ഇന്ത്യന്‍ അല്ലാതാവുന്ന ഇന്ത്യന്‍ കമ്പനികളും വിദേശ നിക്ഷേപവും

By Web DeskFirst Published May 12, 2018, 2:07 PM IST
Highlights
  • ഇന്ത്യന്‍ കമ്പനികളില്‍ വിദേശ ഓഹരി നിക്ഷേപത്തില്‍ വര്‍ദ്ധനവ്
  • വിദേശ നിക്ഷേപത്തിലും രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല
  • ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത് മൗറീഷ്യസില്‍ നിന്ന് 

ഇന്ത്യന്‍ കമ്പനികളെന്ന് നാം അഭിമാനത്തോടെ പറയുന്ന കമ്പനികളൊരുപാടുണ്ട്. നമ്മുടെ നാവില്‍ ദിവസവും അറിഞ്ഞും അറിയാതെയും കടന്നുവരുന്ന അത്തരം കമ്പനികളുടെ ഭരണരംഗത്തെക്കുറിച്ച് രസകരമായ ഒട്ടേറെ വസ്തുതകളുണ്ട്. ഇന്ത്യയില്‍ രൂപീകൃതമായ പ്രവര്‍ത്തന ലാഭത്തിലും ബ്രാന്‍ഡ് ബില്‍ഡിംഗിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികളായ പലതിന്‍റെയും ഉടമസ്ഥവകാശം ഇന്ത്യയ്ക്ക് പുറത്തുളളവരുടെ കൈകളിലാണിപ്പോള്‍. മേക്ക് ഇന്‍ ഇന്ത്യ പോലെയുളള സര്‍ക്കാര്‍ പദ്ധതികള്‍ ഇത്തരം വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കി വരുന്നു. 

ഈ ഗണത്തിലുളള അവസാനത്തെ ഉദാഹരണമായിരുന്നു ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടി. ഇത്തരത്തിലുളള ഇന്ത്യന്‍ കമ്പനികളില്‍ പലതിന്‍റെയും ഉടമസ്ഥാവകാശം മൊത്തമായോ ഭാഗീകമായോ ഇന്ത്യയ്ക്ക് പുറത്തുളള ബിസിനസ്സ് ഗ്രൂപ്പുകളുടെ കൈകളിലേക്ക് മാറ്റപ്പെടുന്ന കാഴ്ച്ചയാണ് ഇന്ത്യന്‍ ബിസിനസ്സ് ലോകം കുറച്ച് കാലമായി കണ്ടുവരുന്നത്. ഇന്ത്യന്‍ വ്യവസായ ലോകത്തിന്‍റെ രസതന്ത്രം തന്നെ മാറ്റിമറിക്കുന്ന അത്തരം നടപടികളെ അടുത്തറിയാം.

ഫ്ലിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട്

ബാംഗ്ലൂര്‍ ആസ്ഥാനമായി സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് തുടങ്ങിയ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വളര്‍ച്ച ആരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു. തുടങ്ങി പത്ത് വര്‍ഷം കഴിയുന്നതിനുമുന്‍പേ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായി ഫ്ലിപ്പ്കാര്‍ട്ട് വളര്‍ന്ന് പന്തലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ചര്‍ച്ചകളുടെ ഫലമായിരുന്ന ഫ്ലിപ്പിനെ ഏറ്റെടുക്കുന്നതായുളള യു.എസ്. റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടിന്‍റെ പ്രഖ്യാപനം. 16 ബില്യണ്‍ ഡോളര്‍ മൂല്യമുളള 77 ശതമാനം ഫ്ലിപ്പിന്‍റെ   ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിക്കൂട്ടിയത്. ഇതിലൂടെ ഫലത്തില്‍ ഫ്ലിപ്പ്കാര്‍ട്ടെന്ന കമ്പനിതന്നെ ഇല്ലാതായി. ഫ്ലിപ്പ്കാര്‍ട്ടെന്ന ബ്രാന്‍ഡ് നാമം മാറ്റില്ലെന്ന പ്രഖ്യാപനമുണ്ടായെങ്കിലും, ഒരുപക്ഷേ ഭാവിയില്‍ നിങ്ങളുടെ വീട് തിരക്കി ഫ്ലിപ്പ് പാഴ്സലുകളെത്താതായേക്കും. പകരം എത്തുക വാള്‍മാര്‍ട്ടാവും. ഫ്ലിപ്പ് ഏറ്റെടുക്കലോടെ ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായം രണ്ട് യു.എസ്. കമ്പനികളുടെ കൈകളിലായി മാറി. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനി ആമസോണാണ്. ആമസോണ്‍ ആസ്ഥാനം യു.എസ് തലസ്ഥാനമായ വാഷിംടണാണ്. ഇനിമുതല്‍ ഇന്ത്യക്കാരന്‍റെ ഇ-കൊമേഴ്സ് ആവശ്യകതകള്‍ യു.എസ്. കമ്പനികള്‍ നിറവേറ്റും. 

പേടിഎമ്മില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച് ആലിബാബ

നോട്ട് നിരോധന സമയത്ത് മറ്റ് ഇന്ത്യന്‍ ബിസിനസ്സുകള്‍ പ്രതിസന്ധിയില്‍ പൊറുതിമുട്ടിയപ്പോള്‍ വലിയ വളര്‍ച്ച നേടിയ വ്യവസായമായിരുന്നു ഡിജിറ്റല്‍ വാലറ്റുകള്‍. അതുവരെ ഡിജിറ്റല്‍ വാലറ്റുകളെപ്പറ്റി ശ്രദ്ധിക്കാതിരുന്ന ഇന്ത്യന്‍ ജനതയെ അത് പരിചയപ്പെടുത്തിയത് പേടിഎമ്മിലൂടെ വിജയ് ശേഖര്‍ ശര്‍മ്മയായിരുന്നു. പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ ദക്ഷിണ മുംബൈയിലെ ഹോട്ടലിലിരുന്ന് തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം കോര്‍പ്പറേറ്റ് അവാര്‍ഡ്ദാനച്ചടങ്ങ് കാണുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം അനുകൂല സാഹചര്യമാണെന്ന് ഉടന്‍ തന്നെ മനസ്സിലാക്കിയ വിജയ് തന്‍റെ പേടിഎമ്മുമായി ഓരോ ഇന്ത്യക്കാരെന്‍റെയും മനസ്സിലേക്കും പോക്കറ്റിലേക്കുമെത്തി. അതോടെ ബിസിനസില്‍ വലിയ വളര്‍ച്ച നേടി ഒടുവില്‍ പേടിഎമ്മിന് പേയ്മെന്‍റ് ബാങ്ക് ലൈസന്‍സ് വരെ ലഭിച്ചു. 

പേടിഎമ്മിന്‍റെ ലാഭം വര്‍ദ്ധിച്ച് വന്നതിനൊപ്പം മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഓഹരികള്‍ കൂടുതല്‍ ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമന്മരായ ആലിബാബ ഏറ്റെടുത്ത് തുടങ്ങി. ആലിബാബ ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. 2015 ല്‍ ആലിബാബ പേടിഎമ്മില്‍ 680 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. ആ സമയത്ത് തന്നെ ഏകദേശം 40 ശതമാനത്തിനടുത്ത് ഓഹരികള്‍ ആലിബാബയുടെ കൈകളിലെത്തിയിരുന്നു. ഇന്നിപ്പോള്‍ പേടിഎമ്മിന്‍റെ പുതിയ സംരംഭമായ പേടിഎം മാളില്‍ ആലിബാബയും ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ് ബാങ്കും ചേര്‍ന്ന് 110 മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. ഇതിലൂടെ പേടിഎമ്മിലെ പ്രധാന അധികാരകേന്ദ്രമായി മാറാന്‍ ആലിബാബയ്ക്കായിട്ടുണ്ട്.

ഒലയില്‍ പിടിമുറുക്കി സോഫ്റ്റ് ബാങ്ക്

ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല ക്യാബ്സില്‍ ഏകദേശം ഒരു വര്‍ഷം മുന്‍പ് 2.5 ബില്യണ്‍ ഡോളറാണ് സോഫ്റ്റ് ബാങ്ക് അടക്കമുളളവര്‍ നിക്ഷേപിച്ചത് ഇന്ന് അത് വളര്‍ന്ന് 4 ബില്യണ്‍ ഡോളറിനടുത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ യൂബര്‍ സിഇഒയായ ട്രാവിസ് കലാനിക്കിന് സംഭവിച്ചത് പോലെ കസേരയ്ക്ക് ഭീഷണികളെഴുവാക്കാന്‍ ഒല സഹസ്ഥാപകന്‍ ബാവിഷ് അഗര്‍വാള്‍ ശ്രമം തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാനിലെ ടോക്കിയോയാണ് സോഫ്റ്റ് ബാങ്കിന്‍റെ ആസ്ഥാനം. യു.എസ്. ആസ്ഥാനമായ യൂബറാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കള്‍. 

വിദേശനിക്ഷേപവും തൊഴിലില്ലായ്മയും

സേവന - ഉല്‍പ്പന്ന വിപുലീകരണത്തിനും വിപണിമൂല്യമുയര്‍ത്തുന്നതിനുമാണ് ഓഹരി നിക്ഷേപം അനുവദിക്കാന്‍ വിവിധ കമ്പനികളുടെ ഉന്നത മാനേജ്മെന്‍റ് തലത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ലോകത്തെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുളള ഇന്ത്യയിലെ വ്യവസായ അവസരങ്ങള്‍ ഇന്നും വേണ്ടരീതിയില്‍ വിനിയോഗിപ്പെട്ടിട്ടില്ലയെന്ന നിരീക്ഷണങ്ങള്‍ വിദേശ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപ വര്‍ദ്ധനയുടെ പ്രധാനകാരണം. വിദേശ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാമെന്നാണ് മേക്ക് ഇന്‍ ഇന്ത്യ പോലെയുളള പദ്ധതികളിലൂടെ സര്‍ക്കാരും ലക്ഷ്യം വയ്ക്കുന്നത്, എന്നാല്‍ 2016 ലെ 3.5 ശതമാനമെന്ന തൊഴിലില്ലായ്മ കഴിഞ്ഞ വര്‍ഷം 3.6 ശതമാനത്തിലേക്ക് ഉയരുകയാണ് ചെയ്തത്. ഇന്ന് ഇന്ത്യയില്‍ 31 മില്യണ്‍ ആളുകള്‍ക്ക് ജീവിക്കാന്‍ ജോലിയില്ല. 2018 ജനുവരി മാസത്തെ തൊഴിലില്ലായ്മ 5.04 ശതമാനമായിരുന്നത് ഫെബ്രുവരിയായപ്പോള്‍ ഉയര്‍ന്നത് 6.06 ശതമാനമാണ്. (കണക്കുകള്‍ സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടേത്) വിദേശ നിക്ഷേപത്തിലൂടെ തൊഴിലില്ലായ്മ കുറയുന്നില്ല എന്ന് സാരം. 

ഉയര്‍ന്ന തലത്തില്‍ പ്രകടനം നടത്തുന്ന കമ്പനികളില്‍ വിദേശ നിക്ഷേപം വര്‍ദ്ധിക്കുന്നതിലൂടെ ഇന്ത്യന്‍ വ്യവസായ മേഖലയില്‍ വിദേശ ബിസിനസ്സ് ഗ്രൂപ്പുകളുടെ അഭിപ്രായത്തിന് പ്രസക്തി നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രകടനം നടത്തിയ മൂന്ന് സംരംഭങ്ങളാണ് ഫ്ലിപ്പ്കാര്‍ട്ട്, പേറ്റിഎം, ഒല എന്നിവ. ഇവയില്‍ മാത്രമല്ല വിദേശ നിക്ഷേപം വന്നുചേരുന്നത് അനേകം ചെറിയ എന്നാല്‍ മികച്ച പ്രകടനം നടത്തുന്ന സ്റ്റാര്‍ട്ടപ്പുകളിലും വലിയ തോതില്‍ നിക്ഷേപം വന്ന് ചേരുന്നുണ്ട്. മികച്ച സാങ്കേതിക സഹായം, കണ്‍സള്‍ട്ടിങ് സഹായങ്ങള്‍ എന്നിവ കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്നത് ഇന്ത്യന്‍ കമ്പനികളെ വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. 

റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 18,667 കമ്പനികളില്‍ 17,020 സ്ഥാപനങ്ങളും വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചതായി ബാലന്‍സ് ഷീറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൗറീഷ്യസാണ് ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപങ്ങളില്‍ 21.8 ശതമാനത്തിന്‍റെയും കേന്ദ്ര ബിന്ദു. തൊട്ടുപിറകില്‍ യു.എസ്സും ബ്രിട്ടണുമാണ്. വിദേശ നിക്ഷേപങ്ങളുടെ കടന്നുവരവ് ഇന്ത്യന്‍ വ്യവസായ മേഖലയുടെ വിപുലീകരണത്തിന് ആവശ്യമാണ് എന്നാല്‍ അത്തരം വിപൂലീകരണത്തിന്‍റെയും ബിസിനസ്സ് വളര്‍ച്ചയുടെയും പ്രയോജനം ഇന്ത്യന്‍ വ്യവസായ മേഖലയിലെ സൗഹാര്‍ദ്ദ അന്തരീക്ഷം വളര്‍ത്തുന്നതിനും ഇന്ത്യയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും കൂടി പ്രയോജനകരമായി മാറേണ്ടതുണ്ട്. 

click me!