നോട്ടടിച്ച് ധനക്കമ്മി പരിഹരിക്കാന്‍ പീയുഷ് ഗോയല്‍: ഉദാഹരണമായി അമേരിക്ക

By Web TeamFirst Published Feb 12, 2019, 3:41 PM IST
Highlights

ഈ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.4 ശതമാനമായി ധനക്കമ്മി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ധനക്കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്‍റെ 112.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവും വരുമാനവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി ധനമന്ത്രി പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പ്പറേഷന്‍റെ സ്ഥാപക ദിന വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഈ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.4 ശതമാനമായി ധനക്കമ്മി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ധനക്കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്‍റെ 112.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ചെലവും വരുമാനവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി. 

2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള ഒമ്പത് മാസക്കാലളവില്‍ 7.01 ലക്ഷം കോടി രൂപയായാണ് ധനക്കമ്മി ഉയര്‍ന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ശേഷിക്കുന്ന മൂന്ന് മാസത്തെ കൂടി കണക്കുകള്‍ പുറത്ത് വരുന്നതോടെ ധനക്കമ്മിയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായേക്കും. ഇതോടൊപ്പം കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കായുളള പദ്ധതികളും മധ്യവര്‍ഗത്തിനായുളള നികുതി ഇളവും ധനക്കമ്മി വരും നാളുകളില്‍ ഉയരാനിടയായേക്കും.  

2019 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ധനക്കമ്മി പരിഹാരത്തിനായി അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ 2003 ല്‍ കൊണ്ടുവന്ന ഫിനാന്‍ഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് ബജറ്റ് മാനേജ്മെന്‍റ് ആക്ട് (എഫ്ആര്‍ബിഎം) തിരികെക്കൊണ്ടുവരണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

മൈക്രോ ഇക്കണോമിക് മാനേജ്മെന്‍റ് മെച്ചപ്പെടുത്തനും നിയന്ത്രിതമായ ബജറ്റിലൂടെ പബ്ലിക് ഫണ്ടുകളുടെ മൊത്തത്തിലുളള മാനേജ്മെന്‍റുമാണ് എഫ്ആര്‍ബിഎം ആക്ട് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറ‌ഞ്ഞു. കറന്‍സി പ്രിന്‍റിങ്ങിലൂടെ മാത്രം അമേരിക്ക ധനക്കമ്മി നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

click me!