ഇന്ത്യയ്ക്ക് 63 -ാം റാങ്ക് നല്‍കിയത് എന്തുകൊണ്ട്?, ഇന്ത്യയെപ്പറ്റി ലോകബാങ്ക് പറയുന്നതിന്‍റെ യാഥാര്‍ത്ഥ്യം

By Web TeamFirst Published Nov 8, 2019, 6:12 PM IST
Highlights

ഇനി ഇന്ത്യയുടെ കുറയുന്ന വളർച്ചാ നിരക്കും അതിന്റെ കാരണങ്ങളും ഒന്നു പരിശോധിക്കാം. ഇന്ത്യ മാത്രമല്ല, ചൈനയടക്കമുളള മറ്റു രാജ്യങ്ങളുടെയും വളർച്ചാ നിരക്ക് കുറയുകയാണ്. 

സമ്പദ്‌വ്യവസ്ഥയുടെ മുരടിപ്പ് മറികടക്കുവാനായി കേന്ദ്ര സർക്കാർ ഒന്നിനു പുറകേ ഒന്നായി പല നയങ്ങളും പ്രഖ്യാപിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് മുടങ്ങി കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തീകരിക്കാൻ 25,000 കോടിയുടെ നിധി രൂപീകരിക്കാനുള്ള തീരുമാനം. ഇതുവഴി നിർമ്മാണ മേഖലയിലെ മാന്ദ്യം മറികടക്കുവാനും തൊഴിലവസരങ്ങൾ പുനർസൃഷ്ടിക്കുക എന്നതുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. മാത്രമല്ല, സിമെന്റ്, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ മേഖലയുടെ ഉത്തേജനവും ലക്ഷ്യമാണ്.

ഒരു വശത്ത് റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും ഉത്തേജന നയങ്ങൾ, മറുവശത്ത് ലോക ബാങ്കും അന്താരാഷ്ട്ര നാണ്യ നിധിയും ഒക്കെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്കു കുറയ്ക്കുന്നു. എന്നാൽ, ലോക ബാങ്കിന്റെറ തന്നെ 'ഡൂയിങ് ബിസിനസ്സ് ഇൻഡക്സ് 2019' ൽ ഇന്ത്യ കുതിച്ചു മുന്നേറി. ഈ സാഹചര്യത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ യാഥാർഥ്യങ്ങൾ ഒന്നു പരിശോധിക്കാം.

ലോക ബാങ്ക് പ്രസിദ്ധീകരിച്ച 'ഡൂയിങ് ബിസിനസ്സ് ഇൻഡക്സ് 2019' റാങ്കിoഗിൽ ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ 14 സ്ഥാനങ്ങൾ മുന്നിലേക്ക് ഉയർന്ന് 63 -ാം സ്ഥാനത്തേക്ക് എത്തി എന്നുള്ളത് ആനന്ദം നൽക്കുന്ന വാർത്തയാണ്. 2017, 2018 വർഷങ്ങളിൽ യഥാക്രമം 130 ഉം, 100 ഉം ആയിരുന്നു ഇന്ത്യയുടെ റാങ്കുകൾ.

എന്നാൽ, ഇതേ ലോക ബാങ്കിന്റെ റിപ്പോർട്ടിൽ തന്നെയാണു ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് ആറ് ശതമാനമായി വെട്ടികുറച്ചത്. രാജ്യത്ത് താഴേതട്ടിലുള്ള ദരിദ്ര കുടുംബങ്ങളെ ആയിരിക്കും തൊഴിലായ്മ എറ്റവും ശക്തമായി ബാധിക്കുക എന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ബിസിനസ് സൈക്കിള്‍ സ്വാഭാവികം പക്ഷേ...

എന്താണ് ഡൂയിങ്‌ ബിസിനസ്സ് ഇൻഡക്സ്സ്? കഴിഞ്ഞ വർഷം വരെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് ഇൻഡക്സ്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഒരു രാജ്യം എത്രമാത്രം വ്യവസായ സൗഹാർദമാണ് എന്നതിന്റെ അളവുകോലായിട്ടാണ് ലോക ബാങ്ക് ഡൂയിങ് ബിസിനസ്സ് ഇൻഡക്സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. രാജ്യാന്തര വ്യാപാരം, നിർമ്മാണ അനുമതി ലഭിക്കാനുള്ള വേഗത, വൈദ്യുതിയുടെ ലഭ്യത, ധനകാര്യ സ്ഥാപനങ്ങളുടെ സുതാര്യത, നികുതി സമ്പ്രദായത്തിന്റെ കാര്യക്ഷമത, കരാറുകൾ നടപ്പിലാക്കുന്നതിലെ വേഗത, പുതിയ വ്യവസായ സംരംഭങ്ങൾ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്  രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

2015 -ൽ കേന്ദ്ര സർക്കാർ ഒരു 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്‌' സമിതി രൂപീകരിക്കുകയും ഇന്ത്യയെ ഒരു വ്യവസായ സൗഹൃദ രാഷ്ട്രമാക്കാനുള്ള നയങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും, കോർപ്പറേറ്റ്, ആദായ നികുതിയിലുണ്ടായ വർദ്ധനവും ഒക്കെ ഇതുമായി ചേർത്തു വായിക്കാവുന്നതാണ്. എന്തായാലും ഡൂയിങ്‌ ബിസിനസ്സ് ഇൻഡക്സ്സിലെ ഇന്ത്യയുടെ മുന്നേറ്റം രാജ്യത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുവാൻ സഹായിക്കും എന്നുള്ളത് ഉറപ്പാണ്. 

ഇനി ഇന്ത്യയുടെ കുറയുന്ന വളർച്ചാ നിരക്കും അതിന്റെ കാരണങ്ങളും ഒന്നു പരിശോധിക്കാം. ഇന്ത്യ മാത്രമല്ല, ചൈനയടക്കമുളള മറ്റു രാജ്യങ്ങളുടെയും വളർച്ചാ നിരക്ക് കുറയുകയാണ്. ഒരു സമ്പദ് വ്യവസ്ഥയിൽ കയറ്റിറക്കങ്ങൾ (ബിസിനസ്സ് സൈക്കിൾ) സ്വാഭാവികമാണ്. എന്നാൽ, ഇന്ത്യയിൽ കുറച്ചു നാളുകളായി വളർച്ചാനിരക്ക് തുടർച്ചയായി കുറഞ്ഞു വരികയാണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും സമ്പദ് വ്യവസ്ഥയെ  ഉത്തേജിപ്പിക്കാനുള്ള പല നയങ്ങൾ രൂപീകരിച്ചിട്ടും പൂർണ്ണമായി ഫലവത്താകുന്നു എന്നു പറയാൻ സാധിക്കുന്നില്ല. 

ആ രണ്ട് ആഘാതങ്ങള്‍

ഇതിന് കാരണമായി ലോക ബാങ്ക് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത് രണ്ടു കാരണങ്ങളുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഒന്നിനു പുറകേ ഒന്നായി വന്ന രണ്ടു ആഘാതങ്ങൾ. നോട്ടു നിരോധനവും, ചരക്കു സേവന നികുതിയും. ഇവ നടപ്പിലാക്കിയതിലെ അപാകതയാണ് ലോക ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതു രണ്ടും എറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത് രാജ്യത്തെ മധ്യ - ചെറുകിട വ്യവസായികൾക്കും അവരെ ആശ്രയിച്ചു ജീവിക്കുന്ന കോടിക്കണക്കിനുള്ള തൊഴിലാളികളിലുമാണ്. രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ജീവിതമാർഗ്ഗമായ അസംഘടിത മേഖലയാണ് നോട്ടു നിരോധനവും ജിഎസ്ടിയും കൊണ്ടു ഏറെ ദുരിതത്തിലായത്. ഇപ്പോൾ രാജ്യത്തെ ഉല്‍പ്പാദനത്തിലുണ്ടായ കുറവിനേക്കാൾ വലിയ പ്രശ്നം മറ്റൊന്നാണ്. അത് സാധന സേവനങ്ങളുടെ ഡിമാന്റിൽ ഉണ്ടായ കുറവാണ്. 

നമ്മുടെ കർഷകരുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ക്രിയാശേഷി കുറഞ്ഞതിന്റെ കൃത്യമായ സൂചനയാണിത്. ഉത്പാദന, കോർപ്പറേറ്റ് മേഖലയുടെ ഉത്തേജനത്തിനായി സർക്കാർ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി ഉല്‍പ്പാദനം വർദ്ധിച്ച്, നഷ്ടപ്പെട്ടുപ്പോയ അസംഘടിത മേഖലയിലെ തൊഴിലവസരങ്ങളും ഒപ്പം ജനങ്ങളുടെ വരുമാനവും ഉയർത്തി ക്രമേണ കാർഷിക മേഖലയേയും മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ രാജ്യത്തിന് ഉയർന്ന വളർച്ചാനിരക്കിന്റെ പാതയിൽ തിരിച്ചെത്തുവാൻ സാധിക്കുകയുള്ളൂ.

click me!