ടാര്‍ വില കുതിക്കുന്നു; പ്രതിസന്ധിയിലായി സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം

By Web TeamFirst Published Oct 15, 2018, 12:49 PM IST
Highlights

പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനാണ് പ്രധാനമായും ടാർവില തിരിച്ചടിയാവുന്നത്. ടാറിന് നൽകുന്ന ദർഘാസ് വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കരാറുകാർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു.

കോഴിക്കോട്: സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കും തിരിച്ചടിയായി ടാർ വില കുതിക്കുന്നു. ഒരു വീപ്പ ടാറിന് കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ ആയിരം രൂപയോളം വർദ്ധനവാണ് ടാര്‍ വിലയില്‍ ഉണ്ടായത്. വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റോഡ് നിര്‍മ്മാണ കരാറുകാർ.

പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനാണ് പ്രധാനമായും ടാർവില തിരിച്ചടിയാവുന്നത്. ടാറിന് നൽകുന്ന ദർഘാസ് വിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം കരാറുകാർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുന്നു. 
വി.ജി.1-30 വിഭാഗത്തിൽപ്പെട്ട  ഒരു ടാർ  വീപ്പയ്ക്ക് 5262 രൂപയാണ് കരാറുകാരന് ലഭിക്കുക. നിലവിലെ വിപണി വില 7889 രൂപ. വീപ്പയൊന്നിന് 2627 രൂപ കരാറുകാരന്റെ കയ്യിൽ നിന്ന് മുടക്കണം.

മറ്റൊരു ഇനം ടാറായ എസ്.എസ്. 1 ന് കരാർ വിലയെക്കാൾ വിപണിയിൽ 2247 രൂപ കൂടുതലാണ്. ആർ.എസ്. 1 ടാറിന് ദർഘാസ് വില 5369 രൂപയും വിപണി വില 9362 രൂപയുമാണ്. നഷ്ടം നികത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി.

വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും നിലച്ചിരിക്കുകയാണ്. രണ്ട് ആഴ്ച്ച കൂടുമ്പോഴാണ് എണ്ണകമ്പനികൾ ടാർ വില പുതുക്കി നിശ്ചയിക്കുക. അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ടാർവില കൂട്ടുന്നതിന് എണ്ണകമ്പനികൾ പറയുന്ന ന്യായം.

click me!