വീഡിയോ: കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ അമേരിക്ക കൈകാര്യം ചെയ്യുന്ന വിധം

By web deskFirst Published Jul 9, 2018, 5:10 PM IST
Highlights
  • ‘അണ്‍അക്കംപനീഡ്: എലോണ്‍ ഇന്‍ അമേരിക്ക’ എന്നാണ് ചിത്രത്തിന്‍റെ പേര്
  • സിനിമ തയ്യാറാക്കിയിരിക്കുന്നത് ലിന്‍ഡ ഫ്രീഡ്മാന്‍ ആണ്
  • എമിഗ്രേഷന്‍ കൗണ്‍സിലിങ് സര്‍വീസിനുവേണ്ടിയാണ് ലിന്‍ഡ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്

കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നേരെയുള്ള ട്രംപിന്‍റെ നിലപാടിനെതിരെ ലോകത്താകമാനം പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍, കുട്ടികളെ ഒറ്റയ്ക്ക് കോടതിയില്‍ ഹാജരാക്കുന്ന നയത്തിനെതിരെയുള്ള ഫീച്ചര്‍ സിനിമയുടെ സംവിധായിക ലിന്‍ഡ ഫ്രീഡ്മാന്‍ ആണ്. ‘അണ്‍അക്കംപനീഡ്: എലോണ്‍ ഇന്‍ അമേരിക്ക’ എന്നാണ് ചിത്രത്തിന്‍റെ പേര്.

ഈ കുട്ടികളില്‍ പലര്‍ക്കും ശരിയായി ഇംഗ്ലീഷ് അറിയില്ല. ഇവര്‍ക്ക് അഭിഭാഷകരെ അനുവദിക്കാന്‍ യുഎസ് ഭരണകൂടം തയ്യാറായിട്ടുമില്ല. കുടിയേറ്റക്കാരായ കുട്ടികളെ ഒറ്റയ്ക്ക് കോടതിയില്‍ ഹാജരാക്കുന്ന നടപടി മൂന്നിരട്ടിയോളം കൂടിയിരിക്കുകയാണെന്ന് സിനിമ തയ്യാറാക്കിയ ലിന്‍ഡ പറയുന്നു. രക്ഷിതാക്കളോ അഭിഭാഷകനോ കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വക്താക്കളോ ഇല്ലാതെയാണ് കുട്ടികളെ വിചാരണ ചെയ്യുന്നത്. ജഡ്ജിയുടെ ചോദ്യങ്ങള്‍ മനസിലാക്കാനും ഉത്തരം പറയാനും കുട്ടികള്‍ ബുദ്ധിമുട്ടുന്നതും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

എമിഗ്രേഷന്‍ കൗണ്‍സിലിങ് സര്‍വീസിനുവേണ്ടിയാണ് ലിന്‍ഡ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. യുഎസ് കോടതിയില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിവിധ ബാലതാരങ്ങളാണ് രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

‘കുടിയേറ്റക്കാരായ കുട്ടികള്‍ക്കുമേല്‍ യുഎസ് നടത്തുന്ന അവകാശ ലംഘനവും, അവരനുഭവിക്കുന്ന അപമാനവും കണ്ട് യഥാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു കുട്ടി അപമാനിതനാവുമ്പോള്‍ ലോകം മുഴുവനുമാണ് അപമാനിക്കപ്പെടുന്നത്’- ലിന്‍ഡ ഫ്രീമാന്‍ പറയുന്നു. നിയമവിരുദ്ധമായി എത്തുന്ന കുട്ടികള്‍ക്ക് അഭിഭാഷകനെ അനുവദിക്കില്ലെന്നാണ് യുഎസ് നിയമം. ജഡ്ജിയുടെ സംഭാഷണം ഇഗ്ലീഷിലാണ്. കുട്ടികള്‍ക്ക് ഇത് പരിഭാഷപ്പെടുത്തിക്കൊടുക്കും. ഹെഡ്‌ഫോണ്‍ സഹായത്തോടെയാണ് പരിഭാഷ. ഇങ്ങനെയാണ് സാധാരണയായി യുഎസ്സില്‍ കുട്ടികളോടുള്ള ജഡ്ജിയുടെ ചോദ്യം.

‘എല്‍ സല്‍വാദറിലെ പൗരത്വമുള്ള നിങ്ങള്‍ നിയമപരമായ അനുവാദമില്ലാതെ യുഎസില്‍ എത്തിയിരിക്കുകയാണ്. അതിനാല്‍ ഈ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കുന്നു. നിങ്ങള്‍ കുടിയേറ്റക്കാര്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലുമായി സംസാരിച്ചിട്ടുണ്ടോ’ എന്നാണ് ഒരു പെണ്‍കുട്ടിയോട് ജഡ്ജി ചോദിക്കുന്നത്.വളരെ  ചെറിയ കുട്ടിയോടാണ് ജഡ്ജി ചോദിക്കുന്നത്, 'കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ മനസിലാകുന്നുണ്ടോ എന്നും അഭിഭാഷകന്‍ എന്നാല്‍ എന്താണെന്ന് അറിയാമോ' എന്നുമാണ്. കുട്ടി ഇതിന് മറുപടിയൊന്നും പറയാതെ തല ഇരുവശത്തേക്കും ചലിപ്പിക്കുകയാണ്.

‘ചിത്രത്തില്‍ മൂന്നുവയസുകാരിയായ കുട്ടി ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കിടെ മേശയിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നത് കാണാം. ഈ രംഗം കാണുമ്പോള്‍ കുട്ടികളോട് ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനീതി വ്യക്തമാവും’ കുടിയേറ്റക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഡയറക്ടര്‍ ലിന്‍സെ ടോസ്‌കിലോസ്‌കി പറയുന്നു. കുടിയേറ്റക്കാരായ കുട്ടികള്‍ക്കുനേരെ യുഎസ് ചെലുത്തുന്ന സമ്മര്‍ദ്ദം ചിത്രത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്ക് അഭിഭാഷകനെ അനുവദിക്കേണ്ടതിന്റെ അനിവാര്യതയാണ് ചിത്രത്തിലുടനീളം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

2016ലെ യുണിവിഷന്‍ ഡാറ്റാ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ വിചാരണ ചെയ്ത പത്തില്‍ ഒന്‍പത് ശതമാനം കുട്ടികളേയും യുഎസ് നാടുകടത്തിയിട്ടുണ്ട്. ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ കൂടിയാണ് ലിന്‍ഡയുടെ സിനിമ ശ്രമിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി കോടതിയിലെത്താന്‍ അഭിഭാഷകരും പരിഭാഷകരും തയ്യാറാകണമെന്നും ഇവര്‍ പറയുന്നുണ്ട്.


  

click me!