി -യിൽ പ്രവർത്തിക്കാൻ അവസരം നേടിക്കൊടുത്തു.

ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, 1939 ഒരു പ്രയാസമേറിയ വർഷമായിരുന്നു. ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയായിരുന്നു അവിടെ. ബ്രിട്ടന്‍റെ തീരത്ത് ഷിപ്പിംഗ് തടസപ്പെട്ടു. ആ സമയത്ത് യാത്ര ചെയ്യുന്നത് തീർത്തും അപകടകരമായിരുന്നു. ഇന്ത്യക്കാരിൽ പലരും ഈ പ്രക്ഷുബ്ധതയിൽ സുരക്ഷിതരായി വീട്ടിലെത്താൻ ആഗ്രഹിച്ചു. പക്ഷേ, വേണു ദത്താത്രേയ ചിതാലേയ്ക്ക് മാത്രം അത് സാധിക്കുമായിരുന്നില്ല. അവർ ഒരു വലിയ ലക്ഷ്യത്തിന്റെ പിന്നാലെയായിരുന്നു. തന്റെ ഇരുപതുകളുടെ അവസാനത്തിൽ ഓക്സ്ഫോർഡിലെ ഒരു വിദ്യാർത്ഥിനിയായിരുന്ന ചിതാലേ പ്രാദേശിക വ്യോമാക്രമണ മുൻകരുതൽ വിഭാഗത്തിൽ സന്നദ്ധസേവനം നടത്താൻ മുന്നോട്ടുവന്നു. ആസന്നമായ ബോംബാക്രമണത്തെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുക എന്നതുമായിരുന്നു യൂണിറ്റിന്റെ ഉദ്ദേശം. ബിബിസിയുടെ ഇന്ത്യൻ വിഭാഗത്തിൽ പ്രവർത്തിക്കാൻ അവർ ലണ്ടനിലേക്ക് പോയി. അവിടെ വാർത്തകൾ വായിക്കുകയും മറ്റ് പരിപാടികൾ അവതരിപ്പിക്കുകയും എഴുത്തുകാരനും പ്രക്ഷേപകനുമായ ജോർജ്ജ് ഓർവെലിനെ സഹായിക്കുകയും ചെയ്‍തു. 

കോലാപ്പൂരിലെ ഷിറോളിൽ ജനിച്ച ചിതാലെ ഏത് വർഷമാണ് ജനിച്ചത് എന്നത് വ്യക്തമല്ല. എന്നിരുന്നാലും അത് 1910 ഓ, 1912 ഓ ആകാമെന്ന് കരുതുന്നു. ചെറുപ്പത്തിലെ അച്ഛനുമമ്മയും മരിച്ച ചിതാലെയുടെ ഉപദേഷ്ടാവായിരുന്നു വിൽസൺ കോളേജിൽ അദ്ധ്യാപികയായിരുന്ന ജോഹന്ന അഡ്രിയാന ക്വിന്‍റ ഡു പ്രീസ്. ആഫ്രിക്കൻ വംശജയായ ഡു പ്രീസ് ചിതാലെയെ തന്റെ ചിറകിനടിയിൽ കൊണ്ടുനടന്നു. ചിതാലെയുടെ വിവാഹം മറ്റ് ബന്ധുക്കളുമായുള്ള സംഘർഷത്തിന് കാരണമാകുമെന്ന് ഒരു ജ്യോതിഷി പ്രവചിച്ചതിനെ തുടർന്ന്, ചിതാലെ ഡു പ്രീസിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. 1934 -ൽ ചിറ്റാലെ ലണ്ടനിലെ യൂണിവേഴ്‍സിറ്റി കോളേജിൽ മോണ്ടിസോറി വിദ്യാഭ്യാസരീതികൾ പഠിക്കാൻ തുടങ്ങി. 1930 -കളുടെ അവസാനത്തിൽ ചിതാലെയും ഡു പ്രീസും ഓക്സ്ഫോർഡിൽ ചേർന്നു. 

 

1940 -ലാണ് ബിബിസി -യിൽ ഇന്ത്യൻ വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്. തുടക്കത്തിൽ ഹിന്ദിയിൽ പ്രക്ഷേപണം ആരംഭിച്ച ഇത് ഇംഗ്ലീഷ്, ബംഗാളി, മറാത്തി, സിംഹള, തമിഴ് ഭാഷകളിൽ പ്രോഗ്രാമുകൾ ഉൾപ്പെടുത്തികൊണ്ട് അതിവേഗം വളർന്നു. രണ്ടാം ലോകമഹായുദ്ധത്തിലുടനീളം, ബ്രിട്ടീഷ് ഗവൺമെന്റിന്റെ സാമ്രാജ്യത്വ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കോളനിവത്കരിക്കപ്പെട്ട ഇന്ത്യൻ ജനതയുടെ പിന്തുണ നേടുന്നതിനും ഉദ്ദേശിച്ചുള്ള പരിപാടികളാണ് ബിബിസി വികസിപ്പിച്ചത്. ഈസ്റ്റേൺ സർവീസ് റേഡിയോ പ്രോഗ്രാമുകളായ ത്രൂ ഈസ്റ്റേൺ ഐസ്, ദി വോയ്‍സ് എന്നിവ ഇന്ത്യൻ ദേശീയവാദികളുടെ വിശ്വസ്‍തത നേടുന്നതിന് ലക്ഷ്യമിട്ടു.  

1940 -ൽ തന്നെയാണ് ചിതാലെ ബി‌ബി‌സിയിൽ ചേരുന്നതും. സാഹിത്യത്തോടുള്ള അർപ്പണബോധം, വാർത്തകൾ എഴുതുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള കഴിവ് എന്നിവ ചിതാലെയ്ക്ക് ബിബിസി -യിൽ പ്രവർത്തിക്കാൻ അവസരം നേടിക്കൊടുത്തു. എഴുത്തുകാരനായ ജോർജ്ജ് ഓർ‌വെലിന്റെ സെക്രട്ടറിയായിരുന്നു ആദ്യം. പിന്നീട് ഈസ്റ്റേൺ സർവീസിലും ആഭ്യന്തര യുകെ ഹോം സർവീസിലും പ്രമുഖ പ്രക്ഷേപകയായി. ഇന്ത്യൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മുൽക്ക് രാജ് ആനന്ദ്, സാനി തമ്പിമോട്ടു എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പുരുഷ പ്രക്ഷേപകരുടെ ഇടയിൽ ശക്തമായ ഒരു സ്ത്രീസാന്നിധ്യമായി അവർ. ബ്രിട്ടൻ അന്ന് വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലൂടെ കടന്നുപോവുകയായിരുന്നു. 1939 -ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരുവശത്ത് യുദ്ധവും ഫാസിസവും മറുവശത്ത് ഇന്ത്യയെ കോളനിവൽക്കരിക്കുകയും. 

ഇന്ത്യൻ വിപ്ലവത്തെ ബ്രിട്ടീഷ് സർക്കാർ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, ചിതാലെയെ പോലുള്ള ഇന്ത്യൻ പ്രവാസികൾ ഫാസിസത്തിനെതിരായ ബ്രിട്ടന്റെ പോരാട്ടത്തെ പിന്തുണച്ചും, അതേസമയം ഇന്ത്യയ്‌ക്കെതിരായ സാമ്രാജ്യത്വത്തെ എതിർത്തും മൈക്രോഫോണിലൂടെ ഇന്ത്യയോട് സംവദിച്ചു. ഇത് ജനങ്ങൾക്കിടയിൽ മികച്ച പിന്തുണ നേടാൻ സഹായിച്ചു. ചിതാലെ തന്റെ ശബ്ദത്തിലൂടെയും, പരിപാടികളിലൂടെയും  ഇന്ത്യക്കാരെയും ഇന്ത്യൻ സത്തയെയും രസകരമായും സൗഹൃദപരമായും അവതരിപ്പിക്കാൻ ശ്രമിച്ചു. യുദ്ധത്തിന്റെ പുരോഗതിയെക്കുറിച്ച് ശ്രോതാക്കളെ അപ്‌ഡേറ്റ് ചെയ്യുന്നതിനു പുറമേ, മാംസം അപൂർവവും കൂടുതൽ ചെലവേറിയതുമായ ഒരു സമയത്ത് ഇന്ത്യൻ വെജിറ്റേറിയൻ പാചകക്കുറിപ്പുകൾ പങ്കിടാനുള്ള പരിപാടികളും അവർ ആരംഭിച്ചു.

1947 ഡിസംബറിൽ ചിതാലെ ബോംബെയിലേക്ക് മടങ്ങി. വിഭജനത്തെത്തുടർന്ന് ദില്ലിയിൽ സ്ഥാപിച്ച അഭയാർഥിക്യാമ്പുകളിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കാൻ അവർ വിജയലക്ഷ്‍മി പണ്ഡിറ്റിനൊപ്പം പോയി. ഇന്ത്യൻ ദേശീയതയുടെ ഉയർച്ചയെ പ്രതിപാദിക്കുന്ന ഒരു മറാത്തി കുടുംബത്തിലെ മൂന്ന് തലമുറയുടെ കഥ പറയുന്ന ഇൻ ട്രാൻസിറ്റ് എന്ന ഒരു പ്രധാന ചരിത്രനോവലും അവർ ആ സമയത്ത് എഴുതി. 1995 -ലാണ് ചിതാലെ മരിക്കുന്നത്. ചിതാലെയുടെ മറന്നുപോയ നേട്ടങ്ങളെ പൊതുബോധത്തിലേക്ക് തിരികെ കൊണ്ടുവരാനായി ബിബിസി 2017 -ൽ  ഒരു വീഡിയോ ചെയ്യുകയുണ്ടായി. യുദ്ധത്തിന്റെ അരക്ഷിതാവസ്ഥയിലും പതറാത്ത ലക്ഷ്യബോധവും, ആത്മധൈര്യവും അവരുടെ കൈമുതലായിരുന്നു. അവരുടെ ഈ സ്ഥിരോത്സാഹവും, കഴിവും തന്നെയാണ് ഒരു ഇന്ത്യൻ സ്ത്രീയായിരുന്നിട്ടും പുരുഷന്മാരുടെ ലോകത്തിൽ അതും ഒരു അന്യരാജ്യത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അവരെ പ്രാപ്‍തയാക്കിയതും.  

click me!