എന്നും ഇരുട്ടടി; പെട്രോള്‍-‍ഡീസല്‍ വില ദിനംപ്രതി പരിഷ്കരിക്കാന്‍ നീക്കം

By Web DeskFirst Published Apr 7, 2017, 12:05 PM IST
Highlights

ദില്ലി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില എല്ലാ ദിവസവും പരിഷ്കരിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ നീക്കം. വിവിധ എണ്ണക്കമ്പനികള്‍ ചേര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ വില വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്ന രീതി അവസാനിപ്പിക്കും. പകരം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണവില അടിസ്ഥാനപ്പെടുത്തി ചില്ലറ വിപണിയിലെ വില എല്ലാ ദിവസവും പരിഷ്കരിക്കുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം.

പെട്ടെന്നുള്ള വില വര്‍ദ്ധനവ് ഉപഭോക്താക്കളില്‍ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാനെന്ന പേരിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ദിനംപ്രതിയുള്ള വര്‍ദ്ധനവാകുമ്പോള്‍ ഏതാനും പൈസയിലുള്ള വ്യത്യാസമായിരിക്കും ഉണ്ടാവുക. ഇത് ഉപഭോക്താക്കള്‍ അറിയാതെയും വലിയ പ്രതിഷേധമൊന്നും ഇല്ലാതെയും നടപ്പാക്കാമെന്നാണ് എണ്ണക്കമ്പനികളുടെ കണക്കുകൂട്ടല്‍. ഇപ്പോഴത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ തോതില്‍ ആരുമറിയാതെ വില കൂട്ടാനും കമ്പനികള്‍ക്ക് പുതിയ രീതിയില്‍ കഴിയും. പെട്രോളിയം വില വര്‍ദ്ധനവിന്റെ പേരില്‍ സര്‍ക്കാറുകള്‍ക്ക് മേലുണ്ടാകുന്ന സമ്മര്‍ദ്ദവും ഇല്ലാതാക്കാമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു പലരാജ്യങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ചാണ് ദൈനംദിന ചില്ലറ വിലയിലും മാറ്റം വരുത്തുന്നതെന്നും കമ്പനികള്‍ വാദിക്കുന്നു.

എല്ലാ ദിവസത്തേയും വില വ്യതിയാനം എല്ലാ ഔട്ട്‍ലെറ്റുകളിലും അറിയിക്കുകയെന്നാണ് കമ്പനികള്‍ ഇതിന് കാണുന്ന പ്രധാന തടസം. മുന്‍കാലങ്ങളില്‍ ടെലിഫോണും ഫാക്സും വഴി വില അറിയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി മിക്കയിടങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതോടെ ദൈനംദിന വില പരിഷ്കരണം വലിയ പ്രയാസമില്ലാതെ പ്രായോഗികമാക്കാമെന്നാണ് കമ്പനികളുടെ ധാരണ‍. രാജ്യത്ത് പെട്രോളിന്റെ വില നിയന്ത്രണം 2014 മുതലാണ് സര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. 2010 മുതല്‍ തന്നെ ഡീസല്‍ വില നിശ്ചിയിച്ചിരുന്നത് എണ്ണക്കമ്പനികള്‍ തന്നെയായിരുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വഴിയാണ് രാജ്യത്തെ 95 ശതമാനം ഇന്ധന വില്‍പ്പനയും ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അടുത്തിടെ ഈ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഇപ്പോള്‍ നാമമാത്ര മാര്‍ക്കറ്റ് വിഹിതമുള്ള റിലയന്‍സ്, എസ്സാര്‍, ഷെല്‍ തുടങ്ങിയ കമ്പനികള്‍ കൂടുതല്‍ സജീവമാവുകയും ചെയ്യും.

click me!